മെൽബൺ: ശാരീരിക വൈകല്യമുള്ളവർക്കായുള്ള മൊബിലിറ്റി ടാക്സികൾ സർവീസ് വെട്ടിക്കുറയ്ക്കുന്നു. സാമ്പത്തികമായി വലിയ ലാഭം നേടാൻ ഈ സർവ്വീസിനു കഴിയാത്തതിനാലാണ് ടാക്‌സികൾ സർവ്വീസുകൾ കുറയ്ക്കുന്നതെന്ന് മെൽബൺ ടാക്സി വ്യവസായം അറിയിച്ചു. എന്നാൽ ഈ സംരഭത്തിന്റെ സേവനദാതാക്കളായ യൂബെർ പ്രശ്‌ന പരിഹാരവുമായി രംഗത്തെത്തിയിട്ടുണ്ട്. ടാക്‌സികൾക്കു പകരം വീൽചെയർ ഉപയോഗിക്കാവുന്ന വാഹനങ്ങൾ നിരത്തിലിറക്കാമെന്നാണ് യൂബെറിന്റെ വ്യക്തമാക്കുന്നത്.

ഈ മേഖലയിൽ നിന്നുള്ള വരുമാനം കുറവായതാണ് ടാക്‌സി സേവനം നൽകുന്നതിൽ നിന്നും പലരും പിന്തിരിയാൻ കാരണം. നിലവിൽ ശാരീരിക ബുദ്ധിമുട്ടുള്ളവർക്കു നീണ്ട മണിക്കൂറുകൾ വാഹനങ്ങൾക്കായി കാത്തിരിക്കേണ്ടി വരുന്നതായുള്ള പരാതികൾ ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ച് വൈകല്യമുള്ള വിദ്യാർത്ഥികൾക്കാണ് ഇതു മൂലമുള്ള ബുദ്ധിമുട്ടുകൾ ഏറെയുള്ളത്. എന്നാൽ ഈ രംഗത്ത് സേവനം നടത്താൻ തയ്യാറാണെന്ന് യൂബർ വ്യക്തമാക്കിയതോടെ ആ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.