ന്യൂഡൽഹി: തെലുങ്കാന നിയമസഭ പിരിച്ച് വിട്ട് കെസിആറും തെരഞ്ഞെടുപ്പിനെത്തുമ്പോൾ അടുത്ത ഡിസംബറിൽ ആറു സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കും. ഇതിൽ രാജസ്ഥാനും മധ്യപ്രദേശും ബിജെപിക്ക് നിർണ്ണായകമാണ്. തോൽക്കാൻ ബിജെപിക്ക് മനസ്സില്ലാത്ത സംസ്ഥാനങ്ങൾ. ഇവിടെ തോറ്റാൽ മോദിയുടെ മാറ്റ് കുറയും. അതുകൊണ്ട് തന്നെ ഇന്ധനവിലയുടെ ക്രമാതീതമായ വർദ്ധനവിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധം ആളിക്കത്താതിരിക്കാൻ കേന്ദ്ര സർക്കാർ കരുതലോടെ നീങ്ങുകയാണ്. 2016 നവംബറിൽ നോട്ടുനിരോധനം നടപ്പിലാക്കിയത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര പ്രഖ്യാപനത്തിലൂടെ പെട്രോൾ, ഡീസൽ ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്ന തീരുമാനം രാജ്യത്തെ അറിയിക്കുമെന്നാണ് വിലയിരുത്തൽ.

ഇറാനിൽ നിന്ന് കയറ്റുമതി കൂട്ടിയാൽ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാനാവും. എന്നാൽ അമേരിക്കൻ സമ്മർദ്ദം ഇതിന് എതിരാണ്. അതുകൊണ്ട് തന്നെ അത് ചെയ്യാനാകില്ല. പെട്രോളിയം കമ്പനികളും നഷ്ടം സഹിക്കാൻ പറ്റില്ലെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിൽ നികുതി കുറയ്ക്കുക മാത്രമാണ് ഏക പോംവഴി. അല്ലെങ്കിൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് മോദി സർക്കാരിന് വലിയ തിരിച്ചടിയാകും. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആർ എസ് എസും നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം വരുമെന്നാണ് ബിജെപിയും പറയുന്നത്.

കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർത്താൽ നടത്തുമെന്ന് കോൺഗ്രസും ഇടത് സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില വർദ്ധനവും അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം കുറഞ്ഞതുമാണ് പെട്രോൾ വില വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ കുറച്ചിരുന്നു. അമേരിക്കൻ സമ്മർദ്ദത്തെ തുടർന്നാണ് ഇത്. കേന്ദ്രസംസ്ഥാന സർക്കാരുകൾ ചുമത്തുന്ന എക്ഷ;സൈസ് നികുതിയും രാജ്യത്തെ പെട്രോൾ വില വർദ്ധനവിന് കാരണമാണ്. ഇതിന് അറുതി വരുത്താൻ പെട്രോൾ, സീഡൽ ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താനാണ് നീക്കം. യു.എസ്. ക്രൂഡ് വില കഴിഞ്ഞവാരം ബാരലിന് 69.80 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 77.64 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. വില ബാരലിന് 80 - 85 ഡോളറിലെത്തിച്ച് സ്ഥിരത നേടാനാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഉതപാദക രാജ്യങ്ങളുടെ ശ്രമം. ഇത്, ഇന്ത്യയിൽ പെട്രോൾ, ഡീസൽ, എൽ.പി.ജി ഉൾപ്പെടെയുള്ളവയുടെ വില കൂടുതൽ ഉയരാനിടവരുത്തും. ഈ സാഹചര്യത്തിലാണ് ജി എസ് ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കം.

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 72ലേക്കെത്തിയത് ക്രൂഡോയിൽ ഇറക്കുമതിച്ചെലവും വർദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ കേന്ദ്രസർക്കാരിന് 20,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും. ഇന്ധനത്തിൽ നിന്നുള്ള നികുതി മുഖ്യ വരുമാന മാർഗമായതിനാലാണ് സംസ്ഥാനങ്ങളും എതിർക്കുന്നത്. പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാലും ഉയർന്ന സ്‌ളാബായ 18 ശതമാനമായിരിക്കും നികുതി. ഇന്ധനവിലയിൽ നിന്ന് 45-50 ശതമാനം വരെ വരുമാനം നേടുന്ന മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഇത് തിരിച്ചടിയാണ്. കേരളവും എതിരാണ്. എന്നാൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ സമരം ശക്തമാക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ കൂടുതൽ സ്വാധീനമുള്ള ബിജെപി എന്ത് വില കൊടുത്തും ജിഎസ്ടിയിൽ ഇന്ധനങ്ങളെ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇതിന്റെ മുന്നൊരുക്കങ്ങൾ ഇതിനോടകം തന്നെ കേന്ദ്രസർക്കാർ ആരംഭിച്ചതായും സൂചനയുണ്ട്. കേന്ദ്രമന്ത്രിമാർ പോലും ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയതും ശ്രദ്ധേയമാണ്.

ഇന്നും ഇന്ധന വിലയിൽ വീണ്ടും വർധനവുണ്ടായി. തിരുവനന്തപുരത്ത് പെട്രോളിന് 49 പൈസ വർധിച്ചു. 83. 36 ആണ് ഇന്നത്തെ പെട്രോൾ വില. ഡീസലിന് 55 പൈസ വർധിച്ച് 77. 23 പൈസ ആയി.കോഴിക്കോട് പെട്രോളിന് 82. 31 രൂപയും ഡീസലിന് 76.27 രൂപയുമാണ് വില.ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് അടുത്ത തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം നൽകിയിരിക്കയാണ് പ്രതിപക്ഷം. അതിനിടയിലാണ് വീണ്ടും ഇന്ധനവില വർധിച്ചത്. ഈ മാസം സംസ്ഥാനത്ത് പെട്രോളിന് 1.51 രൂപയും ഡീസലിന് 1.96 രൂപയുമാണ് വർധിച്ചത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 87.38 രൂപയും ഡീസലിന് 76.50 രൂപയുമാണ് വില. ഡൽഹിയിൽ പെട്രോൾ വില 79.99 ലെത്തി. ഡീസലിന് 72.07 രൂപയാണ് ഒരു ലിറ്ററിന്റെ വില. ഇന്ധന വില വർധനയിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോൺഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

അഞ്ച് മാസത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന് 6.50 രൂപയും ഡീസലിന് 4.70 രൂപയുമാണ് വർധിച്ചത്. പെട്രോൾ ഡീസൽ വിലവർധനയിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് രംഗത്ത് വന്നതിനെ ഗൗരവത്തോടെയാണ് മോദി സർക്കാർ എടുക്കുന്നത്. മോദി സർക്കാർ ഇന്ധന വിലവർധനയിലൂടെ 11 ലക്ഷം കോടിയുടെ കൊള്ളയാണു നടത്തിയത് എന്ന് കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി. പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്‌സൈസ് തീരുവയും സംസ്ഥാനങ്ങളിലെ അധികനികുതിയും ഉടൻ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലവർധന ജനങ്ങൾക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് സുർജേവാല ആരോപിച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ചരക്ക് സേവന നികുതി (ജി.എസ്.ടി) യുടെ പരിധിയിലാക്കണം. ഇന്ധന വിലവർധനമൂലം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിയെന്നും സുർജേവാല പറഞ്ഞു.

പൗരന്മാർക്ക് ഇന്ധന വിലയിൽ നട്ടം തിരിയുമ്പോൾ ഇവിടെ വിൽക്കുന്നതിലും വിലകുറച്ച് ഇന്ധനം ബിജെപി സർക്കാർ വിദേശരാജ്യങ്ങൾക്ക് മറിച്ച് വിൽക്കുന്നുവെന്ന ആരോപണവും കോൺഗ്രസ് നടത്തിയിരുന്നു. 78 മുതൽ 86 രൂപ വരെയുള്ള വിലയിലാണ് ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി പെട്രോൾ വിൽക്കുന്നത്. എന്നാൽ, 15 രാജ്യങ്ങളിലേക്ക് 34 രൂപയ്ക്കാണ് കയറ്റിയയക്കുന്നത്. പെട്രോളും ഡീസലും ജിഎസിടിയുടെ പരിധിയിൽ കൊണ്ടുവരികയും വേണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധത്തിൽ പങ്കുചേരാൻ എല്ലാ പ്രതിപക്ഷ പാർട്ടികളോടും സാമൂഹികസംഘടനകളോടും കോൺഗ്രസ് അഭ്യർത്ഥിച്ചിരുന്നു.