- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടകംപള്ളിയുടെ ഖേദപ്രകടനം വിഡ്ഢിത്തം; മാപ്പു പറയാൻ ആരേയും സിപിഎം ചുമതലപ്പെടുത്തിയിട്ടില്ല; കേരളത്തിലെ മന്ത്രിമാർ പറയുന്നതല്ല ശബരിമല വിഷയത്തിലെ ഇടതു നയമെന്ന് ആനിരാജ പറഞ്ഞതിൽ സത്യമുണ്ട്; കടകംപള്ളിയെ തിരുത്താൻ പരിശോധനകളെന്ന് യെച്ചൂരിയും; ശബരിമലയിൽ നവോത്ഥാനത്തിന് ഒപ്പമെന്ന സൂചന നൽകി എംഎം മണി; വീണ്ടും വിശ്വാസ ചർച്ച
നെടുങ്കണ്ടം: ശബരിമലയിൽ സിപിഎം നയം നവോത്ഥാനമെന്ന ചർച്ച സജീവമാക്കി വീണ്ടും വൈദ്യുത മന്ത്രി എംഎം മണി. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വിഡ്ഢിത്തമെന്ന് മന്ത്രി എം.എം. മണി പറയുന്നു. വിഷയത്തിൽ മാപ്പുപറയാൻ സിപിഎം. ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടത്ത് സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് എം.എം. മണിയുടെ വിമർശനം ഫലത്തിൽ നവോത്ഥാനത്തിന് വേണ്ടി നിലകൊണ്ട സർക്കാരിന് ഒരു തെറ്റും സംഭവിച്ചില്ലെന്നും വ്യക്തമാക്കുന്നു. .
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ അന്നുപറ്റിയത് വിഡ്ഢിത്തമാണെന്ന് പറയാൻ ആർക്കാണ് അധികാരം. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ സിപിഎമ്മിന് ഉത്തരവാദിത്വമില്ല. ബുദ്ധിമോശംകൊണ്ടാണ് കടകംപള്ളി അത്തരം പ്രസ്താവന നടത്തിയത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാർട്ടിനയമെന്നും എം.എം. മണി വ്യക്തമാക്കി. കേരളത്തിലെ മന്ത്രിമാർ പറയുന്നതല്ല ശബരിമലവിഷയത്തിലെ ഇടതുനയമെന്ന സിപിഐ. നേതാവ് ആനിരാജ പറഞ്ഞതിൽ ശരിയുണ്ട്. ഈ വിഷയത്തിൽ ഇടതുമുന്നണിക്ക് ഒരുനിലപാടുണ്ടെന്നും സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ എം.എം. മണി പറഞ്ഞു. നവോത്ഥാനമാണ് ഇടത് നയമെന്നായിരുന്നു ആനി രാജ പറഞ്ഞിരുന്നത്. ഇതോടെ സുപ്രീംകോടതി വിധിയാകും ഇടതു മുന്നണി അംഗീകരിക്കുകയെന്ന് വ്യക്തമാക്കുകയാണ് മണി.
ശബരിമല വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളിപ്പറഞ്ഞ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നേരത്തെ രംഗത്ത് വന്നിരുന്നു. മന്ത്രിയുടെ ഖേദപ്രകടനം പാർട്ടി പരിശോധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ഖേദപ്രകടനം വിഡ്ഢിത്തമെന്നു മന്ത്രി എം.എം.മണി പറഞ്ഞു. കടകംപള്ളിയെ തള്ളി സിപിഐ നേതാവ് ആനി രാജ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണു മണിയുടെ വിശദീകരണം. ഇതേസമയം, വിശ്വാസികളുടെ വികാരമാണു മന്ത്രി പ്രകടിപ്പിച്ചതെന്നു പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പ്രതികരിച്ചു.
'ശബരിമല വിഷയത്തിൽ തെറ്റു പറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം മുഖ്യമന്ത്രിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കും. കടകംപള്ളി എന്തു കൊണ്ട് അങ്ങനെ പറഞ്ഞു എന്നതാണു പരിശോധിക്കുക. ഖേദപ്രകടനത്തിൽ വിശദീകരണം തേടുമെന്നു മുഖ്യമന്ത്രി ഇതിനകം വ്യക്തമാക്കിയ സാഹചര്യത്തിൽ ജനറൽ സെക്രട്ടറിയായ ഞാൻ എന്തു പറയാനാണ്? സുപ്രീം കോടതിയിലെ സത്യവാങ്മൂലം തിരുത്തുമോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. കഴിഞ്ഞതു കഴിഞ്ഞു, ഇനി അന്തിമ വിധിക്കു കാത്തിരിക്കണം. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ച വേണ്ട'-ഇതാണ് യെച്ചൂരിയുടെ നിലപാട്. 'ശബരിമല വിഷയത്തിൽ സിപിഎമ്മിൽ ആശയക്കുഴപ്പമില്ല. കടകംപള്ളിയുടെ ഖേദപ്രകടനത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും എ വിജയരാഘവനും പറഞ്ഞിരുന്നു.
എന്നാൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ പ്രസ്താവന കടകംപള്ളിക്ക് അനുകൂലമായിരുന്നു. 'മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതു വിശ്വാസികളുടെ വികാരം. ശബരിമലയിൽ ലിംഗസമത്വമാണോ വിശ്വാസമാണോ വേണ്ടത് എന്നതിനെക്കുറിച്ചു സുപ്രീം കോടതിയാണു തീരുമാനിക്കേണ്ടത്. ഞാൻ നിരീശ്വരവാദിയാണ്. വിശ്വാസികളുടെ പ്രശ്നം, ആരാധനാ സ്വാതന്ത്ര്യം എന്നിവ സംരക്ഷിച്ചു മാത്രമേ സർക്കാർ മുന്നോട്ടു പോകൂ. വിശ്വാസികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ഞാൻ എന്നും നിങ്ങൾക്കു മുന്നിലുണ്ടാകും. ഏറ്റവും കൂടുതൽ വിശ്വാസികൾക്കൊപ്പം ചേർന്നു നിൽക്കുന്നത് സിപിഎമ്മായിരിക്കും-വൃന്ദാ കാരാട്ട് പറയുന്നു.
ശബരിമല സ്ത്രീ പ്രവേശവിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി സിപിഐ. അഖിലേന്ത്യാ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനിരാജ നേരത്തെ ചർച്ചകൾക്ക് പുതുമാനം നൽകിയിരുന്നു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധി ലിംഗസമത്വവുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഇടതുപക്ഷ നിലപാട് മാറില്ല. വിധിയെ ആദ്യം സ്വാഗതംചെയ്തത് അമിത് ഷായും രാഹുൽ ഗാന്ധിയുമാണ്. ഇരുവരും അതിൽ മാറ്റംവരുത്തി- ആനിരാജ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ