രേ അമ്മയുടെ വയറ്റിൽ പിറന്ന് ഒരേ സാഹചര്യത്തിൽ വളർന്ന് സോമാലിയയിൽ നിന്നും ബ്രിട്ടനിലെത്തിയവരാണ് മോ ഫറാഫും അനിയൻ അഹമ്മദ് ഫറാഹും. എന്നാൽ ഇതിൽ ചേട്ടൻ ബ്രിട്ടനിലെ മുൻനിര അത്ലറ്റും റിയോ ഒളിമ്പിക്സ് നായകനുമായി ഉയർന്ന് രാജ്യത്തിന്റെ ആവേശമായപ്പോൾ അനിയനായ അഹമ്മദ് ജയിലിലാണ്.

കാൽ നൂറ്റാണ്ട് മുമ്പ് സോമാലിയയിലെ കൊടും പട്ടിണിയിൽ നിന്നുമാണ് ഇരുവരും ബ്രിട്ടനിലേക്ക് കുടിയേറിയിരുന്നത്. അഹമ്മദിനെ സോമാലിയയിലേക്ക് നാട് കടത്തിയേക്കുമെന്നാണ് സൂചന. നടന്ന റിയോ ഒളിമ്പിക്സിലെ ബ്രിട്ടന്റെ ജേതാക്കൾ മാഞ്ചസ്റ്റളിലും ലണ്ടനിലും ഈ മാസം അവസാനം പരേഡുകൾ നടത്തുമ്പോൾ അതിനെ നയിക്കുന്നത് മോ ഫറാഹ് ആയിരിക്കും. കുട്ടികളായിരുന്നപ്പോൾ ഇരു സഹോദരന്മാരും 1991ലായിരുന്നു ബ്രിട്ടനിലെത്തിയിരുന്നത്.

ജയിലിൽ കഴിയുന്ന അഹമ്മദിന് ഇപ്പോൾ 27 വയസാണുള്ളത്. ബ്രിട്ടനിലേക്ക് വരുമ്പോൾ അയാൾക്ക് രണ്ട് വയസും മോയ്ക്ക് എട്ട് വയസുമായിരുന്നു.അത്ലറ്റിക്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച മോ പിന്നീട് ബ്രിട്ടന്റെ അഭിമാനവും ഇവിടുത്തെ ബഹുസംസ്‌കാരത്തിന്റെ പ്രതീകവുമായി ഉദിച്ചുയരുകയായിരുന്നു. നിലവിൽ യുഎസിലാണ് മോ ഭാര്യക്കും നാല് കുട്ടികൾക്കുമൊപ്പം താമസിക്കുന്നത്. പരസ്യങ്ങളിൽ അഭിനയിച്ച് നല്ല പോല സമ്പാദിക്കാനും മോ സമയം കണ്ടെത്തുന്നുണ്ട്. എന്നാൽ സഹോദരനായ അഹമ്മദ് സ്‌കൂൾ പഠനം കഴിഞ്ഞ പാടെ ഒരു വെയർഹൗസിൽ ജോലിക്ക് കയറുകയായിരുന്നു.

2011ൽ വെസ്റ്റ് ലണ്ടനിലെ സൗത്താളിൽ വച്ച് നടന്ന കത്തിക്കുത്തിൽ ഭാഗഭാക്കായെന്ന് ആരോപിച്ച് ജയിലിലായതോടെയാണ് അഹമ്മദിന്റെ ജീവിതം മാറി മറിഞ്ഞത്. തെറ്റായ ആരോപണത്തിന്റെ പേരിലായിരുന്നു ഇയാളെ ജയിലിലിട്ടതെന്നും റിപ്പോർട്ടുണ്ട്. നാലര വർഷത്തെ തടവിനാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.പിന്നീട് മോചിപ്പിക്കപ്പെട്ടെങ്കിലും ഫുൾ ബ്രിട്ടീഷ് സിറ്റിസൺഷിപ്പ് ലഭിക്കാത്തതിനാൽ അഹമ്മദ് സോമാലിയയിലേക്ക് നാടു കടത്തൽ ഭീഷണി നേരിടുന്നുണ്ട്. താനൊരു ഭാഗ്യം കെട്ട മനുഷ്യനാണെന്നും താൻ തെറ്റുകളുടെ ഒരു നരകം തീർത്തുവെന്നും ഇപ്പോൾ തന്റെ ജീവിതം വച്ച് കളിക്കുയാണെന്നും അഹമ്മദ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

തന്റെ ജീവിതരീതി മോശമാണെന്നും ഹൈപ്പർആക്ടീവ് ആണെന്നുമാണ് അഹമ്മദ് വെളിപ്പെടുത്തുന്നത്. താൻ മദ്യപിക്കാറുണ്ടെന്നും ഇയാൾ സമ്മതിക്കുന്നു.തനിക്ക് പറ്റിയ പിഴവുകൾ ഇനി ആവർത്തിക്കില്ലെന്നും ജയിൽ തന്നെ ഒരു മികച്ച വ്യക്തിയായി മാറ്റിയെന്നും അഹമ്മദ് വ്യക്തമാക്കുന്നു. ഈ മാസം ആദ്യം റിയോയിൽ വച്ച് മോ 5000 മീറ്ററിലും 10,000 മീറ്ററിലും ഓട്ടത്തിൽ ബ്രിട്ടന് വേണ്ടി ഗോൾഡ് മെഡൽ നേടിയിരുന്നു.