- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിമ്മിംങ് പൂളുള്ള ലംബോദരന് രണ്ടു മലകൾക്കിടയിലെ കേബിളിൽ തൂങ്ങി സഞ്ചരിക്കുന്ന സാഹസിക വിനോദത്തോടും വല്ലാത്ത താൽപ്പര്യം; വിഎസിന്റെ മൂന്നാർ ദൗത്യത്തിന് ശേഷം നൈജീരിക്ക് മുങ്ങിയ ലംബോദരൻ വീണ്ടും വിവാദത്തിൽ; വെള്ളത്തൂവലിലെ സിപ് ലൈനിൽ നിറയുന്നത് മണിയുടെ സഹോദരന്റെ സ്വാധീന ശക്തിയോ?
തൊടുപുഴ: എം.എം.മണി എംഎൽഎയുടെ സഹോദരൻ ലംബോദരന്റെ ഭാര്യയുടെ പേരിൽ വെള്ളത്തൂവൽ വില്ലേജിലെ ഇരുട്ടുകാനത്തു സിപ് ലൈൻ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു വിവാദം. കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രം അനുമതിയുള്ള ഭൂമിയിൽ സിപ് ലൈൻ പദ്ധതി കൊണ്ടുവരാൻ റവന്യു അധികൃതർ നിയമവിരുദ്ധമായി സഹായിച്ചുവെന്നാണ് ആരോപണം. സ്ഥിര നിർമ്മിതിയല്ലാത്തതിനാൽ റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം ആവശ്യമില്ലെന്നാണു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. അതിനിടെ നിയമാനുസൃതമായ രീതിയിൽ മാത്രമാണു പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് ലംബോദരൻ പ്രതികരിച്ചു.
1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചു നൽകിയ ഭൂമിയിൽ ദേശീയപാതയോടു ചേർന്നാണ് സാഹസിക ടൂറിസത്തിന്റെ ഭാഗമായ സിപ് ലൈൻ പദ്ധതി. രണ്ടു മലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കേബിളിൽ തൂങ്ങി സഞ്ചരിക്കുന്ന സാഹസിക വിനോദമാണ് സിപ് ലൈൻ. പദ്ധതിക്കു വെള്ളത്തൂവൽ പഞ്ചായത്തും ടൂറിസം വകുപ്പും അനുമതി നൽകിയിരുന്നു. എന്നാൽ, റവന്യു വകുപ്പ് വെള്ളത്തൂവൽ ഉൾപ്പെടെ 8 വില്ലേജുകളിൽ താൽക്കാലിക നിർമ്മിതികൾക്കു പോലും നിരാക്ഷേപ പത്രം നൽകാത്ത സാഹചര്യമാണ്. ഇതാണ് അട്ടിമറിക്കപ്പെടുന്നത്. 2018 ലെ പ്രളയത്തിൽ ഇതിനു സമീപമുള്ള സ്വകാര്യ ജലവൈദ്യുത പദ്ധതി പ്രദേശത്ത് ഉരുൾപൊട്ടി നാശനഷ്ടം ഉണ്ടായ മലയോടു ചേർന്നാണു നിർമ്മാണം നടന്നുവരുന്നത്.
തനിക്ക് 42 ഏക്കർ സ്ഥലമുണ്ടെന്ന് കരുതുന്ന വിഡ്ഢികൾ ഇപ്പോഴുമുണ്ട്. തന്റെ സമ്പാദ്യം 42 സെന്റും അഞ്ചുമക്കളുമാണെന്നും അവർക്ക് ശരിയായി വിദ്യാഭ്യാസം നൽകാൻപോലും കഴിഞ്ഞില്ലെന്നും പറയുന്ന നേതാവാണ് എംഎം മണി. എന്റെ അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു. ദാരിദ്ര്യംനിറഞ്ഞ ചുറ്റുപാടിൽനിന്നാണ് കുടുംബത്തോടൊപ്പം ഹൈറേഞ്ചിലേക്ക് കുടിയേറിയത്. പത്തുമക്കളിൽ മൂത്തയാളായിരുന്നു താൻ. ജീവിക്കാൻവേണ്ടിയാണ് ഇടുക്കിയിൽ എത്തിയത്. അന്ന് സർക്കാർ അനുവദിച്ച ഭൂമിയാണ് ഇപ്പോഴുള്ളത്. ആ ചരിത്രമൊന്നും ചാനൽ ചർച്ചയിൽ സംസാരിക്കുന്നവർ പറയുന്നില്ല-മണിയുടെ വിലാപങ്ങൾ കേരളം പലതവണ കേട്ടതാണ്.
എന്നാൽ മണിയുടെ സഹോദരൻ എം.എം. ലംബോദരനും മകൻ ലെജീഷിനും ഇടുക്കി ജില്ലയിൽ കോടികളുടെ ആസ്തിയെന്നതാണ് വസ്തുത. സിപിഎം രാജാക്കാട് മുൻ ഏരിയ സെക്രട്ടറിയാണു ലംബോദരൻ. രാജാക്കാട്ടെ പുലരി പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡയറക്ടർമാരായ ലംബോദരന്റെ ഭാര്യ സരോജിനിക്കും മകൻ ലെജീഷിനും കോടികളുടെ ആസ്തിയാണുള്ളത്. 2007ൽ മൂന്നാർ ദൗത്യസംഘം പിടിച്ചെടുത്തതിൽ ലംബോദരന്റെ സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നു. അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദൻ ലംബോദരനെതിരെ രൂക്ഷമായ പരാമർശങ്ങളാണു നടത്തിയത്. ചിന്നക്കനാലിലെ സർക്കാർ ഭൂമി വ്യാജ പട്ടയത്തിലൂടെ കൈവശപ്പെടുത്തിയ കേസിൽ ഒരു ഘട്ടത്തിൽ ലംബോദരനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രവും നൽകിയിരുന്നു.
ചിന്നക്കനാലിലെ സർക്കാർ ഭൂമി വ്യാജപട്ടയം ഉപയോഗിച്ച് കൈവശപ്പെടുത്തിയ കേസിലാണ് മണിയുടെ സഹോദരൻ എം.എം. ലംബോദരനും കുടുംബാംഗങ്ങൾക്കുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് 3 ഏക്കർ 98 സെന്റ് സർക്കാർ ഭൂമി, വ്യാജരേഖകൾ ചമച്ച് ലംബോദരനും മറ്റു പ്രതികളും കൈവശപ്പെടുത്തി എന്നാണ് മണി മന്ത്രിയായിരിക്കെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ചേട്ടൻ മന്ത്രിസ്ഥാനത്ത് നിന്ന് മാറിയിട്ടും അനുജന് സ്വാധീനം കുറയുന്നില്ല. ഇതാണ് പുതിയ പദ്ധതിയിലേക്ക് എത്തുന്നതെന്നാണ് സൂചന.
മന്ത്രി എംഎം മണിയുടെ സഹോദരൻ എംഎം ലംമ്പോദരൻ നൂറുകണക്കിന് ഏക്കർ ഭൂമി ഇടുക്കി ജില്ലയിൽ കയ്യേറിയതിന്റെ വിശദാംശങ്ങൾേ മറുനാടൻ മലയാളി നേരത്തെ പുറത്തു വിട്ടിരുന്നു. കുട്ടിക്കാലത്ത് ദാദിദ്രം കൊണ്ട് കഷ്ടപ്പെട്ടിരുന്ന ലംമ്പോദരൻ ഇന്ന് മൂന്നാറിലെ രാജാവാണ്. എന്ത് നടക്കണമെന്ന് തീരുമാനിക്കുന്ന ശക്തി. ഇടുക്കിയിലെ രാഷ്ട്രീയത്തിൽ കാൽനൂറ്റാണ്ടായി നിറയുന്ന ചേട്ടന്റെ സ്വാധീനക്കരുത്തിലാണ് ലംമ്പോദരൻ കോടീശ്വരനായതെന്നാണ് ആക്ഷേപം ശക്തമാണെന്നതാണ് വസ്തുത. ലംബോദരന്റെ സ്വത്തുക്കളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മറുനാടന് മുമ്പ് നടത്തിയ അന്വേഷണത്തിൽ മനസ്സിലായത്.
ചിന്നക്കനാൽ വേണാട്ട് 18 ഏക്കർ സർക്കാർ ഭൂമി കയ്യേറി ഏലത്തോട്ടം സ്ഥാപിച്ചു , ചിന്നക്കനാൽ പഞ്ചായത്തിൽ ഒന്നാം വാർഡിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ 11 ഏക്കർ സർക്കാർ ഭൂമി കയ്യേറി. ഇത് വ്യാജരേഖയാണെന്നും വിവരമുണ്ട്. ബൈസൻ വാലി പഞ്ചായത്തിൽ ചൊക്രമുടിയിൽ 100 ഏക്കർ സർക്കാർ ഭൂമി കയ്യേറി 50 ഏക്കറിൽ യൂക്കാലി നട്ടുപിടിപ്പിച്ചു. ബൈസൻ വാലി 20 ഏക്കർ എന്ന സ്ഥലത്ത് 80 ഏക്കർ സർക്കാർ ഭൂമി കയ്യേറി ഏലത്തോട്ടം നിർമ്മിച്ചതായുമുള്ള വിശദാംശങ്ങളുമാണ് പുറത്തു വന്നത്.
ബൈസൻവാലി 20 ഏക്കർ എന്ന സ്ഥലത്ത് 50 സെന്റിൽ 2 കോടിയോളം വിലമതിക്കുന്ന വീടാണ് ലംബോദരൻ പണിതുയർത്തിയിരിക്കുന്നത്. വീട്ടിൽ സ്വിമ്മിംങ് പൂൾ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മേഖലയാണിത്. 1980-85 കാലഘട്ടത്തിൽ സിപിഎം രാജാക്കാട് ഏരിയാ സെക്രട്ടറിയുമായിരുന്നു എംഎം ലംമ്പോദരൻ. 1998- 2000 കാലയളവിൽ പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിന്നു. പിന്നീട് ഗോകുലം ഗോപാലന്റെ കൂടെ ചേർന്ന ശ്രീ നാരായണ ധർമ്മവേദി രൂപീകരിച്ചു പ്രവർത്തിച്ചു. ഇതിനിടയിൽ എക്‌സപോർട്ടിംങ്ങ് ബിസിനസിനായി 20 പേരുടെ അടുത്ത് നിന്ന് 5 ലക്ഷം രൂപ വെച്ച് ഷെയർ വാങ്ങി. പണവും വാങ്ങി സ്ഥാപനം ആരംഭിച്ചില്ല. ഈ കാലത്താണ് വി എസ് അച്യൂതാനന്ദന്റ മൂന്നാർ ഓപ്പറേഷൻ ആരംഭിക്കുന്നത്.
ചൊക്രമുടി, ചിന്നക്കനാൽ, ഗ്യാപ്പ് റോഡിലെ കൈയേറ്റങ്ങളുടെ പേരിൽ ലംബോദരനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ലംബോദരൻ നൈജീരിയയ്ക്ക് പോയി. ചൊക്രമുടിയിൽ ഐഡ്യ അടക്കമുള്ള 3 കമ്പനികൾക്ക് മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് ലംബോദരൻ സൗകര്യം ചെയ്ത് നൽകുകയായിരുന്നു. മാസം തോറും വലിയ തുക ടവർ സ്ഥാപിച്ചതിന്റെ സ്ഥല വാടകയും ഇയാൾ കമ്പനികളിൽ നിന്ന് കൈപ്പറ്റിയിരുന്നു. മൊബൈൽ സേവന ദാതാക്കളുടെ ടവറുകൾ പൊളിച്ചുനീക്കിയാണ് മൂന്നാർ 2007 ൽ ദൗത്യം ആരംഭിച്ചത്. 2 വർഷത്തിന് ശേഷമാണ് മടങ്ങിയെത്തിയത്.
മടങ്ങിയെത്തിയ ലംബോദരൻ കൃഷിക്കാരുടെ സംഘടന രൂപീകരിച്ചു. എസ്‌പി.സിയിലേക്ക് ചേരുന്നതിനുള്ള മെമ്പർഷിപ്പ് ഫീ ആയിരം രൂപയായിരുന്നു. എസ്‌പി.എ എന്ന പേരിൽ വളക്കമ്പനി തുടങ്ങി. അത് പിരിഞ്ഞതിന് ശേഷമാണ് 2010 ൽ പുലരി എന്റെർപ്രൈസസ് ആരംഭിക്കുന്നത്. എം.എം മണി എന്ന തൊഴിലാളി നേതാവ് കുട്ടിക്കാലം ദാരിദ്രം നിറഞ്ഞതായിരുനനു. കിടങ്ങൂർ എൻ എസ് എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനമ്മമാർക്കൊപ്പം ഹൈറേഞ്ചിൽ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ചെറുപ്രായത്തിൽ തന്നെ ജോലിചെയ്തു ജീവിക്കേണ്ടിവന്നു. തോട്ടത്തിൽ കൂലിവേല ചെയ്തു വളർന്നു,
പിന്നീട് അവർക്കിടയിൽ നിന്ന് കർഷക തൊഴിലാളി നേതാവായി. 1966 ൽ ഇരുപത്തിയൊന്നാം വയസ്സിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1970 ൽ ബൈസൺവാലി, 1971 ൽ രാജാക്കാട് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ൽ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ടുതവണ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി. സഖാവിനൊപ്പം പാർട്ടിപ്രവർത്തനത്തിൽ സജീവമായിരിക്കുകയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരെയാവുകയും ചെയ്ത സഹോദരൻ എം എം ലംബോധരൻ പിന്നീട് പാർട്ടി വിട്ട്, റിയൽ എസ്റ്റേറ്റ് ബിസിനസ് ഉൾപ്പെടെ പലതരം കച്ചവടങ്ങളിലൂടെ സമ്പന്നനാവുകയായിരുന്നു. മണിയുടെ രാഷ്ട്രീയകരുത്ത് തന്നെയാണ് ലംബോധരന്റെ ഈ വളർച്ചയ്ക്ക് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ