തിരുവനന്തപുരം: കരിപ്പൂർ എയർപോർട്ടിൽ വൻതോതിൽ ലഗേജ് കൊള്ള നടക്കുന്നുവെന്ന് കാലങ്ങളായുള്ള പരാതിയാണ്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായിട്ടും എയർപോർട്ട് അധികൃതർ ഇതൊന്നും അറിഞ്ഞ മട്ടു കാണിക്കാറില്ല. കഴിഞ്ഞമാസം എയർപോർട്ടിൽ വന്നിറങ്ങിയവരുടെ ലഗേജിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതിനെ തുടർന്ന് ദമാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാലിക്കറ്റ് എയർപോർട്ട് യൂസേഴ്‌സ് ഫോറം അധികൃതർക്ക് പരാതി നൽകിയിരുന്നു.

ജൂലായ് ആദ്യം ദമാമിൽ നിന്ന് കരിപ്പൂരിൽ കുടുംബത്തോടെ വന്നിറങ്ങിയ സാമൂഹ്യ പ്രവർത്തകൻ റഫീഫ് കൂട്ടിലങ്ങാടിയുടെ ലഗേജിലെ മൂന്ന് വാച്ചുകൾ എയർപോർട്ടിൽവച്ച് അടിച്ചുമാറ്റുകയായിരുന്നു. വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണ് അവർ സംഭവമറിഞ്ഞത്. ഇതേത്തുടർന്നാണ് യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ പരാതി നൽകിയത്.

മുക്കിലും മൂലയിലും സിസിടിവി ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള എയർപോർട്ടിൽ ഇത്തരം കൊള്ള അവസാനിച്ചിട്ടില്ലെന്നാണ് കഴിഞ്ഞദിവസം കരിപ്പൂരിൽ നിന്ന് ദോഹയിലേക്കു പോയ മൻസൂർ അലി ഹസ്സന്റെ അനുഭവം വ്യക്തമാക്കുന്നത്. ജെറ്റ് എയർവെയ്‌സ് വിമാനത്തിൽ ദോഹയിലേക്ക് യാത്രചെയ്യാനെത്തിയപ്പോൾ ബോർഡിങ് സമയത്ത് ഭദ്രമായി അടച്ച് പൂട്ടിട്ടു പൂട്ടിയ ട്രോളി ബാഗ് കൗണ്ടറിൽ കൊടുക്കുകയായിരുന്നു. ദോഹയിലെ മുറിയിലെത്തി പെട്ടി തുറന്നപ്പോൾ അടിവശം കീറിയ നിലയിൽ കണ്ടു.

ഡിസ്പ്‌ളേ കേടായതിനെ തുടർന്ന് വാപ്പ റിപ്പയർചെയ്യാൻ ഏൽപിച്ചിരുന്ന സാംസങ് എസ് ത്രീ മൊബൈൽ അടിച്ചുമാറ്റിയതായാണ് കണ്ടെത്തിയത്. മുമ്പ് സ്‌ക്രീനിങ് കഴിഞ്ഞായിരുന്നു ലഗേജ് ഡ്രോപ്പെന്നും ഇപ്പോഴാണെങ്കിൽ കൗണ്ടറിൽ ലഗേജ് ഡ്രേ്ാപ്പുചെയ്ത് കഴിഞ്ഞാണ് സ്‌ക്രീനിങ്ങെന്നും അതിനാൽ തിരക്കില്ലാതെ സ്‌കാൻചെയ്ത് എന്തൊക്കെയുണ്ട് ലഗേജിലെന്ന് കണ്ടെത്തി ആവശ്യമുള്ളതൊക്കെ അടിച്ചുമാറ്റുകയാണ് കരിപ്പൂരിൽ നടക്കുന്നതെന്ന് മൻസൂർ പറയുന്നു.

സീസണെന്നും പറഞ്ഞ് ടിക്കറ്റിന്റെ പേരിൽ നല്ലൊരു സംഖ്യ കൊള്ളയടിക്കുന്നു. കസ്റ്റംസുകാരുടെ പിടിച്ചുപറി വേറെ. എമിഗ്രേഷൻ കാരുടെ 'മുയിച്ചു നോക്കലും' ചോദ്യംചെയ്യലും വേറെ. ഇതിനുപുറമെയാണ് കൗണ്ടറിലിരിക്കുന്നവരുടെ ആട്ടുംതുപ്പും. ഇതെല്ലാം കഴിഞ്ഞ് യാത്രചെയ്യുന്നവരെ തുരന്നുകക്കുന്ന പണികൂടി കരിപ്പൂരിൽ ഏർപ്പെടുത്തിയതിനെ കണക്കിന് പരിഹസിക്കുന്ന മൻസൂർ അലി ഹസ്സൻ രോഷം അടക്കാതെ ചോദിക്കുന്നു. ഞങ്ങൾ പ്രവാസികളെന്താ രണ്ടാംതരം പൗരന്മാരാണോ?

ഏറെക്കാലമായി കരിപ്പൂർ എയർപോർട്ടിനെപ്പറ്റി ഇത്തരത്തിൽ വ്യാപക പരാതി ഉണ്ടായിട്ടും അധികൃതർ ഇതിന്റെ പേരിൽ ചെറുവിരലനക്കുന്നില്ലെന്ന സാഹചര്യത്തിലാണ് ഇത്തരം കൊള്ളകൾ വീണ്ടുംവീണ്ടും നടക്കുന്നത്. പ്രവാസികളുടെ ജീവനും സ്വത്തിനും നല്ല വിലകൽപ്പിക്കുന്ന സർക്കാരും ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ല.

എയർപോർട്ട് അഥോറിറ്റി ഒന്നുകിൽ ശക്തമായി ഇടപെടണമെന്നും അല്ലെങ്കിൽ സർക്കാർ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് വ്യാപകമായി പ്രവാസികൾ ആവശ്യപ്പെടുന്നത്. സുരക്ഷാ പരിശോധനയുടെ ഭാഗമായും മറ്റും വിശ്വസിച്ച് ഏൽപ്പിക്കുന്ന ലഗേജ് അതേപടി തിരിച്ചുതരേണ്ട മര്യാദ അധികൃതർക്കില്ലാത്തതെന്തെന്ന ചോദ്യമാണ് ഉയരുന്നത്. ഈ കൊള്ളയടി അടിയന്തിരമായി അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

മൻസൂറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ: