- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവൻ ബലി നൽകിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങൾക്കും നന്ദി; ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധി മറികടക്കും; ഇന്ന് ചെങ്കോട്ടയ്ക്ക് മുമ്പിൽ കുട്ടികളെ കാണാൻ സാധിക്കുന്നില്ല; കൊറോണ എല്ലാം തടഞ്ഞെന്നും പ്രധാനമന്ത്രി; സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്; തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേതെന്നും മോദി; ആത്മ നിർഭർ ഭാരതിനെ ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം; കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാജ്യം ആഘോഷത്തിൽ
ന്യൂഡൽഹി: സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവൻ ബലി നൽകിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങൾക്കും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധി മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായവർക്ക് സഹായം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ. എല്ലാവർക്കും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. അതിന് ശേഷമാണ് ആത്മനിർഭർ ഭാരത് എന്ന വിഷയത്തിന്റെ പ്രസക്തിയിൽ ഊന്നി പ്രസംഗം നടത്തിയത്.
സേവനമാണ് പരമമായ ധർമമെന്ന മന്ത്രം ഉഛരിച്ചുകൊണ്ടാണ് കോവിഡ് പോരാളികൾ ഇന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നത്. അവരോട് താൻ കൃതജ്ഞത അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മളിന്ന് കടന്നുപോകുന്നത് കാഠിന്യമേറിയ സമയത്തിൽകൂടിയാണ്. ഇന്ന് ചെങ്കോട്ടയ്ക്ക് മുമ്പിൽ കുട്ടികളെ കാണാൻ സാധിക്കുന്നില്ല. കൊറോണ എല്ലാം തടഞ്ഞിരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓർക്കേണ്ട ദിനമാണിന്ന്. നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി നിലകൊള്ളുന്ന സൈന്യത്തിനും അർധസൈനിക വിഭാഗങ്ങൾക്കും കൃതജ്ഞത അറിയിക്കേണ്ട ദിനവും കൂടിയാണ് ഇത്-മോദി പറഞ്ഞു. ആത്മനിർഭർ ഭാരതിൽ കർഷകർക്കാണ് മുൻഗണന. രാജ്യത്തെ കർഷകർക്ക് ആധുനിക സൗകര്യങ്ങൾ നൽകുന്നതിന് വേണ്ടി ഒരുലക്ഷം കോടിയുടെ ഫണ്ട് രൂപീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാർ സ്വാശ്രയത്വത്തിനുള്ള ദൃഡ നിശ്ചയം സ്വീകരിച്ചു. ആത്മ നിർഭർ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നത്. ഈ സ്വപ്നം ഇന്നൊരു പ്രതിജ്ഞയായി മാറുകയാണ്. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രാമായി മാറുകയാണ് ആത്മനിർഭർ ഭാരതമെന്നും മോദി പറഞ്ഞു. ഇന്ത്യ ആ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ കഴിവിലും ആത്മവിശ്വാസത്തിലും സാമർഥ്യത്തിലും എനിക്ക് വിശ്വാസമുണ്ട്. എന്തെങ്കിലും ചെയ്യണമെന്ന് നമ്മൾ ഒരിക്കൽ തീരുമാനമെടുത്താൽ അക്കാര്യം പൂർത്തിയാക്കുന്നത് വരെ വിശ്രമിക്കുന്നവരല്ല നമ്മൾ.
ആത്മമനിർഭർ ഭാരതിന് ലക്ഷക്കണക്കിന് വെല്ലുവിളികളുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ലക്ഷക്കണക്കിന് വെല്ലുവിളികൾ ഉണ്ടെങ്കിൽ കോടിക്കണക്കിന് പരിഹാരം നൽകുന്ന ശക്തിയും രാജ്യത്തിനുണ്ട്. നമ്മുടെ നാട്ടുകാർ, അവർ പരിഹാരത്തിന്റെ കരുത്ത് നമുക്ക് നൽകും കുറച്ച് മാസങ്ങൾക്ക് മുമ്പുവരെ എൻ-95 മാസ്കുകൾ, പിപിഇ കിറ്റുകൾ, വെന്റിലേറ്ററുകൾ എന്നിവ രാജ്യം ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാലിന്ന് സ്വന്തം ആവശ്യങ്ങൾ മാത്രമല്ല മറ്റ് രാജ്യങ്ങളുടെ ആവശ്യകതകൾ കൂടി നിറവേറ്റുന്ന തലത്തിലേക്ക് രാജ്യം മുന്നേറി.
അസംസ്കൃത വസ്തുക്കൾ കയറ്റി അയച്ച് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടതില്ല. ഉൽപാദനരംഗം മാറണം. ലോകോത്തര ഉൽപ്പന്നങ്ങൾ ഇന്ത്യ നിർമ്മിക്കണം. തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. മെഡിക്കൽ ടൂറിസത്തിനും സാധ്യതകളുണ്ട്. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യ വികസനവും അനുവാര്യമാണ്. അടിസ്ഥാന സൗകര്യവും വികസിക്കണം. വിവിധ ഗതാഗത മാർഗങ്ങളെ ബന്ധിപ്പിക്കണം.
സ്വതന്ത്ര ഇന്ത്യയുടെ ചിന്ത തദ്ദേശീയ ഉത്പന്നങ്ങൾക്ക് വേണ്ടിയായിരിക്കണം. നമ്മുടെ തദ്ദേശീയ ഉത്പന്നങ്ങളെ നമ്മൾ അഭിനന്ദിക്കണം. നമ്മളത് ചെയ്തില്ലെങ്കിൽ അവയ്ക്ക് കൂടുതൽ മെച്ചപ്പെടാൻ സാധിക്കാതെ പോകുമെന്നും മോദി പറഞ്ഞു. അസംസ്കൃത വസ്തുക്കൾ കയറ്റുമതി ചെയ്ത് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രീതി എത്രകാലം നമുക്ക് തുടരാൻ സാധിക്കും. ഈ രീതി അവസാനിപ്പിക്കേണ്ട സമയം വന്നിരിക്കുകയാണ്. ഇന്ത്യയുടെ ഉപഭോഗത്തിനുള്ളവ ഇവിടെ തന്നെ ഉത്പാദിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും വേണം- അദ്ദേഹം പറഞ്ഞു.
ഇന്ന് നിരവധി വലിയ കമ്പനികൾ ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമ്മിക്കുക എന്നതിനൊപ്പം ലോകത്തിന് വേണ്ടി നിർമ്മിക്കുക എന്ന മന്ത്രവുമായി നാം മുന്നോട്ടുപോകണം. കഴിഞ്ഞ വർഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 18 ശതമാനത്തിന്റെ വർധനവാണ് രാജ്യത്തുണ്ടായത്. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് നോക്കികാണുന്നത്. ലോകം ഇന്ന് ഇന്ത്യയേ ആണ് ഉറ്റ് നോക്കുന്നത്. ലോകത്തിന് വളർച്ചയുണ്ടാകണമെങ്കിൽ ഇന്ത്യയും വളർച്ച കൈവരിക്കേണ്ടതുണ്ട്. ലോകത്ത് എറ്റവുമധികം യുജനങ്ങൾ ഉള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. പുതിയ സംരംഭങ്ങൾ തുടങ്ങുന്നവരും പുതിയ ആശയത്തിന്റെ വക്താക്കളുമാണവർ-മോദി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ