- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിദ്ദിഖിന്റെ ആവശ്യപ്രകാരം കേശവദാസപുരത്ത് കണ്ടത് പാർട്ടിക്കാരെ! വെളിനെല്ലൂരിലെ പ്രതിഷേധത്തിന് മുന്നിൽ നിന്ന നേതാവിനെ തകർക്കാൻ കോഴ പരാതി; സാക്ഷിയായി കെ എസ് യു നേതാവും; നസീറിനെ കുറ്റവിമുക്തനാക്കി പാർട്ടി കമ്മീഷനും; കോൺഗ്രസിൽ പൊട്ടിത്തെറിയായി വെളിനെല്ലൂരിലെ സമരം
കൊല്ലം : വെളിനല്ലൂരിൽ കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ സമരം പിൻവലിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി കോഴ വാങ്ങിയെന്ന പരാതിയിൽ പൊലീസ് കേസെടുക്കുമ്പോൾ അത് കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുന്നു. കോൺഗ്രസ് നേതാവ് എം എം നസീർ പണം വാങ്ങി എന്നാണ് പരാതിയിൽ കെപിസിസി സമിതിയുടെ അന്വേഷണ റിപ്പോർട്ട് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. നസീറിന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നാണ് കെപിസിസി അന്വേഷണ സമിതിയുടെ കണ്ടെത്തൽ. പഴകുളം മധുവാണ് വെളിനല്ലൂരിൽ അന്വേഷണം നടത്തിയത്.
അതിനിടെ നസീറിനെതിരെ കമ്പനിയുടെ ഉടമ നൽകിയ പരാതിയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. കോൺഗ്രസ് നേതാവ് എം എം നസീർ പണം വാങ്ങി എന്നാണ് പരാതി. ഐപിസി 420, 506 (1) വകുപ്പുകൾ പ്രകാരം വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. എന്നാൽ ഈ ആരോപണം വ്യാജമാണെന്ന് നസീർ പറയുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖിന്റെ നിർദ്ദേശ പ്രകാരമാണ് താൻ അവരെ കണ്ടതെന്നാണ് നസീറിന്റെ കെപിസിസിക്ക് നൽകുന്ന വിശദീകരണം. കോൺഗ്രസുകാരനായ കമ്പനി ഉടമയുമായി സംസാരിക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടുവെന്നാണ് ഉയരുന്ന സൂചന.
വിശാല ഐ ഗ്രൂപ്പിലെ കൊല്ലം ജില്ലയിലെ പ്രധാനിയാണ് നസീർ. ചടയമംഗലത്ത് മത്സരിക്കുകയും ചെയ്തു. തോറ്റെങ്കിലും മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചലനമുണ്ടാക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരെ സമരം വരുന്നത്. നാട്ടുകാരുടെ പ്രതിഷേധം കോൺഗ്രസ് ഏറ്റെടുത്തു. മുന്നിൽ നിന്ന് നയിക്കാൻ നസീർ തയ്യാറാവുകയും ചെയ്തു. സിപിഎം ഭരണ സമിതിയാണ് ഇവിടെ അധികാരത്തിലുള്ളത്. സിപിഎമ്മും സിപിഐയും പ്ലാന്റിന് അനുകൂലമാണെന്നാണ് നാട്ടുകാരുടെ നിലപാട്.
ഇതിനിടെയാണ് സമരം അവസാനിപ്പിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ 15 ലക്ഷം രൂപ കോഴ ചോദിച്ചെന്നും കേശവദാസപുരത്ത് വെച്ച് തന്റെ ബിസിനസ് പങ്കാളികൾ 5 ലക്ഷം രൂപ എം എം നസീറിന് കൈമാറിയെന്നും ആരോപിച്ച് നൈസ് അപ്പ് ഓർഗാനിക് പ്രോഡക്റ്റ് കമ്പനി ഉടമ ഷജിൽ പൊലീസിനു പരാതി നൽകിയത്. പണം കൈമാറുന്നതിന് കെഎസ്‌യു സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവനും സാക്ഷിയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം ആറിനു രാത്രി 9.30 തോടെ തിരുവനന്തപുരം കേശവദാസപുരത്ത് കാറിനുള്ളിലാണ് അഞ്ചുലക്ഷം രൂപ കൈമാറിയത്. കമ്പനിയുടെ പങ്കാളികളിൽ ഒരാളായ അബ്ദുൽ സമദാണ് പ്ലാന്റിനെതിരായ സമരം അവസാനിപ്പിക്കാമെന്ന ഉറപ്പിന്മേൽ പണം കൈമാറിയതെന്നും ഷജിലാലിന്റെ പരാതിയിൽ പറയുന്നു. ആരോപണത്തിനു പിന്നിൽ സിപിഎം എന്ന നിലപാടിലാണ് എം എം നസീർ. പണം വാങ്ങിയിട്ടില്ലെന്നും നസീർ പറയുന്നു. ഇതിനൊപ്പമാണ് കോൺഗ്രസിലെ ഒരുവിഭാഗത്തിനെതിരേയും ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ സജീവമാക്കുന്നത്.
കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ സങ്കീർണ്ണമാക്കി മുളയിറച്ചാൽ കോഴിമാലിന്യ പ്ലാന്റിന് എതിരായ സമരത്തെ കുറിച്ച് ഈ മാസം ഒന്നിന് മറുനാടൻ വിശദ വാർത്ത നൽകിയിരുന്നു. പ്ലാന്റിനെതിരെ ചടയമംഗലത്തെ കോൺഗ്രസുകാർ ഉറച്ച നിലപാട് എടുത്തിരുന്നു. സമരത്തിന് മുന്നിൽ നിന്ന നസീറിനെ കൊല്ലുമെന്ന ഭീഷണിയും അന്ന് കോൺഗ്രസിൽ ചർച്ചയായിരുന്നു. കോൺഗ്രസിൽ നിന്ന് തന്നെയുള്ള ഭീഷണിയിൽ പാർട്ടി അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നസീറിനെതിരായ പരാതിയും പൊലീസ് കേസും. പാർട്ടിക്കും പരാതി കിട്ടിയിട്ടുണ്ട്.
കോൺഗ്രസ് വെളിനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാന്റിനെതിരെ സമരവും തുടങ്ങിയിരുന്നു. സ്ഥാപനത്തിന് അനുമതി നൽകരുതെന്ന് ഐഎവൈഎഫ് ഉൾപ്പെടെ വിവിധ സംഘടനകൾ ആവശ്യപ്പെടുകയും ചെയ്തു. പഞ്ചായത്ത് അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തെറ്റിധരിപ്പിച്ചാണ് സ്ഥാപനത്തിന് അനുമതി കൊടുത്തതെന്നാണ് പരാതി. സിപിഎമ്മിനാണ് പഞ്ചായത്ത് ഭരണം. ഈ സാഹച്യത്തിലാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം അതിശക്തമായി രംഗത്ത് എത്തിയതും സമരം ഏറ്റെടുത്തതും.
ചടയമംഗത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ എംഎം നസീറാണ് സമരത്തെ മുന്നിൽ നിന്ന് നയിച്ചത്. ചടയമംഗലത്ത് കൂടുതൽ കരുത്തോടെ പ്രവർത്തിക്കുന്നതിന്റെ ഭാഗമായി നസീർ വിഷയത്തിൽ ഇടപെട്ട എന്നതാണ് വസ്തുത. ഇതോടെയാണ് പ്രശ്നങ്ങൾ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ തുടങ്ങിയത്. വയനാട്ടിൽ ഇത്തരത്തിൽ പ്ലാന്റ് നടത്തുന്ന കോൺഗ്രസ് ബന്ധമുള്ള ആളായിരുന്നു ഈ പ്ലാന്റിനും പിന്നിൽ. ഇതോടെ കൊല്ലത്തെ ചില കോൺഗ്രസുകാർ പ്ലാന്റിന് ഒപ്പം കൂടി. നസീറിന് ഭീഷണിയും വന്നു.
പ്ലാന്റിനെതിരെ നിലയുറപ്പിച്ച നസീറിനെ അനുനയത്തിൽ വീഴ്‌ത്തനായിരുന്നു ആദ്യ ശ്രമം. ഇത് പൊളിഞ്ഞതോടെ ഭീഷണിയായി. കൊല്ലുമെന്നും കൈക്കൂലി ചോദിച്ചെന്ന് പ്രചരിപ്പിക്കുമെന്നും ഭീഷണി എത്തി. ഇതോടെ കെപിസിസി അധ്യക്ഷൻ കെ സുധാകരന് നസീർ പരാതി നൽകി. ഇതിൽ അന്വേഷണത്തിന് കൊല്ലം ജില്ലയുടെ ചുമതല കൂടിയുള്ള നേതാവിനെ തന്നെ ചുമതലപ്പെടുത്തി. ഈ നേതാവ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തിയെന്നാണ് സൂചന. പ്രദേശത്തെ പാർട്ടിക്കാരുടെ വികാരം നസീറിനൊപ്പമാണ്. സമരവുമായി മുമ്പോട്ട് പോകണമെന്നാണ് കെപിസിസി അന്വേഷണ കമ്മീഷൻ നിലപാടും. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം.
ചടയമംഗലത്ത് മത്സരിച്ചു തോറ്റെങ്കിലും ഇവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു നസീറിന്റെ തീരുമാനം. കരുനാഗപ്പള്ളിയിൽ സി ആർ മഹേഷ് നടത്തിയതിന് സമാനമായ ഇടപെടൽ ആയിരുന്നു മനസ്സിൽ. ഇതിനിടെയാണ് മുളയിറച്ചാലിലെ പ്രശ്നം ഉയർന്നു വന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസിനെ താഴെ തട്ടിൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ അതിശക്തമായി നസീർ ഇടപെടുകയായിരുന്നു. ഇതാണ് പ്ലാന്റുകാരെ പിന്തുണയ്ക്കുന്ന കോൺഗ്രസുകാരെ ശത്രുവാക്കിയത്. ഭീഷണി കടുത്തതോടെ കെപിസിസിക്ക് പരാതി കൊടുക്കുകയായിരുന്നു നസീർ.
ഉമ്മൻ ചാണ്ടിക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന നേതാവാണ് നസീറിനെ ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഇയാൾക്കെതിരെ നിരവധി പരാതികൾ മുമ്പും ഉയർന്നിട്ടുണ്ട്. യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ് കോഴി മാലിന്യ പ്ലാന്റിനെതിരെ കോൺഗ്രസ് സമരത്തിന് ഇറങ്ങിയത്. പ്രദേശവാസികളുടെ അഭിപ്രായം തേടാതെ വ്യാജ തെളിവുകൾ ഉണ്ടാക്കി നേടിയ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ പെർമിറ്റ് നൽകിയ പഞ്ചായത്ത് എത്രയും വേഗം അത് റദ്ദ് ചെയ്യണമെന്ന് നസീറിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. മുളയിറച്ചാൽ ഒരു മാലിന്യകൂമ്പാരം ആക്കാൻ കോൺഗ്രസ് പാർട്ടി ഒരിക്കലും അനുവദിക്കില്ല എന്നും. വ്യക്തമാക്കിയിട്ടുണ്ട്.
വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാലിലാണ് സ്വകാര്യസ്ഥാപനത്തിന് പഞ്ചായത്ത് അനുമതി നൽകിയത്. കോഴി മാലിന്യം സംസ്‌കരിച്ച് ഇവിടെ നിന്ന് മൃഗങ്ങൾക്ക് ഭക്ഷ്യയോഗ്യമായ വസ്തുക്കൾ തയാറാക്കുന്നതാണ് പദ്ധതി. നിർമ്മാണപ്രവൃത്തികൾ തുടരുകയാണ്. ജനവാസമേഖലയോട് ചേർന്ന ഇത്തരം സ്ഥാപനങ്ങൾ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. കെട്ടിടം നിർമ്മിക്കാൻ അനുമതി കൊടുത്തെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. വയനാട്ടിലെ മുട്ടിൽ ഗ്രാമപഞ്ചായത്തിൽ ഇതേരീതിയിൽ പ്ളാന്റ് പ്രവർത്തിക്കുന്നതായാണ് പഞ്ചായത്ത് ഭരണസമിതി സാക്ഷ്യപ്പെടുത്തുന്നത്. കൊല്ലം എംപി കൂടിയായ എൻകെ പ്രേമചന്ദ്രൻ നേരിട്ടെത്തിയാണ് സമരത്തിന് യുഡിഎഫ് തുടക്കമിട്ടത്.
മറുനാടന് മലയാളി ബ്യൂറോ