ഇടുക്കി: തുടർച്ചയായ രണ്ടാംവർഷവും മന്ത്രി മണിക്ക് അബദ്ധം പറ്റി. ഇത്തവണയും കലോത്സവത്തെ കായികമേളയാക്കി മന്ത്രി എം.എം.മണിയുടെ പ്രസംഗം. കലോത്സവത്തിന്റെ രണ്ടാംദിനം പ്രധാനവേദിയിലെത്തിയ മന്ത്രി 'പ്രിയപ്പെട്ട... ബഹുമാനപ്പെട്ട കായികതാരങ്ങളേ...' എന്ന് അഭിസംബോധനചെയ്താണ് തുടങ്ങിയത്. ജനുവരിയിൽ തൊടുപുഴ ജയ്റാണി സ്‌കൂളിൽ നടന്ന റവന്യൂജില്ലാ കലോത്സവത്തിൽ കായികമേള എന്നുകരുതി മന്ത്രി സംസാരിച്ചതു വാർത്തയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മന്ത്രി കല്ലാർ ജി.എച്ച്.എസ്.എസിലെ പ്രധാനവേദിയിൽ എത്തുന്നത്. കലാപ്രതിഭകളെ അനുമോദിക്കാനായി വേദിയിലേക്കു ക്ഷണിച്ചപ്പോൾ മന്ത്രിയുടെ നാക്കുപിഴയ്ക്കുകയായിരുന്നു. കായികതാരങ്ങളേ എന്നുപറഞ്ഞ് തുടങ്ങിയെങ്കിലും പിന്നീട് മത്സരങ്ങളിലെ ജയപരാജയങ്ങളെക്കുറിച്ചാണ് മന്ത്രി സംസാരിച്ചത്. കലോത്സവത്തിന് ഉദ്ഘാടകനായി മണിയെയാണു നിശ്ചയിച്ചതെങ്കിലും ആദ്യദിനം ചടങ്ങിനെത്തിയില്ല. ഇതിനു പകരമായാണ് മണി ഇന്നലെ വേദിയിലെത്തിയത്.

കഴിഞ്ഞ അധ്യയന വർഷവും ഇടുക്കി റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം.മണിക്ക് കായികമേളയും കലോത്സവവും തമ്മിൽ മാറിപ്പോയിരുന്നു. കായികമാമാങ്കത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടാണു മന്ത്രി മണി ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. ''പി.ടി.ഉഷ, ഷൈനി ഏബ്രഹാം, പ്രീജ ശ്രീധരൻ തുടങ്ങിയ അപൂർവം ചിലരുണ്ടായതൊഴിച്ചാൽ കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണ്. ആഫ്രിക്കൻ രാജ്യങ്ങൾ പോലും കായികരംഗത്ത് സ്വർണം വാരിക്കൂട്ടുമ്പോൾ ഇന്ത്യയ്ക്ക് വല്ല ഓടോ, വെങ്കലമോ കിട്ടിയാൽ കിട്ടിയെന്നു പറയാം. അമേരിക്ക, ചൈന, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കായികരംഗത്ത് ലോകത്ത് അഭിമാനമായി ഉയർന്നു നിൽക്കുമ്പോൾ ഇന്ത്യയുടെ സംഭാവന ഏറെ പിന്നിലാണ്. മണിയുടെ പ്രസംഗം ഇങ്ങനെ നീണ്ടപ്പോൾ സദസ്സിലും വേദിയിലും ഉള്ളവർ ആശയക്കുഴപ്പത്തിലായി.

വൈകാതെ കാര്യം മനസ്സിലാക്കിയ മണി കലോൽസവത്തെപ്പറ്റി സംസാരം തുടങ്ങി. ഇതും അധികം നീണ്ടു നിന്നില്ല. വീണ്ടും കായികമേഖലയെക്കുറിച്ചുതന്നെയായി പ്രസംഗം. കായികോൽസവങ്ങൾക്കായി സംസ്ഥാന സർക്കാർ 10,45,000 രൂപ മാറ്റിവച്ചിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി വീണ്ടും കലാരംഗത്തേക്കു വന്നു. ഇത്തരം കലാമാമാങ്കത്തിലൂടെയാണ് എല്ലാവരും അറിയുന്ന വലിയ താരങ്ങളായിരിക്കുന്നതെന്നും അതിനാൽ കലാമാമാങ്കത്തിലൂടെ വലിയ പ്രതിഭകൾ ഉയർന്നു വരട്ടയെന്നും ആശംസിച്ചാണ് മന്ത്രി അന്ന് പ്രസംഗം അവസാനിപ്പിച്ചത്.

ഇത് സോഷ്യൽ മീഡിയയിലും മറ്റും വലിയ ചർച്ചയാവുകയും ചെയ്തു. ഇതേ അബദ്ധമാണ് ഇത്തവണയും സംഭവിച്ചത്. എന്നാൽ ഇത്തവണ പരിധി വിട്ടു പോയില്ല.