അഹമ്മദാബാദ്: പുൽവാമ ആക്രമണസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തിൽ ചിലർക്ക് ദുഃഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ അപ്പോഴും രാഷ്ട്രീയം മാത്രമാണ് നോക്കിയത്. രാജ്യതാൽപര്യം മുൻ നിർത്തി അത്തരം രാഷ്ട്രീയ നടത്തരുതെന്ന് അവരോട് അഭ്യർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.

സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തിൽ ഗുജറാത്തിൽ സബർമതി നദീതീരത്ത് സീപ്ലെയിൻ സർവീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. പുൽവാമ ആക്രമണം സംബന്ധിച്ച് അയൽ രാജ്യത്തിന്റെ പാർലമെന്റിൽ സത്യം വെളിപ്പെട്ടുവെന്ന് പാക് മന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

'അയൽരാജ്യത്ത് നിന്ന് അടുത്തിടെ വാർത്ത വന്നു, അവിടത്തെ പാർലമെന്റിൽ സത്യം അംഗീകരിച്ചതുപോലെ, രാഷ്ട്രീയ താത്പര്യത്തിനായി ഈ ആളുകൾക്ക് എത്രത്തോളം പോകാനാകും?പുൽവാമ ആക്രമണത്തിനുശേഷം നടത്തിയ രാഷ്ട്രീയം ഇതിന് ഉത്തമ ഉദാഹരണമാണ്. അത്തരം രാഷ്ട്രീയ പാർട്ടികളോട് ഞാൻ അഭ്യർത്ഥിക്കുന്നു, രാജ്യത്തിന്റെ സുരക്ഷയ്ക്കായി, നമ്മുടെ സുരക്ഷാ സേനയുടെ മനോവീര്യം കണക്കിലെടുത്ത്, ദയവായി അത്തരം രാഷ്ട്രീയം ചെയ്യരുത്, അത്തരം കാര്യങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ സ്വാർത്ഥതയ്ക്കായി, അറിഞ്ഞോ അറിയാതെയോ ദേശവിരുദ്ധ ശക്തികളുടെ കൈകകളായി നിങ്ങൾക്ക് രാജ്യത്തെയോ പാർട്ടിയെയോ താൽപ്പര്യപ്പെടുത്താൻ കഴിയില്ല' മോദി പറഞ്ഞു.

എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് കശ്മീർ വികസനത്തിന്റെ പുതിയ പാതയിലേക്ക് നീങ്ങുകയാണ്. വടക്കുകിഴക്കൻ മേഖലയിൽ ഇന്ന് രാജ്യം ഐക്യത്തിന്റെ പുതിയ മാനങ്ങൾ സ്ഥാപിക്കുകയാണ്. പരമമായ താൽപ്പര്യം നമുക്കെല്ലാവർക്കും ഉണ്ടെന്ന് നാം എപ്പോഴും ഓർക്കണം. എല്ലാവരുടെയും താൽപ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, മാത്രമേ നമ്മൾ പുരോഗമിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.