വിദ്ഗ്ധ സമിതിയായ ഓർഗനൈസേഷൻ ഫോർ എക്കണോമിക്സ് കോ-ഓപറേഷൻ ആൻഡ് ഡെവലപ്മെന്റ് അഥവാ ഒഇസിഡി വിവിധ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളുടെ ഈ വർഷത്തെ വളർച്ചാ നിരക്ക് പ്രവചിച്ചു.

ഇതിൽ 7.4 ശതമാനം വളർച്ചാ നിരക്കോടെ ലോകത്തിലെ വൻ സാമ്പത്തിക ശക്തികളെ പുറകിലാക്കി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. 6.7 ശതമാനം വളർച്ചയുമായി ചൈനയാണ് രണ്ടാം സ്ഥാനം അലങ്കരിച്ചിരിക്കുന്നത്. ഇതിന് പുറകിൽ ഇന്തോനേഷ്യയും തുർക്കിയും നിലകൊള്ളുന്നുണ്ട്. എന്നാൽ വെറും 1.4 ശതമാനം വളർച്ചാ നിരക്ക് മാത്രമാണ് ബ്രിട്ടനുള്ളത്. അതായത് ലോകത്തിലെ പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥകളിൽ വളർച്ചാ നിരക്കിന്റെ കാര്യത്തിൽ ബ്രിട്ടൻ പിൻനിരയിലായിരിക്കുകയാണ്.

ഒഇസിഡി വർഷത്തിൽ രണ്ട് തവണ പുറത്ത് വിടുന്ന എക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുമ്പത്തെ പ്രവചനത്തിൽ ബ്രിട്ടന് ഈ വർഷം 1.2 ശതമാനം സാമ്പത്തിക വളർച്ച മാത്രമേയുണ്ടാവൂ എന്നായിരുന്നു ഇതിന് മുമ്പത്തെ റിപ്പോർട്ടിൽ ഒഇസിഡി പ്രവചിച്ചിരുന്നത്. എന്നാൽ അതിപ്പോൾ 1.4 ശതമാനമായി ഉയർന്നിരിക്കുകയാണ്. ആറ് മാസം മുമ്പ് ഒഇസിഡി പുറത്ത് വിട്ട് റിപ്പോർട്ട് അനുസരിച്ച് 2019ൽ ബ്രിട്ടന് 1.1 ശതമാനം വളർച്ചയായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രവചനം അനുസരിച്ച് അടുത്ത വർഷം 1.3 ശതമാനം വളർച്ചയുണ്ടാകും.

എന്നാൽ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഇത് വളരെ മിതമായ വളർച്ചാ നിരക്ക് മാത്രമാണെന്നും ബ്രെക്സിറ്റ് തീർക്കുന്ന അനിശ്ചിതത്വം കാരണം സമ്പദ് വ്യവസ്ഥയിൽ വളർച്ച മന്ദഗതിയിലായ അവസ്ഥയാണെന്നും ഒഇസിഡി പറയുന്നു. ബ്രിട്ടനുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്തിലെ 20 വികസിതരാജ്യങ്ങളിൽ 18 എണ്ണത്തിന്റെയും സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുവെന്നും കണ്ടെത്തിയിരിക്കുന്നു.യൂറോപ്യൻ യൂണിയനിൽ നിന്നും യുകെ വിട പറയാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ വളർച്ചാ നിരക്ക് ദുർബലപ്പെടുന്ന സാഹചര്യം തുടരുകയാണെങ്കിൽ ചെലവ് ചുരുക്കൽ മാനദണ്ഡങ്ങളിൽ സർക്കാർ ചില വിട്ട് വീഴ്ചകൾ ചെയ്തേ മതിയാവൂ എന്നും ഒഇസിഡി നിർദ്ദേശിക്കുന്നു.

ലോകത്തിലെ മൊത്തം സാമ്പത്തിക വളർച്ച ഈ വർഷം 3.8 ശതമാനവും അടുത്ത വർഷം 3.9 ശതമാനവുമാണ് ഒഇസിഡി പ്രവചിച്ചിരിക്കുന്നത്. യൂറോസോണിന് ഈ വർഷം രണ്ട് ശതമാനവും യുഎസിന് മൂന്ന് ശതമാനവുമാണ് രണ്ട് വർഷവും വളർച്ചാ നിരക്ക് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് ശതമാനം വളർച്ചാ നിരക്കുമായി കൊറിയ അഞ്ചാംസ്ഥാനത്തും 2 2.9 ശതമാനം വളർച്ചയുമായി ഓസ്ട്രേലിയയും യുഎസും നിലകൊള്ളുന്നു.

2.5 ശതമാനം വളർച്ചാ നിരക്കുള്ള മെക്സിക്കോ, 2.1 ശതമാനവുമായി കാനഡയും ജർമനിയും രണ്ട് ശതമാനവുമായി അർജന്റീനയുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ നിലകൊള്ളുന്നത്.റഷ്യയുടെ വളർച്ചാ നിരക്ക് 1.8 ശതമാനമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.