ന്യൂഡൽഹി: പൊതുവേ ഇന്ത്യയെ താറടിച്ചു കാണിക്കുന്ന വാർത്തകൾ പാശ്ചാത്യമാധ്യമങ്ങൾ ആഘോഷിക്കാറുണ്ട്. ഇക്കുറിയും ആ പതിവ് തെറ്റിയില്ല. ഡൽഹിയിൽ 20 കാരിയായ ഒരു യുവതിയെ തലമുണ്ഡനം ചെയ്ത് തെരുവിലൂടെ നടത്തി കൂട്ടബലാത്സംഗത്തിനു വിധേയയാക്കിയ വാർത്തയും അവർ വീഡിയോ സഹിതം ആഘോഷിക്കുകയാണ്. ഒമ്പത് സ്ത്രീകളും പ്രായപൂർത്തിയാകാത്തവരും അടക്കം 11 പേരെ പൊലീസ് ഇത് സംബന്ധിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു കുഞ്ഞിന്റെ അമ്മകൂടിയായ യുവതിയെ അവരുടെ വീട്ടിൽ നിന്നും നാലുപേർ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്യുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അവരുടെ തല മൊട്ടയടിക്കുകയും മുഖത്ത് കരി ഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തതിനുശേഷം അവരെആർത്തുവിളിക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ നടത്തുകയും ചെയ്തു.

ഈ സ്ത്രീകാരണം ആതമഹത്യ ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഒരു കൗമാരക്കാരന്റെ കുടുംബക്കാരുടെ പ്രതികാര നടപടിയായിരുന്നു ഇതെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ ഇവർ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണെന്ന് പറയപ്പെടുന്നു കൗമാരക്കാരൻ കഴിഞ്ഞ നവംബറിൽ ആത്മഹത്യ ചെയ്തിരുന്നു.

നേരത്തേയും ഈ കൗമാരക്കാരന്റെ വീട്ടുകാർ ഈ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. അതുകാരണം ഇവർക്ക് വീട് മാറേണ്ടതായും വന്നിട്ടുണ്ട്. 20 വയസ്സുകാരിയായ യുവതിയുമായി ഈ കൗമാരക്കാരൻ പ്രണയത്തിലാവുകയായിരുന്നു എന്നാണ് ഈ യുവതിയുടെ സഹോദരി പറയുന്നത്. അതിന് കാരണം യുവതിയാണെന്നായിരുന്നു കൗമാരക്കാരന്റെ കുടുംബം ആരോപിച്ചിരുന്നത്. തന്റെ സഹോദരിയുമായി പ്രണയത്തിലായ അയാൾ അവരെ കൂടെക്കൂടെ വിളിക്കുമായിരുന്നു എന്നും ഭർത്താവിനെ ഉപേക്ഷിച്ച് അയാളോടൊപ്പം വരാൻ ആവശ്യപ്പെട്ടിരുന്നു എന്നും സഹോദരി പറയുന്നു. എന്നാൽ, ഇപ്പോൾ അക്രമങ്ങൾക്ക് ഇരയായ യുവതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.

ഈ യുവതിയെ മുഖം വികൃതമാക്കി തെരുവിലൂടെ നടത്തുന്നതിന്റെ വീഡിയോ സഹിതമാണ് പാശ്ചാത്യ മാധ്യമങ്ങൾ ഈ സംഭവം വാർത്തയാക്കിയിരിക്കുന്നത്. ഈ അക്രമത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് പാശ്ചാത്യ മാധ്യമങ്ങൾ അതിശയത്തോടെ പറയുന്നത്. ഇതിൽ ഉൾപ്പെട്ട എല്ലാ സ്ത്രീകളേയുംശിക്ഷിക്കണമെന്ന് വനിത അവകാശ പ്രവർത്തകയായ യോഗിത ഭയാന ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നും ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.