ആലപ്പുഴ: സംസ്ഥാനത്ത് വായ്പാ കുടിശിക വരുത്തുന്നവരിൽ നിന്നും തുക വീണ്ടെടുക്കാൻ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ അപമാനിച്ചും ഭീഷണിപ്പെടുത്തിയും വായ്പാ ആപ് സംഘങ്ങളുടെ ചൂഷണം. കോവിഡ് കാലത്ത് സാമ്പത്തികത്തകർച്ച നേരിട്ടവരുടെ ഗതികേടിനെയാണ് ഓൺലൈൻ വായ്പാ ആപ്പുകൾ ചൂഷണം ചെയ്യുന്നത്.

പഴ്‌സനൽ ലോൺ വേഗത്തിൽ ലഭിക്കും എന്ന വാഗ്ദാനത്തിലാണ് പലരും പെട്ടുപോകുന്നത്. വായ്പ കിട്ടുമെന്ന് കരുതി ആധാറും പാൻനമ്പറുമെല്ലാം ഓൺലൈനിൽ നൽകും. ഒരുലക്ഷം രൂപ ചോദിക്കുന്നവർക്ക് ആദ്യം ഒരാഴ്ച കാലയളവിൽ 5000 രൂപ നൽകും. പലിശകഴിഞ്ഞ് 3500 രൂപമാത്രം അക്കൗണ്ടിൽവരും. തിരിച്ചടവ് വൈകുമ്പോഴാണ് ഈ തട്ടിപ്പ് കമ്പനികൾ ഭീഷണികൾ ആരംഭിക്കുന്നത്. വായ്പയ്ക്കായി നൽകിയ ഫോട്ടോ, പാൻ, ആധാർകാർഡ് എന്നിവ ദുരുപയോഗിക്കുകയാണ് ആദ്യം ചെയ്യുന്നത്.

കുടിശിക വരുത്തിയ സ്ത്രീകളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്ന ഇവർ ആധാർ, പാൻ രേഖകൾ ഉപയോഗിച്ചും പലതരത്തിൽ ഭീഷണി മുഴക്കുന്നുണ്ട്. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചവനെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയുടെ ചിത്രം പ്രചരിപ്പിച്ചിരുന്നു. വായ്പാ ആപ് കെണിയിൽ കുടുങ്ങിയ ആയിരങ്ങളിൽ ഒരാൾ മാത്രമാണിത്.

വായ്പാ കുടിശിക വരുത്തുന്നവരുടെ മുഴുവൻ ഫോൺ കോൺടാക്ട്‌സിലേക്കും മോശം സന്ദേശങ്ങൾ അയയ്ക്കും. ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കും. കേരളത്തിൽ മാത്രം ആയിരങ്ങൾ ഈ കെണിയിൽ കുടുങ്ങിയിട്ടുണ്ടെങ്കിലും പുറത്തുപറയാൻ മടിക്കുന്നതും പരാതി നൽകാത്തതും തട്ടിപ്പുകാർക്ക് സൗകര്യമാകുന്നു. പലരും നാണക്കേടൊഴിവാക്കാൻ അഞ്ചും പത്തും ഇരട്ടിത്തുക അടച്ചുതീർക്കുന്നുമുണ്ട്.

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വ്യാജ ഇൻസ്റ്റന്റ് ഓൺലൈൻ ലോൺ തട്ടിപ്പ് വ്യാപകമാവുന്നതായാണ് സൂചന. ദിവസവും നൂറുകണക്കിന് ആളുകളാണ് തട്ടിപ്പിനിരയാകുന്നത്. കോവിഡ് മഹാമാരി വരുത്തിവച്ച തൊഴിൽ നഷ്ടവും സാമ്പത്തിക ദുരിതവും പലരെയും എളുപ്പത്തിൽ ലോൺ കിട്ടുന്ന തട്ടിപ്പുകാരുടെ വലയിൽ ചെന്ന് ചാടാൻ പ്രേരിപ്പിക്കുകയാണ്. സാധാരണക്കാരുടെ ഡിജിറ്റൽ നിരക്ഷരത മുതലെടുത്താണ് ലോൺ ആപ്പുകൾ വഴി വൻതട്ടിപ്പ് നടത്തുന്നത്.

പ്ലേ സ്റ്റോറിൽ ധാരാളം ഇൻസ്റ്റന്റ് ലോൺ ആപ്പുകളുണ്ട്. ഇവയിൽ ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും ആർബിഐയുടെ എൻബിഎഫ്സി ലൈസൻസ് ഇല്ലാത്തവരാണ്. ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകൾക്ക് 20% മുതൽ 40% വരെയുള്ള കൊള്ളപ്പലിശയും 10 - 25 % പ്രോസസ്സിങ് ചാർജ്ജുമാണ് ഈടാക്കുന്നത്. കേവലം ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും സോഫ്റ്റ് കോപ്പികൾ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാൻ വേണ്ടി ഇവർ ആവശ്യപ്പെടുന്നുള്ളൂ.

ഇഎംഐ മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങും. പിന്നീട്, ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ ഫോൺ ഉടമ സമ്മതിച്ച ഉറപ്പിൻ പ്രകാരം വായ്പക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങൾ കൈക്കലാക്കി അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുകയും വിളിച്ചു ശല്യം ചെയ്യുകയും ചെയ്യുന്നു. കൂടാതെ തിരിച്ചടവ് വീഴ്ചക്ക് 1 മുതൽ 3 ശതമാനം വരെ പിഴത്തുക ഈടാക്കുന്നതും ഇവരുടെ മറ്റൊരു തട്ടിപ്പ് രീതിയാണ്.

തട്ടിപ്പിനിരയാവുന്നവർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ യാതൊന്നും ശ്രദ്ധിക്കാതെ വായ്‌പ്പാ ആപ്പുകാർ ആവശ്യപ്പെടുന്ന പെർമിഷനുകൾ നൽകുകയാണ്. ഇതുവഴി സ്വകാര്യ വിവരങ്ങൾ ചോർത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോൺ പോലും വിദൂര നിയന്ത്രണത്തിലാക്കാൻ തട്ടിപ്പുകാർക്ക് അവസരം ലഭിക്കും. ഓൺലൈൻ ലോൺ കമ്പനികൾക്കെതിരെ ധാരാളം പരാതികൾ ഉയർന്ന സാഹചര്യത്തിൽ മൊബൈൽ ആപ്പ് വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.