'I cannot recall a single good point in connection with machinery' - M.K. Gandhi

'Mobile communication is not about mobility, but about autonomy' - Manuel Castells

ഹാത്മാഗാന്ധിയുടെ മരണത്തിനു കൃത്യം കാൽനൂറ്റാണ്ടിനുശേഷം 1973-ലാണ് മോട്ടോറോള കമ്പനിയിലെ കമ്യൂണിക്കേഷൻ എഞ്ചിനീയറായിരുന്ന മാർട്ടിൻ കൂപ്പർ മൊബൈൽഫോൺ കണ്ടുപിടിക്കുന്നത്. അതിന്റെ ആയുസ്സിലും ആദ്യകാൽനൂറ്റാണ്ടുകാലം അത്ര വലിയ വിപ്ലവമായി ആരും കരുതിയിരുന്നില്ല. പക്ഷെ പിന്നീടുള്ള രണ്ടുപതിറ്റാണ്ടുകൊണ്ട് മനുഷ്യചരിത്രത്തിലെ ഏറ്റവും ജനപ്രിയവും വിസ്മയകരവുമായ സാങ്കേതികതയും മാധ്യമവും സംസ്‌കാരവുമായി മാറിക്കഴിഞ്ഞിരിക്കുന്നു, മൊബൈൽഫോൺ. അതിന്റെ സൃഷ്ടിക്കും കൃത്യം കാൽ നൂറ്റാണ്ടിനുശേഷം 1998-ലാണ് കാസ്റ്റൽസ് തന്റെ വിഖ്യാതമായ നിരീക്ഷണം നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിൽ സിനിമയും റേഡിയോയും ടെലിവിഷനും നേടിയതിനെക്കാൾ ജനകീയതയും കാസ്റ്റൽസ് പറഞ്ഞതുപോലെ മനുഷ്യരുടെ സ്വാശ്രിതത്വത്തിന്റെ പരമപദവിയും നേടി, പുതിയ നൂറ്റാണ്ടിൽ മൊബൈൽഫോൺ. 1960-കളിൽ മാർഷൽ മക്‌ലൂഹൻ ടെലിവിഷനെ മുൻനിർത്തി നടത്തിയ ഏറ്റവും പ്രസിദ്ധമായ നിരീക്ഷണങ്ങളിലൊന്ന് 'മാധ്യമംതന്നെയാണ് അതു നൽകുന്ന ഒന്നാമത്തെ സന്ദേശം' എന്നതായിരുന്നല്ലോ. മാധ്യമങ്ങളുടെ സാങ്കേതികതയും രൂപപരതയും അവയുടെ ഉള്ളടക്കത്തെക്കാൾ പ്രധാനമാകുന്നതിനെക്കുറിച്ചായിരുന്നു മക്‌ലൂഹന്റെ നിരീക്ഷണം. അതിനദ്ദേഹത്തെ പ്രേരിപ്പിച്ച പല ഘടകങ്ങളിലൊന്ന്, ടെലിവിഷൻ അതിനു മുൻപുള്ള മുഴുവൻ മാധ്യമസാങ്കേതികതകളെയും അതിൽ ഉൾക്കൊണ്ടിരുന്നുവെന്നതാണ്. നാലുപതിറ്റാണ്ടിനുള്ളിൽ മൊബൈൽഫോൺ ടെലിവിഷനെയും മറികടന്ന് മേല്പറഞ്ഞ തത്വത്തെ കൂടുതൽ സാർഥകമായി സാക്ഷാത്കരിക്കുന്ന അവസ്ഥ രൂപം കൊണ്ടു. പല 'തലമുറ' സാങ്കേതികതകൾ (1G, 2G, 3G, 4G) മൊബൈൽഫോണിനെ കംപ്യൂട്ടർ-ഇന്റർനെറ്റ് സാങ്കേതികതയുടെ ഏറ്റവും മികച്ച വാഹകവും (മാധ്യമം) സൂചകവും (സംസ്‌കാരം) ആക്കി മാറ്റി.

ശൃംഖലാസമൂഹ(Network society)-ത്തിലെ മാധ്യമങ്ങളെക്കുറിച്ച് കാസ്റ്റൽസ് നടത്തിയ നിരീക്ഷണം ഡിജിറ്റൽ സാങ്കേതികതയുടെ അപാരമായ സാധ്യതകളിലായിരുന്നു ഊന്നിയത്. കാസ്റ്റൽസും ബാരിവെൽമാനും ചൂണ്ടിക്കാണിച്ച ശൃംഖലിതവ്യക്തിത്വം (Networked individualism) എന്ന അവസ്ഥയിലേക്കാണ് മൊബൈൽഫോൺ വഴിതുറന്നത്. നരവംശശാസ്ത്രകാരന്മാർ മൊബൈൽഫോണിനു കൈവരുന്ന രണ്ട് വലിയ പ്രകൃതങ്ങളിലൂന്നി ഈ ചർച്ച മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. ഗാർഹികത (Domestication), പ്രകടനത്വം (performativity) എന്നിവയാണ് ആ പ്രകൃതങ്ങൾ. സെൽഫോൺ സാധ്യമാക്കുന്ന 'Autonomy'യുടെ അടിത്തറയും ഈ പ്രകൃതങ്ങൾ തന്നെ. (കാണുക: Cellphone Nation- Robin Jeffrey, Assa Doron).

യന്ത്രനാഗരികതക്കെതിരെ നിലപാടെടുത്ത ഗാന്ധിയുടെ അവസാനകാലത്തുപോലും ആകെ ഒരു ലക്ഷം ടെലഫോൺ കണക്ഷനുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. പ്രതിവർഷം ശരാശരി ഒരു ലക്ഷം വീതം വർധിച്ച് നാല്പത്തഞ്ചുവർഷം കൊണ്ട് അത് അൻപതുലക്ഷമായി. പക്ഷെ തൊട്ടടുത്ത ഒരു ദശകത്തിൽ ഫോൺകണക്ഷനുകളുടെ എണ്ണം മൂന്നുകോടിയായി വളർന്നു. അത് രാജീവ്ഗാന്ധി-സാം പിത്രോഡയുഗം എന്നറിയപ്പെടുന്നു. പിന്നീടാണ് ഇന്ത്യയിൽ മൊബൈൽഫോൺവിപ്ലവം നടക്കുന്നത്. അതു ചരിത്രമാണ്. 2011 ആകുമ്പോഴേക്കും ഇന്ത്യയിൽ ഫോൺകണക്ഷനുകളുടെ എണ്ണം തൊണ്ണൂറുകോടിയായി. ഒറ്റപതിറ്റാണ്ടിൽ നടന്ന മൊബൈൽഫോൺവിപ്ലവമായിരുന്നു അത്. പിന്നീടുള്ള ഏഴുവർഷങ്ങളിലും ഈ ഫോൺ സാന്ദ്രത കൂടിക്കൊണ്ടേയിരുന്നു. ഇന്ത്യൻജനതയുടെ സമസ്ത ജീവിതമണ്ഡലങ്ങളിലും ഇന്ത്യൻ സമ്പദ്ഘടനയിലും രാഷ്ട്രീയ ഭരണകൂടതലങ്ങളിലും ഇത്രമേൽ പ്രഭാവം ചെലുത്തിയ മറ്റൊരു മേഖലയില്ലതന്നെ.

ഈയൊരു മാധ്യമ-സാങ്കേതിക-സാംസ്‌കാരിക വിപ്ലവത്തിന്റെ പൊതുപശ്ചാത്തലങ്ങളും പ്രവണതകളും വിശദീകരിക്കുന്ന മലയാളത്തിലെ ആദ്യ അക്കാദമികപഠനമെന്ന നിലയിൽ ശ്രദ്ധേയമാണ് ബിനു സചിവോത്തമപുരത്തിന്റെ 'മൊബൈൽഫോൺ: സംസ്‌കാരനിർമ്മിതിയുടെ നവമാധ്യമം' എന്ന പുസ്തകം.

വിവരസാങ്കേതികയുഗം, സൈബർസംസ്‌കാരം എന്നിവയെ വിശദീകരിക്കുന്ന ഓരോ ലേഖനം, നവമാധ്യമം എന്ന നിലയിൽ മൊബൈൽഫോണിനെ കേന്ദ്രീകരിക്കുന്ന നാലു ലേഖനങ്ങൾ, നവമാധ്യമങ്ങളിലെ ഭാഷാസംസ്‌കാരത്തെ മുൻനിർത്തിയുള്ള രണ്ടു ലേഖനങ്ങൾ എന്നിങ്ങനെ ഒട്ടാകെ എട്ടു ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. (എട്ടധ്യായങ്ങളുള്ള ഒരു പുസ്തകം എന്നതിനെക്കാൾ എട്ടു ലേഖനങ്ങളുടെ സമാഹാരമായി ഇതിനെ കാണുകയാണ് ഉചിതം. സങ്കല്പനപരമോ ചരിത്രപരമോ രീതിശാസ്ത്രപരമോ ആയി ഈയൊരു ക്രമം പാലിച്ചുകൊണ്ടൊന്നുമല്ല പുസ്തകം ക്രമപ്പെടുത്തിയിട്ടുള്ളതെന്നതിനാൽ ഏതു ലേഖനത്തിലും ഏതു വിഷയവും കടന്നുവരാം.)

'മൊബൈൽഫോൺ: ചരിത്രവും വർത്തമാനവും' എന്നതാണ് ആദ്യലേഖനം. ടെലഫോൺ എന്ന സാങ്കേതികമാധ്യമത്തിന്റെ ചരിത്രം വിശദീകരിച്ചുകൊണ്ട് വിവിധ സ്ഥാപനങ്ങൾ മൊബൈൽഫോൺ വികസിപ്പിച്ചെടുത്ത സാഹചര്യം ചൂണ്ടിക്കാണിക്കുന്നു, ബിനു. തുടർന്ന്, 1990-കളിൽ വികസിതരാജ്യങ്ങളിലും പുതിയ നൂറ്റാണ്ടിൽ വികസ്വരരാജ്യങ്ങളിലും സംഭവിച്ച സെൽഫോൺവിപ്ലവത്തിന്റെ അടിസ്ഥാന വസ്തുതകൾ വിവരിക്കുന്നു. '1973-ൽ കണ്ടുപിടിക്കപ്പെട്ട മൊബൈൽ ഫോൺ പൊതുജനങ്ങൾക്ക് തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്ന വിധത്തിൽ യൂറോപ്പിൽ പ്രചാരത്തിലായത് 1990-കൾക്കുശേഷമാണ്. ഏഷ്യൻ, ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലും മറ്റ് വികസ്വരരാജ്യങ്ങളിലും 2000-ത്തിനുശേഷമാണിത് പ്രചാരത്തിലായത്. പിന്നീട് ഇതിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയന്റെ (International Telecommunication Union) ലഭ്യമായതിൽ ഏറ്റവും പുതിയ കണക്കനുസരിച്ച് 2015-മാണ്ട് പൂർത്തിയായപ്പോൾ ലോകത്ത് 7,216 മില്യൺ മൊബൈൽ ഫോൺ കണക്ഷനുണ്ട്. 2016 പൂർത്തിയാകുമ്പോഴിത് 7,377 മില്യൺ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ജനസംഖ്യാനുപാതികമായി 98.62% പേർ ഇതുപയോഗിക്കുന്നു. 2015-മാണ്ട് പൂർത്തിയായപ്പോൾ വികസിതരാജ്യങ്ങളിൽ 1,577 മില്യൺ, വികസ്വര രാജ്യങ്ങളിൽ 5,638 മില്യൺ മൊബൈൽ ഫോൺ വരിക്കാരുണ്ട്. 2016-ൽ ഇത് യഥാക്രമം 1,600 മില്യൺ, 5,777 മില്യൺ ആകുമെന്ന് പ്രതീക്ഷിക്കുന്നു. വരിക്കാരുടെ എണ്ണത്തിൽ വികസ്വരരാജ്യങ്ങളിലെ വൻ വർധനവിനു കാരണം ഇവിടുത്തെ ജനസംഖ്യാവർധനവാണ്. എന്നാൽ ആളോഹരിശതമാനത്തിൽ വികസിത രാജ്യങ്ങളാണ് മുൻപന്തിയിൽ. വികസിത രാജ്യങ്ങളിലെ ആളോഹരി ശതമാനം 125.7% ആണെങ്കിൽ, വികസ്വര രാജ്യങ്ങളിലേത് 93.0% ആണ്. ആഗോള ശരാശരി 98.6% ആണ്. അടുത്ത 8 വർഷത്തിനുള്ളിൽ, അതായത് 2020-തിനുള്ളിൽ ഒരു ബില്യൺ വരിക്കാർകൂടി പുതുതായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 1980-ൽ ലോകത്ത് 1.2 മില്യൺ മൊബൈൽ ഫോൺ വരിക്കാരേ ഉണ്ടായിരുന്നുള്ളൂ. 1990-ലിത് 12.5 മില്യണായി ഉയർന്നു. ലോകജനസംഖ്യയുടെ 0.25% മാത്രമായിരുന്നിത്. എന്നാൽ, 2002 ആയപ്പോഴേക്കും ലോകത്ത് 1.2 ബില്യൺ മൊബൈൽ ഫോൺ വരിക്കാരുണ്ടായി. ഇത് ലോകജനസംഖ്യയുടെ 19% ആണ്. 2000-ത്തിനുശേഷം മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണത്തിൽ വൻവർധനവുണ്ടായി. സൂക്ഷ്മമായി പരിശോധിച്ചാൽ ഇന്ത്യ അടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിൽ 2005-നുശേഷമാണ് മൊബൈൽ ഫോൺ സമൂഹത്തിന്റെ താഴെത്തട്ടിൽവരെ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതും മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതും'.

കേവലം ഒരു ആശയവിനിമയ ഉപകരണം മാത്രമായിരുന്നു ലാൻഡ്‌ഫോണെങ്കിൽ സെൽഫോൺ അങ്ങനെയല്ല. അതുതന്നെയാണ് ഈ മാധ്യമത്തിന്റെ സാംസ്‌കാരികപഠനങ്ങൾക്കുള്ള പ്രസക്തിയും. മനുഷ്യചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ മാധ്യമ-സാങ്കേതിക-സംസ്‌കാരം എന്ന നിലയിൽ മൊബൈൽ ഫോണിനുള്ള അസാമാന്യമായ സാധ്യതകളുടെ ലോകത്തെക്കുറിച്ചുള്ള സൂചനകളാണ് ഈയധ്യായത്തിലുള്ളത്. എത്ര വലിയ ഒരു വ്യവസായ, തൊഴിൽ മേഖലയാണ് സെൽഫോണിന്റേത് എന്നു നോക്കുക:

'മൊബൈൽ ഫോൺ സാങ്കേതികവിദ്യ വൻവ്യവസായത്തിന്റെ ഭാഗമായാണ് നിലകൊള്ളുന്നത്. എന്നുമാത്രമല്ല മൊബൈൽ ഫോണിനെ കേന്ദ്രീകരിച്ച് അതിവേഗം വളരുന്ന സമ്പദ്ഘടനതന്നെ രൂപപ്പെട്ടിരിക്കുന്നു. മൊബൈൽ ഫോൺ, മൊബൈൽ ഫോൺ സാങ്കേതികത, അനുബന്ധ ഉപകരണങ്ങൾ, സോഫ്റ്റ്‌വെയറുകൾ, മൊബൈൽ സേവനങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നതാണ് മൊബൈൽ ഫോൺ വ്യവസായം. 2014-ൽ 3,007 ട്രില്യൺ (trillion) അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക വിനിമയമാണ് ലോകരാജ്യങ്ങളിൽനിന്നായി ഈ മേഖലയിൽ നടന്നത്. ഇത് ആഗോള ജി.ഡി.പി.(Gross Domestic Product)യുടെ 3.8% വരും.

മൊബൈൽ ഫോൺ രംഗം വലിയൊരു തൊഴിൽദാതാവ് കൂടിയാണ്. കണക്കുകൾപ്രകാരം 2014-ൽ 12.8 മില്യൺ ജനങ്ങൾക്ക് നേരിട്ടും 11.8 മില്യൺ ജനങ്ങൾക്ക് അല്ലാതെയും ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിൽ ലഭിച്ചു. 2014-ൽ ഈ രംഗത്ത് നേരിട്ടുണ്ടായ തൊഴിലവസരങ്ങളെ താഴെപ്പറയുന്ന വിധത്തിൽ വിഭജിക്കാം. അടിസ്ഥാന സൗകര്യം-0.4 മില്യൺ, മൊബൈൽ ഫോൺ പ്രവർത്തനം-3.1 മില്യൺ, ഹാൻഡ് സെററ് നിർമ്മാണം-0.9 മില്യൺ, വിതരണം-3.8 മില്യൺ, ആപ്പ്‌സ് സേവനങ്ങൾ-4.6 മില്യൺ, ഇത് കൂടാതെ പാർട്ട്‌ടൈം, സ്വയം തൊഴിൽ എന്നിങ്ങനെ 11.8 മില്യൺ ജനങ്ങൾക്ക് തൊഴിൽ ലഭിച്ചു. കണക്കുകൾ പരിശോധിച്ചാൽ മൊബൈൽരംഗത്തെ തൊഴിലവസരങ്ങളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവാണ് രേഖപ്പെടുത്തുന്നത്. 2008-7.45 മില്യൺ, 2009-7.88 മില്യൺ, 2010-8.23 മില്യൺ, 2011-8.4 മില്യൺ, 2012-8.81 മില്യൺ, 2013-9.44 മില്യൺ എന്നിങ്ങനെയാണ് തൊഴിലവസരങ്ങളുടെ ലഭ്യമായ കണക്കുകൾ. 2020-ൽ ഇത് 28.7 മില്യൺ ആകുമെന്നു പ്രതീക്ഷിക്കുന്നു. അതായത് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 4.1 മില്യൺ തൊഴിലവസരങ്ങൾ പുതുതായി ഈ മേഖലയിലുണ്ടാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് (Kearney, 2015). 3 ജി, 4 ജി സാങ്കേതികതകളുടെ വികാസത്തോടുകൂടി തൊഴിലവസരങ്ങളുടെ വളർച്ചാനിരക്ക് സമാനതകളില്ലാത്തവിധം വർധിക്കുന്നു. മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ വ്യവസായം ഇന്ന് സാമൂഹിക-സാമ്പത്തിക പുരോഗതിയുടെയും വികാസത്തിന്റെയും മുഖ്യകണ്ണിയാണ്. സേവനമേഖലയിലധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയിലിത് ഒഴിവാക്കാനാവാത്തതുമാണ്'.

രണ്ടാമധ്യായം, നവമാധ്യമങ്ങളുടെ പൊതുസ്വഭാവങ്ങളും അത്തരമൊരു മാധ്യമമെന്ന നിലയിൽ സെൽഫോണിനുള്ള സാധ്യതകളും വിശദീകരിക്കുന്നു. നിരവധി പഠനങ്ങളുദ്ധരിച്ചുകൊണ്ട് ബിനു നവമാധ്യമങ്ങളുടെ അടിസ്ഥാന ഘടന ഇങ്ങനെ സംഗ്രഹിക്കുന്നു:

'നവമാധ്യമങ്ങളുടെ ഏറ്റവും വലിയ സവിശേഷത അത് ഒരേസമയം വ്യക്ത്യന്തര (interpersonal) മാധ്യമവും ബഹുജനമാധ്യമവുമാണ് എന്നതാണ്. ബഹുജനമാധ്യമം എന്ന നിലയിൽ നവമാധ്യമങ്ങൾ പരമ്പരാഗത അനലോഗ് മാധ്യമങ്ങളുടെ പരിമിതികളെ ലഘൂകരിക്കുന്നു. മാധ്യമരംഗത്തെ കേന്ദ്രീകൃത അധികാരവും ബാഹ്യശക്തികളുടെ ഇടപെടലുകളും നിയന്ത്രണങ്ങളും പരിമിതപ്പെടുത്തി നവമാധ്യമങ്ങൾ അനുവാചകരു(audience)മായുള്ള ബന്ധത്തെ പുനഃക്രമീകരിക്കുന്നു. വിവരസാങ്കേതിക യുഗത്തിൽ നവമാധ്യമങ്ങൾ വളരെ സർഗാത്മകവും ചലനാത്മകവും വിജ്ഞാനപരവും ബുദ്ധിപരവും പരസ്പര സമ്പർക്കത്തിനുതകുന്ന ചർച്ചകളുടെയും സംവാദങ്ങളുടെയും സജീവപ്രതലം കൂടിയാണ്.

നവമാധ്യമങ്ങളുടെ ഗുണങ്ങളിൽ പ്രധാനപ്പെട്ടതായി മാത്യുറൈൻ (Mathurine) കണ്ടെത്തുന്നത് ഡിജിറ്റൽ സ്വഭാവം, പരസ്പരസമ്പർക്കം, വ്യക്തിപരത, സമന്വയം, ശൃംഖലാവൽക്കരണം തുടങ്ങിയവയാണ്. നാഗസ്വെറിന്റെയും (Nagasver) കൃഷ്ണസ്വാമിയുടെയും (Krishnaswamy) നിരീക്ഷണത്തിൽ നവമാധ്യമങ്ങളുടെ പ്രധാനപ്പെട്ട സ്വഭാവസവിശേഷതകൾ ശൃംഖലാവൽക്കരണം, സംഭരണശേഷി (dense), സംക്ഷിപ്തത, പരസ്പരസമ്പർക്കം, നിഷ്പക്ഷത തുടങ്ങിയവയാണ്. വിവിധ പഠിതാക്കൾ കണ്ടെത്തിയ നവമാധ്യമ സവിശേഷതകളിൽ പൊതുവായിട്ടുള്ളത് ഡിജിറ്റൽ സ്വഭാവം, പരസ്പര സമ്പർക്കം, അധിപാഠപരത, വ്യാപനം, പ്രതീതിപരത, ബഹുമാധ്യമം, നിർവഹണം, ശൃംഖലാവൽക്കരണം, സമന്വയം, നടപടിക്രമം, അരേഖീയം, ഉയർന്ന മധ്യസ്ഥത തുടങ്ങിയവയാണ്. ഇവയിൽ ഏറ്റവും പ്രസക്തമായ അഞ്ച് സവിശേഷതകൾ ഡിജിറ്റൽവൽക്കരണം, സമന്വയം, പരസ്പരസമ്പർക്കം, വ്യക്തിപരത, ശൃംഖലാവൽക്കരണം തുടങ്ങിയവയാണ്.

നവമാധ്യമങ്ങളുടെ അടിസ്ഥാനസ്വഭാവമാണ് അവയുടെ ഡിജിറ്റൽവൽക്കരണം. നവമാധ്യമങ്ങളിലൂടെയുള്ള വിവരങ്ങളുടെ നിർമ്മാണവും കൈമാറ്റവും ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നത്. മാധ്യമസമന്വയത്തിന്റെ ഫലമായി ബഹുമാധ്യമം എന്ന നിലയിലാണ് ഇന്ന് നവമാധ്യമങ്ങൾ പ്രസക്തമാകുന്നത്. ഇതിലൂടെ രൂപപ്പെടുത്തുന്ന സന്ദേശം വ്യക്തികേന്ദ്രീകൃതമോ, അങ്ങനെ തോന്നിപ്പിക്കുന്നതോ ആണ്. ഏത് തരത്തിലുള്ള സന്ദേശവും ജനങ്ങൾക്ക് തുല്യനിയന്ത്രണത്തോടെ എത്രപേർക്ക് വേണമെങ്കിലും അയയ്ക്കാം. ഓരോ ഉപയോക്താവിനും ഇത്തരം സന്ദേശങ്ങൾ പങ്കുവയ്ക്കാനും ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്താനും ഇവ സ്വീകരിക്കുന്നതിന് നിയന്ത്രണം വരുത്താനും സാധിക്കും. ഉപയോക്താവിന് ഒരിക്കൽ മാത്രം ഒരു രൂപത്തിലുള്ള സന്ദേശം അയയ്ക്കുക എന്ന പരിമിതി ഇല്ലാതാകും. ഇതിന്റെ പകർപ്പുകൾ എപ്പോൾ വേണമെങ്കിലും എടുക്കാനും രൂപപരിണാമം വരുത്താനും സാധിക്കും. ബഹുജനമാധ്യമം എന്ന നിലയിൽ അതിന്റെ എല്ലാ ധർമ്മങ്ങളും നിറവേറ്റുമ്പോഴും അടിസ്ഥാനപരമായി നവമാധ്യമങ്ങൾ വ്യക്തിഗതമാധ്യമം കൂടിയാണ്. വ്യക്തിപരമായ ആശയവിനിമയവും വിവരകൈമാറ്റവും നവമാധ്യമങ്ങളുടെ മാത്രം സവിശേഷതയാണ്. ഇന്റർനെറ്റ്, മൊബൈൽ ഫോൺ നെറ്റ്‌വർക്കുകൾ ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. മാത്രമല്ല, അവ സദാസമയവും പ്രവർത്തനനിരതവുമാണ്'.

തുടർന്ന്, ആധുനിക, നവ മാധ്യമങ്ങളെ താരതമ്യം ചെയ്ത്, ആധുനികമാധ്യമങ്ങളിൽ നിന്നു ഭിന്നമായി മാധ്യമസമന്വയത്തിലൂടെ നവമാധ്യമങ്ങൾക്കു കൈവന്നിട്ടുള്ള വിപ്ലവപരമായ ആവിഷ്‌ക്കാര സാധ്യതകൾ വിവരിക്കുന്നു. 'ഏഴാമത്തെ ബഹുജനമാധ്യമം' (അച്ചടി, ശബ്ദലേഖനം, സിനിമ, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവക്കുശേഷം) എന്നു വിശേഷിപ്പിക്കപ്പെടുന്ന മൊബൈൽഫോണിന്റെ സാങ്കേതിക, സാംസ്‌കാരിക സ്വരൂപങ്ങളെ ബിനു ഇങ്ങനെ സംഗ്രഹിക്കുന്നു:

'മാധ്യമപഠനരംഗത്ത് ആദ്യകാലങ്ങളിൽ പരമ്പരാഗത മാധ്യമങ്ങളുടെ ഉപമാധ്യമം എന്ന നിലയിലാണ് മൊബൈൽ ഫോണിനെ കരുതിയിരുന്നത്. എന്നാൽ, വർത്തമാനകാലത്ത് ബഹുജനമാധ്യമം, സമ്പൂർണമാധ്യമം എന്നീ നിലയിൽത്തന്നെ മൊബൈൽഫോണിനെ പഠനവിധേയമാക്കുന്നു. നവമാധ്യമങ്ങളുടെ തുടർച്ച എന്ന നിലയിലാണ് മൊബൈൽ ഫോൺ കടന്നുവരുന്നത്. 2 ജി, 3 ജി മൊബൈൽ സാങ്കേതികവിദ്യയുടെ കടന്നുവരവോടുകൂടി മൊബൈൽ ഫോണിന് ഇതര നവമാധ്യമങ്ങളെയും കംപ്യൂട്ടർ കേന്ദ്രീകൃത ഇന്റർനെറ്റിനെയും അപേക്ഷിച്ച് വ്യത്യസ്തവും വൈവിധ്യമാർന്ന ധർമങ്ങളും പ്രവൃത്തികളും ജനങ്ങളുടെ നിത്യജീവിതത്തിൽ ചെലുത്താൻ സാധിക്കും. പുതിയതും, ചെറുപ്പവും, വളരെ ശക്തിയേറിയതും വിശാലമായ പരിധിയുമുള്ള മാധ്യമമാണ് മൊബൈൽ ഫോൺ (Ahonen, 2008 August: 68). മൊബൈൽ ഫോണിന്റെ തനത് സവിശേഷതകൾ ഈ മാധ്യമത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഡേവിഡ് ചെറൂയിയോട്ട് (David Cheruiyot) അഞ്ച് ഐകൾ (5I) എന്ന പേരിൽ ചില നിരീക്ഷണങ്ങൾ നടത്തുന്നു. അവ താഴെപ്പറയുന്നവയാണ്.

1. അടിയന്തരസ്വഭാവം (immediacy).

2. അന്തർദ്ദേശീയത അല്ലെങ്കിൽ സാർവത്രികത (internationality or ubiquity).

3. ഇതര മാധ്യമങ്ങളുമായുള്ള കൂടിച്ചേരൽ (integration (of media)).

4. സ്ഥലകാല നിബദ്ധതയിൽ നിന്നുള്ള സ്വതന്ത്രാസ്തിത്വം (independence of time and space).

5. പരസ്പരസമ്പർക്കം അല്ലെങ്കിൽ ഇടപെടൽശേഷി (interactivity) തുടങ്ങിയവയാണവ (2012:23).

മൊബൈൽ ഫോൺ ഉപയോഗം വ്യത്യസ്ത ലക്ഷ്യങ്ങളിലും സാംസ്‌കാരിക സന്ദർഭങ്ങളിലും വ്യത്യസ്തമായിരിക്കും. മാധ്യമം എന്ന നിലയിൽ മൊബൈൽ ഫോൺ വ്യക്തിപരം, സാമൂഹികം, ബഹുജനമാധ്യമം തുടങ്ങി വിവിധ അർഥതലങ്ങളെ ഉൾക്കൊള്ളുന്നു (Oksman, 2010: 3). സ്ഥാപനവൽക്കരിക്കപ്പെടാത്തതും പരിധി നിർണയിക്കപ്പെടാത്തതുമായ മാധ്യമമാണ് മൊബൈൽ ഫോൺ. സ്വതന്ത്രാസ്തിത്വമുള്ള നവമാധ്യമപ്രതലം, ബഹുമാധ്യമങ്ങളുടെ ഏറ്റവും മേന്മയുള്ള വാഹനം (vehicle of multimedia for excellence) എന്നും ഇതറിയപ്പെടുന്നു (Schanke, 2012 April: 5)'.

പിന്നീടുള്ളത്, ബഹുജനമാധ്യമം എന്ന നിലയിൽ വൻസ്വീകാര്യത കൈവരിക്കാൻ സെൽഫോണിനെ സഹായിച്ച എട്ടു സവിശേഷതകളുടെ വിശദമായ ചർച്ചയാണ്. വ്യക്തിഗതമാധ്യമമെന്ന നിലയിലുള്ള സാധ്യതകൾ, ബഹുജനമാധ്യമപരത, ഒപ്പം കൊണ്ടുനടക്കുന്ന മാധ്യമമെന്ന അവസ്ഥ, സാമ്പത്തികവിനിമയം നടത്താൻ കഴിയുന്ന മാധ്യമമെന്ന പദവി, സർഗാത്മകസാധ്യതകളുടെ മാധ്യമമെന്ന രീതി, ഉപഭോക്താക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന മാധ്യമമെന്ന നില, അടിമുടി സാമൂഹികത മുറ്റിനിൽക്കുന്ന മാധ്യമമെന്ന സ്വഭാവം, പ്രതീതിയാഥാർഥ്യത്തിന്റെ എട്ടു സവിശേഷതകൾ. (ഇവയുടെ സ്രോതസ്സുകൾ വെളിപ്പെടുത്തുന്നില്ല, ഗ്രന്ഥകാരൻ എന്നതു ഖേദകരമാണ്).

മൂന്നാമധ്യായം, വിവരസാങ്കേതികയുഗം എന്ന സങ്കല്പനത്തെ പൊതുവിൽ പരിചയപ്പെടുത്തുന്നു. 1980-കളോടെ പാശ്ചാത്യസമൂഹങ്ങളിലും '90-കളോടെ ഇന്ത്യയുൾപ്പെടെയുള്ള വികസ്വരസമൂഹങ്ങളിലും നിലവിൽവന്ന ഇലക്‌ട്രോണിക് മാധ്യമകേന്ദ്രിതമായ സാങ്കേതികസംസ്‌കാരത്തിന്റെ വിളിപ്പേരാണല്ലോ ഇത്. ടെലികമ്മ്യൂണിക്കേഷൻ രംഗത്തുണ്ടായ വൻ കുതിപ്പുകളാണ് ഇതിനടിത്തറയിട്ടത്. കംപ്യൂട്ടർ എന്ന ഉപകരണം ഇന്റർനെറ്റ് എന്ന മാധ്യമവുമായിച്ചേർന്ന് സംസ്‌കാരത്തിന്റെ സമസ്തരംഗങ്ങളിലും സൃഷ്ടിച്ച മാറ്റങ്ങളാണ് ഇതിന്റെ സ്വരൂപം. 'ഡിജിറ്റൈസേഷൻ' ഈ മാറ്റങ്ങളുടെ ചുക്കാൻ പിടിച്ചു.

വിവരസാങ്കേതികവിദ്യ, മൊബൈൽഫോൺ രംഗത്തു സൃഷ്ടിച്ചിട്ടുള്ള മാറ്റങ്ങളുടെ ചർച്ചയാണ് തുടർന്ന്. സാമ്പത്തികരംഗം, തൊഴിൽരംഗം, ആശയവിനിമയരംഗം എന്നിവയിൽ മൊബൈൽ സാങ്കേതികവിദ്യ കൈവരിച്ച വിസ്മയങ്ങളുടെ വിശകലനം ഈ ഭാഗത്തുണ്ട്. വിവരസാങ്കേതികയുഗത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ 'സ്മാർട്ട്‌ഫോൺ' സംസ്‌കാരത്തെ വിശേഷിപ്പിച്ചുകൊണ്ട്. ലോകജനസംഖ്യയുടെ പകുതിയിലധികംപേർ പങ്കാളികളായിക്കഴിഞ്ഞ ഒരു ഇന്റർനെറ്റ് വിപ്ലവത്തിന്റെ കഥ പറയുന്നു, ബിനു.

നാലാമധ്യായം 'സൈബർസംസ്‌കാരം' എന്ന സങ്കല്പനത്തെക്കുറിച്ചാണ്. സെൽഫോൺ എങ്ങനെ ഈ സംസ്‌കാരത്തിന്റെ കേന്ദ്രരൂപകവും സൂചകവുമായി മാറി എന്നതിന്റെ വിവരണം ഇവിടെയുണ്ട്.

അഞ്ചാമധ്യായം നവമാധ്യമമെന്ന നിലയിൽ മൊബൈൽഫോൺ സമകാല ജീവിതസംസ്‌കാരത്തിൽ സൃഷ്ടിക്കുന്ന വഴിമാറ്റങ്ങളുടെ സൂചനകളവതരിപ്പിക്കുന്നു. സാങ്കേതികതയും സംസ്‌കാരവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ട് (ഇവിടെ പക്ഷെ റെയ്മണ്ട് വില്യംസിന്റെ വിഖ്യാതമായ പഠനവും മക്‌ലൂഹനു വില്യംസും തമ്മിൽ നടന്ന (നവവിമർശകരും മാർക്‌സിസ്റ്റുകളും തമ്മിൽ നടന്ന എന്നും പറയാം) സംവാദവുമൊന്നും ബിനു പരിഗണിക്കുന്നതേയില്ല) ഈ പുസ്തകത്തിലെ കേന്ദ്ര പ്രമേയം വിശദീകരിക്കപ്പെടുന്നത് ഇവിടെയാണ് (പുറം 115-134).

സ്ഥലകാലസങ്കല്പങ്ങളിൽ സംഭവിച്ച അട്ടിമറി, ശൃംഖലിതസമൂഹങ്ങളെന്ന നിലയിലേക്കുണ്ടാ മാറ്റങ്ങൾ, ആഗോളഗ്രാമമെന്ന യാഥാർഥ്യം, ജീവിതത്തിൽ സംഭവിച്ചുകഴിഞ്ഞ 'മൊബിലിറ്റി', യുവാക്കളിൽ ഈ മാധ്യമം സൃഷ്ടിച്ചിരിക്കുന്ന സവിശേഷമായ സ്വാധീനവും പ്രഭാവവും എന്നീ അഞ്ചു മേഖലകളിലുള്ള ഊന്നലാണ് ഈ പഠനത്തെ ശ്രദ്ധേയമാക്കുന്നത്. നിരവധി മാധ്യമ-സാങ്കേതിക പഠനങ്ങളുടെ പിൻബലം ഈ ഭാഗത്തെ നിരീക്ഷണങ്ങൾക്കുണ്ട്.

ആറാമധ്യായം, എസ്.എം.എസ്. എന്ന ആശയവിനിമയരീതിയെക്കുറിച്ചാണ്. മൊബൈൽഫോൺ അതിന്റെ രണ്ടാം ഘട്ടത്തിൽ സൃഷ്ടിച്ച ഏറ്റവും പ്രധാനപ്പെട്ട വിനിമയവിപ്ലവമായിരുന്നു എസ്.എം.എസ്. 1993-ൽ നിലവിൽവന്ന ഈ സങ്കേതം രണ്ടുപതിറ്റാണ്ടുകാലം സെൽഫോണിന്റെ ഏറ്റവും ജനകീയമായ ആശയ-വാർത്താ-വിനിമയസമ്പ്രദായമായിരുന്നു. വാട്‌സാപ്പ് ഇന്നിപ്പോൾ ഈ സങ്കേതത്തെ വൻതോതിൽ റദ്ദാക്കിയിട്ടുണ്ടെങ്കിലും 'Texting' എന്ന പേരിൽ പുതിയൊരു ഭാഷാ-ഭാഷണ-വിനിമയ സംസ്‌കാരത്തിനുതന്നെ രൂപം കൊടുത്തു, ഇത്.

ഈ പുസ്തകത്തിലെ ഏറ്റവും വിശദവും വിവരണാത്മകവുമായ പഠനലേഖനം ഇതാണ്. സാങ്കേതികവും സാമ്പത്തികവും സാമൂഹികവും മാധ്യമപരവും ഭാഷാപരവും സാംസ്‌കാരികവുമൊക്കെയായി എസ്.എം.എസിന്റെ വിശകലനം നിർവഹിക്കുന്നു, ബിനു. എങ്കിലും ഈ പഠഠനത്തിനുള്ള പരിമിതി, (ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളുടെയും പരിമിതിയാണിത്) സ്വതന്ത്രമായ ഒരന്വേഷണ, ഗവേഷണ രീതിശാസ്ത്രം വികസിപ്പിക്കുന്നില്ല എന്നതാണ്. പാശ്ചാത്യപഠനങ്ങളെ ആശ്രയിച്ചുള്ള വിവിരശേഖരണവും അവലോകനവുമായി മാറുന്നതല്ലാതെ കേരളീയസന്ദർഭത്തിന്റെ ഏതെങ്കിലും തരത്തിലുള്ള വിശകലനം ഈ ലേഖനങ്ങളിൽ കടന്നുവരുന്നില്ല.

ഡേവിഡ് ക്രിസ്റ്റലിന്റെ 'Texting' എന്ന ഗ്രന്ഥത്തെ ആശ്രയിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ഭാഷാ-ഭാഷണസംസ്‌കാരപഠനത്തിന്റെ അടിത്തറയിലാണ് 'നവമാധ്യമങ്ങളിലെ ഭാഷ'-യെന്ന വിഷയം തുടർന്നുള്ള ലേഖനത്തിൽ അവതരിപ്പിക്കപ്പെടുന്നത്. 'വ്യക്തിഗത-സാമൂഹിക മാധ്യമമായ ഇന്റർനെറ്റ് വളരെ കുറഞ്ഞ സമയംകൊണ്ടുതന്നെ വിവിധ തരത്തിലുള്ള ഭാഷാപ്രയോഗങ്ങളുടെ ചാലകമായി ലോകം മുഴുവൻ പ്രചരിച്ചു. വ്യത്യസ്തത, പ്രാദേശികത, ഭാഷാഭേദം, പശ്ചാത്തലം, ആവശ്യം, ഉദ്ദേശ്യശുദ്ധി, ഉപയോക്താക്കളുടെ മനോഭാവം തുടങ്ങി വൈവിധ്യമാർന്ന നിരവധി ഘടകങ്ങൾ ഇന്റർനെറ്റ് ഭാഷയെ സ്വാധീനിക്കുന്നു. ഓരോ വ്യക്തിയുടെയും സ്വഭാവവൈശിഷ്ട്യങ്ങൾ ഇന്റർനെറ്റ് ഭാഷയിൽ പ്രകടമാവുക സ്വാഭാവികമാണ്. അനൗദ്യോഗിക ഭാഷാപ്രയോഗങ്ങൾക്കാണ് മുഖ്യമായും ഇന്റർനെറ്റ് ഭാഷ ഉപയോഗിക്കുക. സാധാരണ സന്ദേശം (texting), ഐ.എം., സമൂഹ ശൃംഖലാസൈറ്റ്, ചാറ്റ്മുറി, ഓൺലൈൻ ഗെയിം, വീഡിയോ ഗെയിംസ്, അനൗപചാരിക ഇ-മെയിൽ, ഓൺലൈൻ കൂട്ടായ്മ തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും ഇന്റർനെററ് ഭാഷ ഉപയോഗിക്കുന്നത്. ഓൺലൈൻ സമൂഹത്തിന്റെ രൂപീകരണവും നിലനിൽപ്പുമാണ് ഇന്റർനെറ്റ് ഭാഷയുടെ അടിസ്ഥാന പ്രേരകശക്തി.

ഇന്റർനെറ്റ് ഭാഷയുടെ പ്രത്യേകത അത് സംഭാഷണഭാഷയുടെ രീതിയിൽ എഴുതുന്നു എന്നതാണ് (Baron, 2013 June 14:5). ഓൺലൈൻ വഴിയുള്ള ഭാഷാവിനിമയം ലിഖിത-ഭാഷണ രൂപങ്ങൾ ചേർന്ന സങ്കരഭാഷ സൃഷ്ടിക്കുന്നു. സന്ദേശം വായിക്കുമ്പോൾ പരസ്പരം സംസാരിക്കുന്ന പ്രതീതിയാണിത് ഉളവാക്കുന്നത് (Bodomo and Lee, 2001 July 4-8: 13). അതുകൊണ്ടാണ് ഡേവിഡ് ക്രിസ്റ്റൽ ഇന്റർനെറ്റ് ഭാഷയെ 'എഴുതപ്പെട്ട ഭാഷണം' (written speech) എന്നു വിശേഷിപ്പിക്കുന്നത് (2011:25) എസ്.എം.എസുകളെ അപേക്ഷിച്ച് നീളമുള്ള വാചകങ്ങൾ ഇന്റർനെറ്റിലൂടെ കൈമാറാമെങ്കിലും, ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് സമയലാഭം, കൂടുതൽ സമയം കീബോർഡിൽ കൈവിരൽ അമർത്തുന്നത് ഒഴിവാക്കുക തുടങ്ങിയ സൗകര്യങ്ങൾ കാരണം ചുരുക്കെഴുത്തുകൾ നിറഞ്ഞ ഇന്റർനെറ്റ് ഭാഷയാണ് കൂടുതലായി ഉപയോഗിക്കുന്നത്. പരമ്പരാഗത ഇംഗ്ലീഷ് ഭാഷയുടെ മാനകനിയമങ്ങൾ അതേപടി പിൻതുടരുന്നില്ല എന്നത് ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത ജനങ്ങൾക്കിടയിൽ ഇന്റർനെറ്റ് ഭാഷ പ്രചരിക്കുന്നതിന്റെ മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്. കീബോർഡ് ചിഹ്നങ്ങൾ, അക്കങ്ങൾ, അക്ഷരങ്ങൾ തുടങ്ങിയവയാണ് ഇന്റർനെറ്റ് ഭാഷയുടെ അടിസ്ഥാന ഘടകങ്ങൾ. ഇന്റർനെറ്റ് ഭാഷ എല്ലായിടത്തും ഒരുപോലെയുള്ള ഭാഷാവൈവിധ്യമല്ല, മറിച്ച് ജനങ്ങളുടെ സാമൂഹിക-സാംസ്‌കാരിക സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും'.

എസ്.എം.എസ്. ഭാഷയുടെ ശൈലിപരവും ഭാഷണപരവും ചിഹ്ന-ചിഹ്നനപരവും ദൃശ്യപരവുമൊക്കെയായ സവിശേഷതകൾ അപഗ്രഥിക്കുന്നു, തുടർന്ന്. (റഫറൻസ് പട്ടികയിൽ 'Texting' ഉൾപ്പെടുന്നുമില്ല!).

ഗ്ലോക്കലൈസേഷൻ (Glocalisation) എന്ന റൊളാങ് റോബർട്‌സൺ വികസിപ്പിച്ചെടുത്ത സങ്കല്പനം മുൻനിർത്തി മലയാള നവമാധ്യമങ്ങൾ ഇംഗ്ലീഷിനെ സ്വാംശീകരിക്കുന്നതിന്റെ തലങ്ങളന്വേഷിക്കുന്നു, അടുത്ത ലേഖനം. സാമ്പത്തികവും തൊഴിൽപരവും വിദ്യാഭ്യാസപരവും നരവംശശാസ്ത്രപരവും മറ്റും മറ്റുമായ നിരവധി സമകാല പ്രവണതകളുടെ ഭാഗമാണ് ആഗോളവൽക്കരണത്തിനു സമാന്തരമായി നടക്കുന്ന പ്രാദേശീകരണം. ഇംഗ്ലീഷിന്റെ നാനാതലങ്ങളിലുള്ള ആദാനശീലങ്ങൾ മലയാളത്തിൽ സൃഷ്ടിച്ചിട്ടുള്ള സങ്കരത്വത്തെയാണ് 'മംഗ്ലീഷ്' എന്ന പരിഹാസപ്പേരിട്ട് ടെലിവിഷൻ ചാനലുകളുടെ പ്രചാരകാലത്ത് മലയാളഭാഷാമൗലികവാദികൾ വിളിച്ചിരുന്നത്. മുഖ്യാമായും പദതലത്തിലെ കൂട്ടിച്ചേർക്കലുകളെയാണ് ഇതുകൊണ്ടുദ്ദേശിച്ചിരുന്നത്-ബിനു സൂചിപ്പിക്കുന്നതുപോലെ (പുറം 184) മലയാളപദങ്ങൾ ഇംഗ്ലീഷ് ലിപിയിലെഴുതുന്ന ലിപ്യന്തരണപ്രക്രിയയെയല്ല. ഭാഷാകംപ്യൂട്ടിംഗിനെ, ഭാഷാസാങ്കേതികവിദ്യയുടെ ഗ്ലോക്കലൈസേഷനായി കാണുന്നു, പിന്നീട്.

2013-14 കാലത്തു നടത്തിയ പഠനങ്ങളാണ് ഇവയെന്നു സൂചിപ്പിക്കുന്നുണ്ടെങ്കിലും മൊബൈൽഫോണിൽ അക്കാലത്തു ലഭ്യമായിരുന്നവയിൽ എസ്.എം.എസ്. എന്ന വിനിമയസങ്കേതത്തെ മാത്രമേ ഈ രചനകൾ അഭിസംബോധന ചെയ്യുന്നുള്ളു. അന്നുതന്നെ മൊബൈൽഫോണിൽ പ്രാധാന്യം നേടിത്തുടങ്ങിയിരുന്ന വാട്‌സാപ്പ്, ഫേസ്‌ബുക്ക്, ട്വിറ്റർ എന്നിവയൊന്നും ഈ പഠനങ്ങളിൽ സൂചിതമാകുന്നുപോലുമില്ല. 2017-ൽ പ്രസിദ്ധീകരിച്ച പുസ്തകമായിട്ടും അവയെക്കുറിച്ചൊരു പഠനം ഇതിലുൾപ്പെടുത്താൻ ശ്രമിച്ചിട്ടുമില്ല. സൈബർ പൊതുമണ്ഡലത്തിന്റെ നിർമ്മിതിയിൽ മൊബൈൽഫോൺ നിർമ്മിക്കുന്ന ധർമ്മങ്ങളും ആഗോളതലത്തിൽതന്നെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ സാമൂഹ്യമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനവുമൊന്നും ഈ പഠനങ്ങളുടെ പരിധിയിൽ വരുന്നില്ല. 2013-ൽതന്നെ റോബിൻ ജഫ്രിയുൾപ്പെടെയുള്ളവർ നടത്തിയ ഇന്ത്യൻ സെൽഫോൺപഠനങ്ങളും ബിനു പരിഗണിക്കുന്നില്ല. മലയാളത്തിലുണ്ടായിട്ടുള്ള പഠനങ്ങളുടെ കാര്യവും അങ്ങനെതന്നെ.

'സംസ്‌കാരനിർമ്മിതി'യുടെ നവമാധ്യമമെന്ന നിലയിൽ സെൽഫോണിനെ സമീപിക്കുന്നതിന്റെ ആദ്യപടിയെന്ന നിലയിൽ ഈ പുസ്തകത്തിനു തീർച്ചയായും മലയാളത്തിൽ സാംഗത്യമുണ്ട്. ഇത്രയും വിപുലമായ പശ്ചാത്തലത്തിൽ സെൽഫോണിന്റെ ചരിത്ര, സാങ്കേതിക, വൈജ്ഞാനിക തലങ്ങൾ പരിചയപ്പെടുത്തുന്ന മറ്റൊരു പഠനം ഇവിടെയില്ല എന്നതുകൊണ്ടുതന്നെ ഭാവിപഠനങ്ങൾക്ക് ഒരടിത്തറയാകുന്നുണ്ട്, ഈ പുസ്തകം.

പുസ്തകത്തിൽനിന്ന്:-

'മൊബൈൽഫോൺസമൂഹത്തിന്റെ അടിസ്ഥാനസ്വഭാവം അതിന്റെ ശൃംഖലാവൽക്കരണമാണ്. ആഗോളസംസ്‌കാരം എന്ന ആശയത്തിന്റെ സാക്ഷാൽക്കാരം കൂടിയാണിത്. ആഗോളശൃംഖല എന്ന സങ്കൽപ്പത്തിന്റെ തുടർച്ചയാണ് ശൃംഖലാവൽക്കൃതസമൂഹത്തിന്റെ രൂപീകരണം. ഈ ആശയത്തിന്റെ വ്യത്യസ്ത രീതിയിലുള്ള പ്രയോഗരീതികൾക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചരിത്രപരമായി പരിശോധിച്ചുനോക്കിയാൽ ശൃംഖലകൾക്ക് സ്വകാര്യജീവിതത്തിലും സാമൂഹികജീവിതത്തിലും വളരെയധികം സ്വാധീനമുണ്ടായിരുന്നു. ഉൽപ്പാദനം, ശക്തി, യുദ്ധം, ദൈവാലയം, രാജ്യം തുടങ്ങി വ്യത്യസ്ത ലക്ഷ്യങ്ങളിൽ നിരവധി ശൃംഖലകൾ നിലനിന്നിരുന്നു. ഇവയെല്ലാം ഏതെങ്കിലുമൊരു കേന്ദ്രീകൃത അധികാരഘടനയുടെ ഭാഗമായിരുന്നു. ശൃംഖലയിലെ അംഗങ്ങൾക്ക് പരിമിതമായ സ്വാതന്ത്ര്യം മാത്രമാണുണ്ടായിരുന്നത്. നിയതമായ ചട്ടങ്ങളും മര്യാദകളും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാൽ, വിവരവിനിമയ സാങ്കേതികതകളുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും ഭാഗമായി രൂപപ്പെടുന്ന ശൃംഖലകൾ ഇത്തരത്തിലുള്ള നിരവധി പരിമിതികളെ അതിജീവിക്കുന്നു. കേന്ദ്രീകൃത അധികാരഘടനയില്ലാത്ത മൊബൈൽ ഫോൺ - ഡിജിറ്റൽ ശൃംഖലകൾ വളരെ അയഞ്ഞതും സൗകര്യപ്രദവും സ്വീകാര്യതയും സ്വാതന്ത്ര്യവും സ്വയംനിർണയാവകാശമുള്ളതുമാണ്. കൂടാതെ ആശയവിനിമയത്തിന്റെയും അഭിപ്രായരൂപീകരണത്തിന്റെയും പ്രതലം കൂടിയാണ്. ഇത് ആധുനികാർഥത്തിൽ ശൃംഖലാവൽക്കൃത സമൂഹത്തിന്റെ നട്ടെല്ല് എന്നത് വാർത്താവിനിമയ ശൃംഖലയാണ് (Castells, 2005:4). ലോകത്തുള്ള മുഴുവൻ ആളുകളെയും ഉൾക്കൊള്ളുന്ന ശൃംഖലയായി ഇന്നിത് മാറിയിരിക്കുന്നു.

ഇന്റർനെറ്റ്, കംപ്യൂട്ടർ, മൊബൈൽ ഫോൺ, ഇതര വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയ നവമാധ്യമ സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും വ്യാപകമായ പ്രചാരം സമൂഹത്തിന്റെ അടിസ്ഥാനഘടനയെത്തന്നെ മാറ്റിത്തീർത്തു. ലോകം മുഴുവൻ ഉൾക്കൊള്ളുന്ന വലിയൊരു ശൃംഖലയുടെ ഭാഗമായാണ് ജനങ്ങൾ ഇന്ന് തങ്ങളുടെ സാമൂഹികവും വ്യക്തിപരവുമായ ദൈനംദിന ജീവിതാവശ്യങ്ങൾ നിറവേറ്റുന്നത്. ശൃംഖലാവൽക്കൃത സമൂഹം എന്നത് ഏതെങ്കിലും ശൃംഖലയെ അടിസ്ഥാനമാക്കിയ സാമൂഹികഘടനയാണ്. വിവര-വിനിമയ സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തി മൈക്രോ ഇലക്ട്രോണിക്‌സും ഡിജിറ്റൽ കംപ്യൂട്ടർ നെറ്റ്‌വർക്കും കൂടി സൃഷ്ടിക്കുന്ന ശൃംഖലയിൽ വിവര-വിജ്ഞാനങ്ങളുടെ രൂപപ്പെടുത്തലും അവയുടെ കൈമാറ്റവുമാണ് മുഖ്യമായും നടക്കുന്നത്. സമൂഹത്തിന്റെ മാധ്യമ ശൃംഖലയുടെയും അടിസ്ഥാനഘടനയിലുണ്ടായ പുനഃക്രമീകരണം എന്നും ഇതിനെ വിശേഷിപ്പിക്കാം. മൊബൈൽ ഫോൺ നിരന്തരം കൂടെകൊണ്ടുനടക്കുന്ന ഉപകരണമായതുകൊണ്ടുതന്നെ ഒഴിവുസമയത്ത് ഉപയോക്താക്കൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നു. ഇതിന്റെ ഫലമായി ഭൗതികപരിസരത്തിൽനിന്നും സാമൂഹിക യാഥാർഥ്യത്തിൽനിന്നും ജനങ്ങൾ സ്വയം മാറ്റപ്പെട്ട് മൊബൈൽ ശൃംഖല തീർക്കുന്ന ഗോത്രത്തിന്റെ ഭാഗമായിത്തീരുന്നു (May and Hearn, 2005 June:22). കംപ്യൂട്ടറും ഇന്റർനെറ്റും സൃഷ്ടിക്കുന്ന ഡിജിറ്റൽ ശൃംഖലകളെ അപേക്ഷിച്ച് എപ്പോഴും സഞ്ചരിക്കുന്ന വ്യക്തിഗതശൃംഖലയുടെ സാധ്യതകളാണ് മൊബൈൽ ഫോൺ തുറന്നുതരുന്നത്.

ആധുനികാർഥത്തിൽ മൊബൈൽ ശൃംഖലയെ കേന്ദ്രീകരിച്ചാണ് ശൃംഖലാവൽക്കൃത സമൂഹത്തിന്റെ വികാസപരിണാമങങൾ. മൊബൈൽ നെറ്റ്‌വർക്ക് സാങ്കേതികത ഇന്റർനെറ്റിന്റെ ചാലകമായതോടുകൂടി മൊബൈൽ ഫോൺ ജനങ്ങളുടെ നിത്യജീവിതത്തിന്റെ എല്ലാ ഘടകങ്ങളിലും അതിശക്തമായ സ്വാധീനം ചെലുത്തുന്നു. ആധുനിസമൂഹത്തിൽ മൊബൈൽ ഫോൺ വ്യവസായം, ഭരണനിർവഹണം, സാമ്പത്തികം, വ്യാപാരം തുടങ്ങിയ നിത്യജീവിതത്തിൽ ആവശ്യമായ എല്ലാ ഘടകങ്ങളെയും സംയോജിപ്പിക്കുന്നു. മൊബൈൽ ഫോൺ കേന്ദ്രീകൃത ഓൺലൈൻ ലോകം ഇന്ന് ഡിജിറ്റൽവിപണി, ഷോപ്പിങ്മാൾ, സാമൂഹിക ആശയവിനിമയം, വാണിജ്യ ഉള്ളടക്കം, ചാറ്റ്‌ഫോറം, പഠനപ്രതലം, വിഷയത്തെ അടിസ്ഥാനമാക്കിയ ചുമതലകളെ സുഖകരമാക്കുക, ജനതതികളുടെ പ്രവർത്തനമണ്ഡലം (communities of practices) തുടങ്ങിയ വിവിധ തലങ്ങളിലേക്ക് വികസിക്കുന്നു (Muraszkiewicz, 2009 April:115). ഡിജിറ്റൽ വിവരവിനിമയ സാങ്കേതികവിദ്യയുടെ സഹായത്താൽ ഒഴുകുന്ന ഇടം (space flow) എന്ന സങ്കൽപ്പം ശൃംഖലാസമൂഹത്തിന്റെ അടിസ്ഥാന സ്വഭാവമായി മാറിയിരിക്കുന്നു. പരമ്പരാഗത ശൃംഖലകളെ അപേക്ഷിച്ച് നവമാധ്യമ സാങ്കേതികതകളുടെ ഫലമായി രൂപപ്പെട്ട ശൃംഖലകൾ ആശയവിനിമയരീതികളിലും അവയുടെ സങ്കൽപ്പങ്ങളിലും പൊളിച്ചെഴുത്തുകൾ നടത്തുന്നു. ശൃംഖലാവൽക്കൃത സമൂഹം മാധ്യമശൃംഖലകൾ തമ്മിലുള്ള ബന്ധത്തെ വളർത്തുകയും ജനങ്ങൾ തമ്മിലുള്ള മുഖാമുഖ ആശയവിനിമയത്തെ ഡിജിറ്റൽ സാങ്കേതികവിദ്യ മാറ്റിത്തീർക്കുന്നു. പൊതുവിൽ ജനങ്ങളുടെ സാമൂഹികബന്ധങ്ങളും സംസർഗശീലങ്ങളും ഇന്ന് വയർലെസ് ആശയവിനിമയത്തിന്റെ ഭാഗമായി ക്രമീകരിക്കപ്പെടുകയും അവർ ശൃംഖലാവൽക്കൃത സമൂഹത്തിന്റെ ഭാഗമായി മാറുകയും ചെയ്തിരിക്കുന്നു'.

മൊബൈൽഫോൺ: സംസ്‌കാരനിർമ്മിതിയുടെ നവമാധ്യമം
ബിനു സചിവോത്തമപുരം
കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
2017, വില: 120 രൂപ