കൊച്ചി: കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്ന് താഴേക്ക നോക്കുന്നതിനിടെ നിലതെറ്റി താഴെ വീണ് പിടയുന്ന ആളെ രക്ഷിക്കാതെ ആൾക്കൂട്ടം. അപകടത്തിൽ പെട്ടയാൾ ഏറെനേരം അതേ സ്ഥലത്ത് രക്തംവാർന്ന് കിടന്നിട്ടും സമീപത്തുകൂടെ പോയ പലരും തിരിഞ്ഞുനോക്കിയില്ല.

ചിലരാകട്ടെ കാഴ്ച കാണുന്ന മട്ടിൽ നിന്നതല്ലാതെ സഹായിക്കാനെത്തിയില്ല. കൊച്ചി നഗരമധ്യത്തിൽ നടന്ന അപകടത്തിലാണ് ജനം വെറും കാഴ്ചക്കാരായി മനുഷ്യത്വം ഇല്ലാത്തവരെ പോലെ പെരുമാറിയത്. കൊച്ചി നഗരത്തിലെ തിരക്കേറിയ പത്മ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം സന്ധ്യയോടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

സമീപത്തെ ഒരു ലോഡ്ജിൽ നിന്നും തൃശ്ശൂർ ഡിവൈൻ നഗർ സ്വദേശിയായ സജിയാണ് തല കറങ്ങി താഴേക്ക് വീണത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ സജി റോഡരികിൽ നിർത്തിയിട്ട ഒരു സ്‌കൂട്ടറിന് മുകളിൽ തട്ടി സജി ഫു്ടപാത്തിൽ വീഴുമ്പോൾ നിറയെ ആളുകളും വാഹനങ്ങളുമുണ്ടായിരുന്നു അവിടെ. പക്ഷെ കൂടി നിന്നവരാരും സജിയെ ഒന്ന് അനക്കി നോക്കാനോ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ തയ്യാറായില്ല.

ചിലർ എത്തിനോക്കിയശേഷം പെട്ടെന്ന് സ്ഥലംവിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ അതുവഴി വന്ന ഒരു വീട്ടമ്മയാണ് ഈ അപകടംകണ്ടയുടൻ ഇടപെടാൻ തയ്യാറായത്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ഇവർ പലരോടും അപേക്ഷിക്കുന്നുണ്ടെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഇതിനിടെ അവർ സഹായം തേടി ഫോൺ ചെയ്യുന്നുമുണ്ട്.

അപകടം നടന്ന സ്ഥലത്ത് തന്നെ പാർക്ക് ചെയ്ത ജീപ്പും ഓട്ടോയുമണ്ടായെങ്കിലും അവർ ഒന്നും കണ്ട ഭാവം നടച്ചിച്ചില്ല. യുവതി നിരന്തരം അഭ്യർത്ഥിച്ചതോടെ ചിലർ ഒരു ഓട്ടോ തടഞ്ഞ് സജിയെ കയറ്റാൻ ശ്രമിച്ചു. ഓട്ടോയിൽ കയറ്റിയെങ്കിലും പിന്നീട് താഴെയിറക്കി റോഡിൽ തന്നെ കിടത്തി. ഇതിന് പിന്നാലെ ഓട്ടോറിക്ഷ സ്ഥലം വിട്ടു.

സഹികെട്ട വീട്ടമ്മ ഒരു കാർ റോഡിൽ കയറി തടഞ്ഞു നിർത്തിയതു കൊണ്ടുമാത്രമാണ് അപകടത്തിൽപെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റാനായത്. പരുക്കേറ്റ സജിയെ ആദ്യം ജനറൽ ആശുപത്രിയിലെ പ്രഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിപെട്ടയാളുടെ ജീവൻ രക്ഷിച്ച വീട്ടമ്മ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചാൽ അതിന് പിന്നാലെ കേസും പൊല്ലാപ്പും ഉണ്ടാകുമെന്ന തെറ്റിദ്ധാരണ മൂലമാണ് പലരും ഇത്തരം സന്ദർഭങ്ങളിൽ സഹായത്തിന് ഇറങ്ങാത്തത്. ഇത്തരത്തിൽ സഹായിക്കുന്നവരെ കേസുകളിൽ ഇടപെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി വരെ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാലും ഇപ്പോഴും അപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ മിക്കവരും മടിക്കുന്ന സന്ദർഭങ്ങൾ ഏറുകയാണ്.