ന്യൂഡൽഹി: മൊബൈൽ കമ്പനികളുടെ കിടമത്സരമെല്ലാം ഇനി അവസാനിക്കും. രാജ്യത്തുള്ള വിവിധ മൊബൈൽ കമ്പനികളുടെ ഫോൺ നിരക്കുകളും പ്ലാനുകളും വ്യക്തമാക്കുന്ന വെബ്‌സൈറ്റുമായി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ രംഗത്ത്. നിലവിലുള്ള എല്ലാ മൊബൈൽ നിരക്കുകളും പ്രസ്തുത വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതോടെ ഉപഭോക്താക്കൾക്ക് ഓരോ കമ്പനിയുടെയും നിരക്കുകൾ താരതമ്യം ചെയ്യാനാകും. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട സേവനം നൽകുന്നവരെ വേഗം തിരിച്ചറിയാൻ ഉപയോക്താക്കൾക്ക് സാധിക്കും.

സർക്കാർ പിന്തുണയിൽ ഇത്രയും സുതാര്യമായി മൊബൈൽ നിരക്കുകൾ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്‌ഫോം ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു. സാധാരണ നിരക്കുകൾ, സ്‌പെഷൽ താരിഫ് വൗച്ചറുകൾ, പ്രമോഷനൽ താരിഫുകൾ വാല്യു ആഡഡ് സർവീസ് പായ്ക്കുകൾ തുടങ്ങിയവയും വെബ്‌സൈറ്റിന്റെ ബീറ്റ വേർഷനിൽ നൽകിയിട്ടുണ്ട്. നിലവിൽ ഡൽഹി സർക്കിളിലുള്ളവർക്കുമാത്രമാണ് ഇതു ലഭ്യമാകുക. പൊതുജനങ്ങളിൽനിന്നു അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം എല്ലാ സർക്കിളുകളിലെയും നിരക്കുകൾ ഇതിലുൾപ്പെടുത്തും.

'1997ലെ ട്രായ് നിയമം അനുസരിച്ച് സുതാര്യത പ്രധാനപ്പെട്ട ഘടകമാണ്. നിലവിൽ ടെലികോം കമ്പനികൾ അവരുടെ വെബ്‌സൈറ്റുകളിലാണ് നിരക്കുകൾ നൽകുന്നത്. ഉപഭോക്താക്കളുടെ എളുപ്പത്തിനായി വിവിധ താരിഫ് പ്ലാനുകളും മറ്റുള്ളവയും ട്രായ്യുടെ വെബ്‌സൈറ്റിൽ ഡൗൺലോഡ് ചെയ്യാവുന്ന ഫോർമാറ്റിൽ ലഭിക്കും. ഉപഭോക്താക്കൾക്കു മാത്രമല്ല, കമ്പനികൾക്കും ഈ വെബ്‌സൈറ്റ് താരതമ്യ പഠനത്തിനുപകരിക്കുമെന്നും ട്രായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

വെബ്‌സൈറ്റ് പരിശോധിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ പൊതുജനങ്ങൾക്കും മൊബൈൽ കമ്പനികൾക്കും 15 ദിവസമാണ് അനുവദിച്ചിരിക്കുന്നതെന്ന് ട്രായ് സെക്രട്ടറി സുനിൽ ഗുപ്ത അറിയിച്ചു. ട്രായ്യെ അറിയിച്ചിട്ടുള്ള എല്ലാ നിരക്കുകളും വെബ്‌സൈറ്റിലുണ്ടാകും.