- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് നിയമങ്ങളെക്കുറിച്ച് സംശയമുണ്ടൊ?; ഒറ്റ ക്ലിക്കിൽ ഇനി പരിഹാരമാകും; രാജ്യത്തെ മുഴുവൻ റോഡ് നിയമങ്ങൾക്കും മൊബൈൽ ആപ്ലിക്കേഷനുമായി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ; എറണാകുളം ആർടി ഓഫീസിലെ ഇൻസ്പക്ടർ സി എം അബ്ബാസ് കൈയടി നേടുമ്പോൾ
കൊച്ചി: നല്ല ഡ്രൈവറാണെങ്കിൽപ്പോലും ഗതാഗത നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും തലവേദനയാകാറുണ്ട്. മിക്കപ്പോഴും ഗതാഗതക്കുരുക്കിന് പോലും കാരണമാകുന്നത് ഈ അറിവിലായ്മയാണ്. എന്നാൽ ഈ പ്രശ്‌നത്തിന് ഒറ്റ ക്ലിക്കിൽ പരിഹാരം കണ്ടെത്തുകയാണ് എറണാകുളം ആർടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ സി എം അബ്ബാസ്. അബ്ബാസ് ഇതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുകയാണ്. രാജ്യത്തെ മുഴുവൻ ഗതാഗത നിയമങ്ങളും ഈ ആപ്പിൽ ലഭ്യമാകും.ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഈ മൊബൈൽ ആപ്പിന്റെ പേര് മോട്ടോർ വെഹിക്കിൾ ആക്ട് ആൻഡ് റൂൾസ് എന്നാണ്. രാജ്യത്തെ പ്രധാനപ്പെട്ട മോട്ടോർ വാഹന നിയമങ്ങളും അതിന്റെ ചട്ടങ്ങളും ഈ ആപ്പിലൂടെ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകും.
ആദ്യഘട്ടമായി ഏഴ് ബുക്കുകളാണ് ആപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതിൽ അഞ്ച് ബുക്കുകൾ രാജ്യത്തുടനീളം ഉപയോഗിക്കാവുന്നതും രണ്ടെണ്ണം കേരളത്തിനു മാത്രമായി ഉപയോഗിക്കുന്നതും ആണ്. ആപ്പിനായി മലയാളത്തിൽ മറ്റൊരു ബുക്കിന്റെ കൂടി പണിപ്പുരയിലാണ് അബ്ബാസും സംഘവും. റോഡ് നിയമങ്ങളും ട്രാഫിക് സിഗ്‌നലുകളും ഡ്രൈവിങ് സംബന്ധമായ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രധാനപ്പെട്ട റോഡ് നികുതികളും റോഡ് നിയമലംഘനങ്ങളും പിഴകളും ഉൾപ്പെടുന്ന ഈ ബുക്ക് ജൂലൈ ഒന്നുമുതൽ ആപ്പിൽ ലഭ്യമാകും.
ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ മോട്ടോർ വാഹന നിയമങ്ങളുടെ മറ്റു പല ആപ്ലിക്കേഷനുകളും ഉണ്ടെങ്കിലും അത് കൃത്യമായി അപ്‌ഡേറ്റ് ചെയ്യപ്പെടുന്നവയോ കോടതി വിധികൾ ഉൾപ്പെടുന്നവയോ അല്ലെന്ന് അബ്ബാസ് പറയുന്നു. മാത്രമല്ല, രാജ്യത്താകെയുള്ള സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിന് പ്രത്യേക മൊബൈൽ അപ്ലിക്കേഷൻ ലഭ്യവും അല്ലായിരുന്നു. കൂടാതെ കേരള മോട്ടോർ വാഹന നിയമങ്ങളും അതിന്റെ ചട്ടങ്ങളും ബുക്ക് രൂപത്തിൽ മാത്രമേ ലഭ്യമല്ലായിരുന്നുള്ളൂ. സോഫ്റ്റ് കോപ്പി ലഭ്യമല്ലാത്തതിനാൽ ഒരു നിയമമോ ചട്ടമോ പെട്ടെന്നു തിരഞ്ഞു കണ്ടുപിടിക്കുക ദുഷ്‌കരമായിരുന്നു. മാത്രമല്ല നിലവിൽ മാർക്കറ്റിൽ ലഭിക്കുന്ന മോട്ടോർ വാഹന ചട്ടങ്ങളുമായി ബന്ധപ്പെട്ട എല്ലാ പുസ്തകങ്ങളും ഒരു എഡിഷൻ മുതൽ അടുത്ത എഡിഷൻ ഇറങ്ങുന്നതിനു മൂന്നോ നാലോ വർഷം ഇടവേള വരുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ കാലയളവിൽ നിയമങ്ങളിലും ചട്ടങ്ങളിലും വരുന്ന മാറ്റങ്ങൾ മനസിലാക്കുന്നതും പ്രയാസകരമാണ്.
ഈ ഒരു സാഹചര്യമാണ് ഇത്തരമൊരു ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ അബ്ബാസിനെ പ്രേരിപ്പിച്ചത്. നിയമങ്ങളിൽ വരുന്ന മാറ്റങ്ങൾ ഉടനടി തന്നെ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. 2020ഏപ്രിൽ ലോക്ക്ഡൗൺ സമയത്ത് ആരംഭിച്ച ഉദ്യമമാണ് ഇപ്പോൾ മൊബൈൽ ആപ്ലിക്കേഷനായി വിരൽത്തുമ്പിലേക്ക് എത്തുന്നത്. ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളുടെ മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്താനും നീക്കമുണ്ട്. കൂടാതെ ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ പീനൽ കോഡും ക്രിമിനൽ പ്രൊസീജർ കോഡും കേരള പൊലീസ് നിയമങ്ങളും ചട്ടങ്ങളുമൊക്കെ ഉൾപ്പെടുത്തി ആപ്ലിക്കേഷൻ വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
അബ്ബാസിന്റെ സുഹൃത്തും അൺകോളനി ടെക്‌നോളജിസ് ഉടമയുമായ രാജേഷായിരുന്നു ഈ മൊബൈൽ ആപ്ലിക്കേഷനു വേണ്ടി ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോം തയ്യാറാക്കിയത്. മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള സുപ്രധാന സുപ്രീംകോടതി, ഹൈക്കോടതി വിധികൾ കോർത്തിണക്കിയാണ് ആപ്പിന്റെ പ്രവർത്തനം. മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കും കോടതികൾക്കും നിയമജ്ഞർക്കും വിദ്യാർത്ഥികൾക്കും റോഡ് നിയമം പഠിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കുമൊക്കെ എളുപ്പം മനസിലാകുന്ന വിധത്തിൽ വളരെ ലളിതമായ രീതിയിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ