തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ കാലം മുതൽ ഒന്നിനു പിറകേ മറ്റൊന്നായി വിവാദങ്ങളുടെ പെരുമഴയാണ്. പാമോലിൻ കേസും ടൈറ്റാനിയം കേസും സോളാർ കേസുമടക്കം മുഖ്യമന്ത്രിക്ക് തലവേദന സൃഷ്ടിച്ചത് ചില്ലറയല്ല. ഇങ്ങനെയുള്ള വിവാദം സൃഷ്ടിച്ച കേസുകളിൽ സർക്കാറിനും നേതാക്കൾക്കും തലവേദന സൃഷ്ടിച്ചത് ഫോൺവിളികളായിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു മൊബൈൽ ഫോൺവിളി യുഡിഎഫിന് വിവാദത്തിൽ ചാടിച്ചിരിക്കുന്നു. ഇത്തവണയും മൊബൈൽ ഫോൺ പണി കൊടുത്ത നേതാവ് കേരളാ കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണ പിള്ളക്കാണ്. ഇടമലയാർ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവേ ബാലകൃഷ്ണ പിള്ള നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനൽ ലേഖകൻ പ്രദീപ് സി നെടുമണുമായി നടത്തിയ സംഭാഷണത്തെ ചൊല്ലി വിവാദങ്ങൾ ഏറെയായിരുന്നു.

ജയിലിൽ കിടക്കുന്ന നേതാവിന് സർക്കാർ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുവെന്ന് തെളിയിക്കാനായി റിപ്പോർട്ടർ ചാനൽ തന്നെയായിരുന്നു ഈ വിവരം പുറത്തുവിട്ടത്. നികേഷ് കുമാറിന്റെ പുതിയ ചാനൽ ജനങ്ങൾക്കിടയിൽ അറിയപ്പെട്ടത് തന്ന ഈ ഫോൺ സംഭാഷണത്തിന്റെ പേരിലായിരുന്നു. അതിന് ശേഷം ബാലകൃഷ്ണ പിള്ള ജയിൽ മോചിതനാകുകയും ഇതിന്റെ പേരിൽ നികേഷുമായുണ്ടായിരുന്ന പിണക്കം തീർക്കുകയും ചെയ്തു.

അന്നത്തെ ഫോൺ വിളി വിവാദത്തിന് ശേഷം ആർ ബാലകൃഷ്ണ പിള്ള ചെന്നുപെട്ടിരിക്കുന്ന മറ്റു വിവാദമായി മാറിയിരിക്കയാണ് ധനമന്ത്രി കെ എം മാണിക്കെതിരായ ബാർകോഴ അഴിമതി കേസിൽ മദ്യവ്യവസായി ബിജു രമേശുമായി നടത്തിയ സംഭാഷണം. മുൻതവണ നടത്തിയ ജയിൽ സംഭാഷണം പിള്ള മാത്രമാണ് ബാധിച്ചത്. എന്നാൽ ഇത്തവണ കാര്യങ്ങൾ മാറി, പിള്ളയുമായുള്ള സംഭാഷണം ബിജു രമേശ് റെക്കോർഡ് ചെയ്തതോടെ ബാർ കോഴ കേസിലെ തെളിവായി മാറുന്ന സംഭവമായി ഇത് മാറി. കൂടാതെ സ്വർണ്ണക്കടക്കാരിൽ നിന്നും 19 കോടിയും ബേക്കറി സംഘടനയിൽ നിന്നും മാണി കോഴ വാങ്ങിയെന്ന പുതിയ ആരോപണം കൂടി ഇതിനൊപ്പം ഉയർന്നുവരികയും ചെയ്തു.

യുഡിഎഫ് നേതാക്കളെല്ലാം തള്ളിപ്പറഞ്ഞ മദ്യവ്യവസായിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുക കൂടി ബാലകൃഷ്ണ പിള്ള ഫോൺ സംഭാഷണത്തിനിടെ പറഞ്ഞിരുന്നു. ഇത് യുഡിഎഫ് ഗൗരവമായി എടുക്കുമെന്ന കാര്യം ഉറപ്പാണ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബാലകൃഷ്ണപിള്ളയെ യുഡിഎഫിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയരുകയും ചെയ്യും. ഇതിനെല്ലാം വഴിമരുന്നിട്ടതാകട്ടെ ഒരു ഫോൺ സംഭാഷണവും.

ബാലകൃഷ്ണ പിള്ളയെ കൂടാതെ ഫോൺവിളിയിൽ പി സി ജോർജ്ജും കുടുങ്ങിയിരിക്കയാണ.് മുമ്പ് സോളാർ വിവാദ നായിക സരിത എസ് നായരുമായുള്ള നേതാക്കളുടെ ഫോൺവിളികൾ യുഡിഎഫിന് സമ്മാനിച്ചത് ചെറിയ തലവേദന ആയിരുന്നില്ല. ഇതൊരു ബ്ലാക്‌മെയ്‌ലിങ് തന്ത്രമായി സരിത ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. കേന്ദ്രമന്ത്രിമാർ മുതൽ സംസ്ഥാനത്തെ യുവജന നേതാക്കൾ വരെ സരിത നായരുടെ ഫോണിൽ വിളിച്ചതിന്റെ തെളിവുകൾ പല വേളകളിലായി പുറത്തുവന്നിരുന്നു. ഫലത്തിൽ യുഡിഎഫ് സർക്കാറിന് മൊബൈൽ ഫോൺ എന്നും തലവേദന തീർക്കുകയാണ് ഉണ്ടായതെന്ന് നിസ്സംശയം പറയാം..