ലോകം കീഴടക്കുന്ന സുന്ദരിയായി അവൾ മാറുന്നതുകാണാൻ ആരാധകർ കൊതിച്ചു. ഒരു ഡോക്ടറെന്ന നിലയിൽ തിളങ്ങാൻ അവളും. വോഗിന്റെ മുഖചിത്രമായി മാറിയ നീലക്കണ്ണുകളുള്ള മാലെദ്വീപുകാരിയായ റൗധ ആതിഫിന് വിധിച്ചിരുന്നത് ഇതൊന്നുമായിരുന്നില്ല. ബംഗ്ലാദേശിലെ ഒരു ഡോർമിറ്ററിയിൽ റൗധയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാലെദ്വീപിനെ ലോകപ്രശസ്തയാക്കിയ 21-കാരിയുടെ മരണത്തിൽ തേങ്ങുകയാണ് ജന്മനാട്.

നീലക്കണ്ണുകളുള്ള മാലെദ്വീപ് സുന്ദരിയെന്നാണ് റൗധ അറിയപ്പെട്ടത്. അതിമനോരമായ അവളുടെ കണ്ണുകളാണ് കഴിഞ്ഞ ഒക്ടോബറിൽ വോഗ് മാസികയുടെ കവർ ഗേളാക്കി ബംഗ്ലാദേശിലെ രാജ്ഷഹിയിലുള്ള ഇസ്ലാമി ബാങ്ക് മെഡിക്കൽ കോളേജിൽ രണ്ടാം വർഷ മെഡിസിൻ വിദ്യാർത്ഥിയായിരുന്നു. ഹോസ്റ്റലിലെ സ്വന്തം മുറിയിലാണ് അവരുടെ മൃതദേഹം കണ്ടത്. സഹപാഠിയാണ് മൃതദേഹം ആദ്യം കണ്ടത്.

കോളേജിൽ എല്ലായ്‌പ്പോഴും വലിയ സന്തോഷത്തിലാണ് റൗധയെ കണ്ടിരുന്നതെന്ന് ഹോസ്റ്റൽ സൂപ്രണ്ട് മഹമൂദ ബീഗം പറഞ്ഞു. എന്തിനാണ് അവൾ ജീവനൊടുക്കിയതെന്ന് മനസ്സിലാകുന്നില്ലെന്നും അവർ പറഞ്ഞു. താൻ തന്റെ ഓഫീസ് മുറിയിലിരിക്കുമ്പോഴാണ് കുട്ടികളുടെ കരച്ചിൽ കേട്ടത്. രണ്ടാം നിലയിലെ റൗധയുടെ മുറിക്ക് പുറത്തുനിന്ന വിദ്യാർത്ഥികളാണ് ബഹളമുണ്ടാക്കിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഹോസ്റ്റൽ അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക മാറ്റി.

ഫോട്ടോഗ്രാഫർ സ്‌കോട്ടി എടുത്ത ചിത്രമാണ് റൗധയെ പ്രശസ്തയാക്കിയത്. നീലക്കണ്ണുകളുള്ള മാലെദ്വീപ് സുന്ദരി എന്ന പേരിൽ ചിത്രം പ്രശസ്തമായി. ചിത്രം കണ്ട മുൻ മാലെദ്വീപ് പ്രസിഡന്റ് അവളെ സോഷ്യൽ മീഡിയയിൽ പ്രശംസിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറങ്ങിയ വോഗിന്റെ ഇന്ത്യ എഡിഷന്റെ മുഖചിത്രത്തിൽ റൗധയും പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്റർനെറ്റിൽ ഈ ചിത്രം പ്രശസ്തമായതോടെ, റൗധയെ ലോകംമുഴുവൻ അറിയാൻ തുടങ്ങുകയായിരുന്നു.