മെൽബൺ: ഇന്നു മുതൽ ക്വണ്ടാസ്, വിർജിൻ വിമാനങ്ങളിൽ യാത്രക്കാർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് അനുമതിയായി. ഇവയുടെ ഡൊമസ്റ്റിക് ഇന്റർനാഷണൽ സർവീസുകളിലെല്ലാം തന്നെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാം. സുരക്ഷാ കാരണങ്ങളാൽ ഇതുവരെ ക്വണ്ടാസും വിർജിനും വിമാനത്തിൽ മൊബൈൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ യാത്രക്കാർക്ക് അനുമതി നൽകിയിരുന്നില്ല.

എന്നാൽ ഇതുസംബന്ധിച്ച് സിവിൽ ഏവിയേഷൻ സേഫ്റ്റി അഥോറിറ്റി (സിഎഎസ്എ)യിൽ നിന്ന് ഇരു കമ്പനികളും അനുമതി നേടിയിട്ടുണ്ട്. ക്വണ്ടാസിനും വിർജിനും പിന്നാലെ മറ്റു വിമാനകമ്പനികളും ഇതു പ്രാവർത്തികമാക്കുമെന്നാണ് കരുതുന്നത്. ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ, ടാബ്ലറ്റുകൾ എന്നിവ ടേക്ക് ഓഫ് സമയത്തും ലാൻഡിങ് സമയത്തും ഉപയോഗിക്കാം. എന്നാൽ ഫ്‌ളൈറ്റ്‌മോദിലായിരിക്കണം ഇവയെന്നു മാത്രം. അതേസമയം വിമാനം പറന്നുതുടങ്ങിക്കഴിയുമ്പോൾ നെറ്റ് വർക്ക് കവറേജ് ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണെന്നും അതുകൊണ്ടു തന്നെ ഇവ ഓണാക്കി വയ്ക്കുന്നതു കൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്നാണ് ക്വണ്ടാസ് എൻജിനീയറിങ് ഹെഡ് അലൻ മിലൻ വ്യക്തമാക്കുന്നത്.

എന്നാൽ യാത്രക്കാർക്ക് ഇ-മെയിൽ അയയ്ക്കുന്നതിനും ടെക്സ്റ്റ് മേസേജുകൾ അയയ്ക്കുന്നതിനും യാത്രക്കിടെ സൗകര്യമൊരുക്കാൻ ഇതുമൂലം സാധിക്കും. ഒരു കിലോഗ്രാമിനു മുകളിൽ ഭാരമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഇപ്പോഴും ടേക്ക് ഓഫ് സമയത്തും ലാൻഡിങ് സമയത്തും ഓഫ് ചെയ്യേണ്ടതുണ്ട്.