മെൽബൺ: 2018-ഓടെ രാജ്യമെമ്പാടുമുള്ള മിക്ക പ്രധാന സിറ്റികളിൽ വീടുവിലയിൽ ഇടിവുണ്ടാകുമെന്ന് റിപ്പോർട്ട്. രാജ്യത്തെ പ്രധാന ഇക്കണോമിക് ആൻഡ് പ്രോപ്പർട്ടി മോഡലിങ് ഫേം ആയ ബിഐഎസ് ഷ്രാപ്‌നെൽ ആണ് നിലവിൽ കുതിച്ചുയരുന്ന വീടു വില അടുത്ത മൂന്നു വർഷത്തോടെ ഇടിയാൻ തുടങ്ങുമെന്ന് പ്രവചിച്ചിരിക്കുന്നത്.

ഇപ്പോഴുള്ള കുറഞ്ഞ പലിശ നിരക്ക് ഈ വർഷം വീടു വിലയിൽ വർധനയ്ക്ക് പ്രേരകമാകുമെങ്കിലും പിന്നീട് പലിശ നിരക്കിൽ വർധനയുണ്ടാകാൻ തുടങ്ങുകയും പ്രോപ്പർട്ടി വില താങ്ങാവുന്നതിലും അധികമാകുകയും ചെയ്യാൻ തുടങ്ങുമ്പോൾ 2017 ഓടെ വില പതുക്കെ താഴാൻ തുടങ്ങും. അതേസമയം ട്രഷററി സെക്രട്ടറി മുന്നറിയിപ്പു നൽകിയതു പോലെ പ്രോപ്പർട്ടി വിപണിയിൽ പെട്ടെന്നൊരു ഇടിവായിരിക്കില്ല സംഭവിക്കാൻ പോകുന്നത്. മെല്ലെ വില താഴുകയാണ് ചെയ്യുന്നതെന്നാണ് ബിഐഎസ് ഷ്രാപ്‌നെൽ വ്യക്തമാക്കുന്നു.

പെർത്ത്, കാൻബറ ഒഴികെയുള്ള മറ്റു സിറ്റി തലസ്ഥാനങ്ങളിൽ ജൂൺ 2018  വരെ  വീടു വിലയിൽ നേരിയ വർധന തുടരുമെന്നാണ് പ്രവചനം. എന്നാൽ അപ്പാർട്ട്‌മെന്റുകളുടെ കാര്യത്തിൽ ഇതായിരിക്കില്ല സ്ഥിതി. അടുത്ത കാലത്ത് അപ്പാർട്ട്‌മെന്റുകളുടെ ലഭ്യതയിൽ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക പ്രധാന നഗരങ്ങളിലും ഇപ്പോൾ റെക്കോർഡ് റേറ്റിലാണ് അപ്പാർട്ട്‌മെന്റുകൾ പണിയുന്നത്. ഇവയുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ അപ്പാർട്ട്‌മെന്റുകളുടെ വാടക നിരക്ക് ഉയർന്ന തോതിൽ തന്നെയായിരിക്കും. അപ്പാർട്ട്‌മെന്റുകൾ വിൽക്കുന്നതും ഉയർന്ന നിരക്കിൽ തന്നെയായിരിക്കുമെന്നാണ് ബിഐഎസ് ഷ്രാപ്‌നെൽ സീനിയർ മാനേജർ ആംഗി സിഗ്മോണിസ് വ്യക്തമാക്കുന്നത്.

ഓസ്‌ട്രേലിയയിലെക്കുള്ള കുടിയേറ്റവും മുൻ വർഷത്തെക്കാൾ കുറയുകയും രാജ്യത്തെ ജനസാന്ദ്രതയിൽ  കുറവു രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ റെന്റൽ മേഖലയെ ഇതു സാരമായി ബാധിക്കുമെന്നും സിഗ്മോണിസ് ചൂണ്ടിക്കാട്ടുന്നു. മൈനിങ് ഉള്ള സംസ്ഥാനങ്ങളിലാണ് കുടിയേറ്റം കുറഞ്ഞതായി രേഖപ്പെടുത്തുന്നത്. സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ, എസിടി എന്നിവിടങ്ങളിൽ ഹൗസിങ് യൂണിറ്റുകൾ ആവശ്യത്തിലധികം ഉള്ളതിനാൽ ഇവിടെയായിരിക്കും കൂടുതൽ വിലയിടിവ് നേരിടാൻ പോകുന്നത്. വീടു വില ഏറെ കൂടിയ സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിൽ പലിശ നിരക്കിൽ വർധനയുണ്ടാകുന്നതോടെ വീടു വില ഇടിയാൻ തുടങ്ങും.

നിലവിലുള്ള റെക്കോർഡ് നിരക്കായ രണ്ടു ശതമാനത്തിൽ നിന്ന് 50 പോയിന്റ് 2016 അവസാനത്തോടെ വർധിക്കുമെന്നാണ് ബിഐഎസ് ഷ്രാപ്‌നെൽ പ്രവചിക്കുന്നത്. പലിശ നിരക്കിൽ വർധന ഉണ്ടാകുന്നതോടെ പ്രോപ്പർട്ടിയിൽ നിക്ഷേപങ്ങൾ കുറയുകയും വില മെല്ലെ ഇടിയാൻ തുടങ്ങുകയും ചെയ്യും. ന്യൂ സൗത്ത് വേൽസ് ഒഴികെ മറ്റെല്ലായിടത്തും ഈ ഇടിവ് സാരമായി ബാധിക്കുമെന്നാണ് ബിഐഎസ് ഷ്രാപ്‌നെൽ ചൂണ്ടിക്കാട്ടുന്നത്.