- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനത്തിന് ശേഷം വീട്ടിലേക്ക് പോകുംവഴി വീണ്ടും മദ്യം വാങ്ങുന്നതിനെ ചൊല്ലി തർക്കം; വാറ്റു വേണോ ബ്രാണ്ടി വേണോ എന്നതിൽ തർക്കം മൂത്തപ്പോൾ ബൈക്കിന്റെ ഷോക്ക് അപ്സോർബറിന് റോയിയുടെ തലയ്ക്കടിച്ചു; ബിബിലിന്റെ വെളിപ്പെടുത്തൽ വിശദമായി പരിശോധിക്കാൻ പൊലീസ്
അടിമാലി: കൂട്ടുകാരുമൊത്തുള്ള മദ്യപാനത്തിന് ശേഷം വീട്ടിലേയ്ക്ക് പുറപ്പെടും വഴി 'പറ്റ് ' മൂപ്പിക്കാൻ വീണ്ടും മദ്യം വാങ്ങുന്നതിനെച്ചൊല്ലി ആരംഭിച്ച തർക്കമാണ് മാങ്കുളത്ത് മധ്യവയസ്ക്കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ കാരണമായതെന്ന് പൊലീസ്. ശേവൽകൂടി വരിക്കയിൽ റോയി (58) ആണ് വ്യാഴ്ാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ശേവൽകൂടി കണ്ടത്തിൽ ബിബിൽ വിൽസനെ(28) മൂന്നാർ പൊലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലയിലേയ്ക്ക് നയിച്ച കാര്യ-കാരണങ്ങളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
ബിബിൽ പൊലീസിന് നൽകിയ പൊലീസിന് കൈമാറിയ വിവരം ഇങ്ങനെ: രണ്ട് ആടിനെയും വാങ്ങി, മദ്യവും പാചകത്തിനുള്ള സാധന-സാമഗ്രികളും കൈയിൽക്കരുതി രാവിലെ കുവൈറ്റ് സിറ്റിയിലേയ്ക്ക് പുറപ്പെട്ടു. ഇവിടെ എത്തി ഒരാടിനെ കശാപ്പുചെയ്ത് പാകം ചെയ്തു. ഇതിനിടയിൽ മദ്യപാനവും തുടങ്ങി. ഇടയ്ക്ക് റോയിയും താനുമായി വാക്കുതർക്കം ഉണ്ടാവുകയും അടിയുടെ വക്കുവരെയെത്തുകയും ചെയ്തു. സുഹൃത്തുക്കൾ ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. കൂടിച്ചേരലിന് ശേഷം രാത്രി തിരച്ചുവരും വഴി തന്നെയും റോയിയെയും വീടിനടുത്തുള്ള റോഡിൽ ഇറക്കിവിട്ട് കൂട്ടുകാർ മടങ്ങി.
വീട്ടിലേയ്ക്ക് നടക്കും വഴി കിക്ക് പോരെന്ന് തോന്നിയതിനാൽ ഒരു കുപ്പി മദ്യംകൂടി വാങ്ങിക്കാമെന്ന് തങ്ങൾ തീരുമാനിച്ചു. പിന്നെ വാറ്റു വേണമോ ബ്രാണ്ടി വേണമോ എന്ന കാര്യത്തിൽ തർക്കമായി. കുറച്ചുനേരം റോഡിൽ നിന്ന് ഈ വിഷയത്തിൽ ഒച്ചപ്പാടുണ്ടായി. താൻ പറഞ്ഞ കാര്യത്തിൽ റോയി എതിർപ്പ് കടുപ്പിച്ചതോടെ നിയന്ത്രണം വീട്ടു. ദേഷ്യത്തിൽ സമീപത്തെ ആക്രിക്കടയിൽ നിന്നും ബൈക്കിന്റെ ഷോക്ക് അപ്സോർബർ എടുത്ത് റോയിയുടെ തലയ്ക്കടിച്ചെന്നും തുടർന്ന് സ്ഥലംവിട്ടുവെന്നും കൂട്ടുകാർ പറഞ്ഞപ്പോഴാണ് മരണം അറിയുന്നതെന്നും ബിബിൽ പൊലീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബിബിലിന്റെ ഈ വെളിപ്പെടുത്തൽ ശരിയാണോ എന്ന് സ്ഥിരീകരിക്കാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ ദിവസം മദ്യപാനത്തിനെത്തിയ ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മാങ്കുളം കുവൈറ്റ് സിറ്റി മദ്യപാനികളുടെ സങ്കേതമായിരുന്നെന്നാണ് പ്രദേശവാസികളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. മൂന്നാർ പൊലീസ് സ്റ്റേഷനിൽ നിന്നും 50 കിലോമീറ്റർ ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
സമീപത്ത് വനമേഖലയായതിനാൽ എന്ത് ഒച്ചപ്പാടുണ്ടായാലും പുറത്തറിയുന്നതിന് സാധ്യതയില്ലെന്നുള്ളതാണ് പ്രദേശം മദ്യപാനികളുടെ താവളമാവാൻ കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
രാത്രി 10 മണിയോടെ പാതയോരത്ത് രക്തം വാർന്ന നിലയിൽ കണ്ട റോയിയെ സമീപവാസികൾ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൂന്നാർ പൊലീസ് മേൽനടപടി സ്വീകരിച്ചു.
മറുനാടന് മലയാളി ലേഖകന്.