തിരുവനന്തപുരം: മൊബൈലുകൾക്ക് റേഞ്ചിംഗില്ലെങ്കിൽ കുറ്റം പറയുന്നവരാണ് മലയാളികൾ. എന്നാൽ, അതേസമയം തന്നെ മൊബൈൽ ടവറുകൾ സ്ഥാപിച്ചാൽ റേഡിയേഷന്റെ പേര് പറഞ്ഞ് അതിന് കുറ്റപ്പെടുത്തലും കൊടിപിടുത്തവുമായി രംഗത്തെത്തുകയും ചെയ്യും. ഇങ്ങനെ മൊബൈൽ ടവറുകൾക്കെതിരായ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് വ്യാപിക്കുന്നതിനിടെ നാട്ടുകാരുടെ കണ്ണിൽപൊടിയിടാനുള്ള തന്ത്രവുമായി റിലയൻസ് അധികൃതർ രംഗത്തെത്തി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാ മൊബൈൽ കമ്പനികൾക്കും മൊബൈൽ സ്ഥാപിക്കുന്നത് റിലയൻസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ്. ഇക്കൂട്ടരാണ് നാട്ടുകാരെ പറ്റിക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ച് രംഗത്തെത്തിയത്.

മൊബൈൽ ടവറിനെ വാട്ടർ ടാങ്കിന്റെ രൂപത്തിലേക്ക് മാറ്റിയാണ് റിലയൻസ് നാട്ടുകാരുടെ പ്രതിഷേധത്തെ മറികടക്കാൻ തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ചത്. ഇങ്ങനെ തിരുവനന്തപുരത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ ടവറുകൾ പ്രത്യേക്ഷപ്പെട്ടു കഴിഞ്ഞു. പുറമേ നിന്നു നോക്കിയാൽ സാധാരണ വാട്ടർ ടാങ്കെന്ന തോന്നുന്ന ഇതിനുള്ളിലാണ് ടവറുകളുടെ സാമഗ്രികൾ ഘടിപ്പിച്ചിരിക്കുന്നത്. ഉയർന്ന റേഡിയേഷനുള്ള ടവറുകൾക്കെതിരെ പൊതുജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് കമ്പനി വാട്ടർ ടാങ്കുകളിൽ ടവർ സ്ഥാപിച്ചത്.

കെട്ടിട ഉടമകൾക്ക് വൻ തുക വാടക നൽകിയാണ് വാട്ടർ ടാങ്കുകളിൽ ടവർ സ്ഥാപിച്ചിരിക്കുന്നത്. നാട്ടുകാരുടെ കണ്ണിൽ ടവറുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് തോന്നാത്ത വിധത്തിലാണ് കമ്പനി സമർത്ഥമായി കാര്യങ്ങൾ നീക്കിയത്. പൊക്കം കുറഞ്ഞ ബിൽഡിംഗുകൾക്ക് മുകളിൽ ആരു നോക്കിയാലും വാട്ടർ ടാങ്ക് എന്ന തോന്നുന്ന രീതിയിലാണ് ടവറുകളുടെ നിർമ്മാണം. ഉയർന്ന റേഡിയേഷനുള്ള ടവറുകളുടെ നിർമ്മാണം നാട്ടുകാർ എതിർത്തതോടെയാണ് വാട്ടർടാങ്കുകളായി ടവറുകൾ രൂപാന്തരം പ്രാപിച്ചത്.

സ്വകാര്യ വ്യക്തികളുടെ ബഹു നില കെട്ടിടത്തിന് മുകളിലാണ് ഇത്തരത്തിൽ മൊബൈൽ ഫോൺ ടവറുകൾ ഇടം പിടിച്ചിട്ടുള്ളത്. വാടകയിനത്തിലും അഡ്വാൻസ് ആയും വൻ തുക നൽകിയാണ് ഉടമസ്ഥരെ ഇവർ ചാക്കിലാക്കുന്നത്. അമിതഭാരം ഇല്ലാത്ത വിധത്തിൽ ടാങ്കുകൾക്ക് ഉള്ളിൽ ഒളിപ്പിച്ചാണ് ടവറുകൾ സ്ഥാപിച്ചിരിക്കുന്നത്. ടവറാണ് സ്ഥാപിക്കുന്നതെന്ന് സംശയം തോന്നാതിരിക്കാൻ വേണ്ടി രാത്രിയിൽ അതീവ രഹസ്യമായാണ് ടവറുകൾ നിർമ്മിക്കുകയും ചെയ്യുന്നത്.

ആയിരം ലിറ്റർ വെള്ളം കൊള്ളാവുന്ന കൂറ്റൻ വാട്ടർ ടാങ്കിന് മുകളിലെത്തിച്ച് അതിനുള്ളിൽ ഉപകരണങ്ങൾ സ്ഥാപിക്കുകയാണ് രീതി. രഹസ്യമായി നിർമ്മിക്കുകയും നഗരസഭാ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പിന്നീട് നിർമ്മാണം റെഗുലറൈസ് ചെയ്യുകയുമാണ് ഈ മൊബൈൽ ഫോൺ കമ്പനിയുടെ രീതിയെന്നുമാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അനധികൃതമായി തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും കാലത്തിനനുസരിച്ചുള്ള മാറ്റമാണ് പുതിയ രീതിയിലുള്ള മാറ്റമാണ് ഇതെന്നുമാണ് കമ്പനി അധികൃതരുടെ പക്ഷം.

എന്തായാലും കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായ വിധത്തിലുള്ള മാറ്റമാണ് കമ്പനി ഇപ്പോൾ നടത്തിയിരിക്കുന്നത്. ടവറുകൾക്കെതിരെ പ്രതിഷേധം ശക്തമായ വേളയിലാണ് എന്തായാലും ഇത്തരമൊരു രൂപമാറ്റം വരുത്താൻ റിലയൻസ് അധികൃതർ തയ്യാറായത്. ഒറ്റ നോട്ടത്തിൽ ആർക്കും സംശയം തോന്നുകയും പ്രദേശത്ത് സുരക്ഷാഭീഷണി ഉയർത്തുകയുമില്ല. അതിനിടെ ജനങ്ങളെ കബളിപ്പിക്കുന്ന മൊബൈൽ ഫോൺ കമ്പനിക്കെതിരെ വിവിധയിടങ്ങളിൽ ആക്ഷൻ കൗൺസിലുകൾ രൂപീകരിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.