പ്രതിദിനം അനവധി മോഡലുകൾ പുറത്തിറങ്ങുന്ന സ്മാർട്ട്‌ഫോണുകളുടെ പരമാവധി ആയുസ് അഞ്ചുവർഷം കൂടിയേ ഉള്ളൂവെന്ന് പുതിയ പഠനം. മൊബൈൽ സാങ്കേതിക വിദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വഴിമാറാൻ പോവുകയാണെന്നാണ് ഗവേഷകർ പറയുന്നത്. എറിക്‌സൺ കമ്പനിയുടെ കൺസ്യൂമർ ലാബ് സ്വീഡനിലെയും 39 രാജ്യങ്ങളിലെയും ഒരുലക്ഷത്തോളം ഉപഭോക്താക്കളെ സമീപിച്ച് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രതികരിക്കുന്ന ബുദ്ധിയുള്ള ഉപകരണങ്ങളായി ഫോൺ മാറുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. സ്മാർട്ട്‌ഫോണുകൾ കൈയിൽ പിടിച്ചുകൊണ്ട് പല ജോലികളും ചെയ്യാൻ ബുദ്ധിമുട്ടാണ്. ഡ്രൈവ് ചെയ്യുമ്പോഴും പാചകം ചെയ്യുമ്പോഴും സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. ഡിസ്‌പ്ലേ സ്‌ക്രീനുകളുടെ വലിപ്പം പല ഘട്ടങ്ങളിലും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ അതിജീവിക്കാൻ തക്ക ശേഷിയുള്ള ഉപകരണങ്ങളിലേക്ക് സ്മാർട്ട്‌ഫോൺ വഴിമാറുമെന്നാണ് ഗവേഷകർ പറയുന്നത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ് ഭാവിയിൽ ഉണ്ടാവുക. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് രൂപം മാറ്റാനും ഉപയോഗിക്കാനും കഴിയുന്നവയാകണം അവ. വെർച്വൽ റിയാലിറ്റിയുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. ഇത്തരം സാങ്കൽപ്പിക ലോകത്തിൽ ഫോൺ സാങ്കേതികതയും അതനുസരിച്ച് മാറും.

ഫോണുകളിൽനിന്ന് സാങ്കേതിക വിദ്യ വീടുനിർമ്മിക്കുന്ന ഇഷ്ടികകളിലേക്ക് വരെ മാറുന്ന കാലമാകും ഇനി വരാൻ പോകുന്നതെന്ന് ഗവേഷകർ പറയുന്നു. അങ്ങനെ വരുമ്പോൾ, വീടുകളിലെ ലീക്ക്, വൈദ്യുതി കണക്ഷനിലെ പ്രശ്‌നങ്ങൾ തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും തിരിച്ചറിയുന്ന സെൻസറുകൾ ഈ ഇഷ്ടികകളിൽ ഉണ്ടാകും. അടിയന്തിര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്ന തരത്തിൽ ചാറ്റുകളുടെ രൂപം മാറുമെന്നും ഉപഭോക്താക്കൾ കരുതുന്നു. സമൂഹത്തിന്റെ ആവശ്യങ്ങൾ പുറംലോകത്തെ അറിയിക്കുന്ന നെറ്റിസൺ ജേണലിസത്തിന്റെ കാലമാകും വരാനിരിക്കുക. സോഷ്യൽ മീഡിയിയിലൂടെ ഇത്തരം സംഭവങ്ങൾ പുറംലോകത്തെ എത്രയും വേഗം അറിയിക്കാൻ പറ്റുന്ന തരത്തിലേക്ക് സാങ്കേതിക വിദ്യ വളരുമെന്നും അവർ കരുതുന്നു.