- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകണമെങ്കിൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പ് ജയിച്ച് യോഗി ആദിത്യനാഥ് രണ്ടാമതും യുപി മുഖ്യമന്ത്രിയാകണം; ഈ വാക്കുകളിലൂടെ അമിത് ഷാ നൽകുന്നത് ആർ എസ് എസുമായി കലഹത്തിന് ഇല്ലെന്ന സന്ദേശം; മോദിയുടെ പിൻഗാമിയാകാൻ ആഭ്യന്തരമന്ത്രി തയ്യാറെടുക്കുമ്പോൾ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് തന്നെയാകും ബിജെപിയുടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേയും മുഖ്യമന്ത്രി സ്ഥാാർത്ഥി. ഇക്കാര്യം പറയുന്നത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. പാർട്ടിയിൽ മോദി കഴിഞ്ഞാൽ താൻ തന്നെ എന്ന് കൂടി വിശദീകരിക്കുകയാണ് ഇതിലൂടെ അമിത് ഷാ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ ആർ എസ് എസാണ് യോഗിയെ മുഖ്യനാക്കിയത്. ഇതിനെ വെട്ടാൻ ബിജെപി ദേശീയ നേതൃത്വം പലതലത്തിൽ ശ്രമിച്ചു. യോഗി മുഖ്യമന്ത്രിയായ ശേഷവും ശ്രമങ്ങളുണ്ടായി. എന്നാൽ പരിവാർ പിന്തുണയിൽ യുപിയിൽ യോഗി കാലാവധി പൂർത്തിയാക്കി. ഇതിനൊപ്പം അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമാകുന്നു.
നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകണമെങ്കിൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പ് ജയിച്ച് യോഗി ആദിത്യനാഥ് രണ്ടാമതും യുപി മുഖ്യമന്ത്രിയാകണമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. യുപി തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ മുഖ്യമന്ത്രിയെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിടുന്നതാണ് അമിത്ഷായുടെ പ്രഖ്യാപനം. യോഗിയെ വെട്ടി പുതിയ മുഖത്തെ കൊണ്ടു വരാൻ അമിത് ഷാ ശ്രമിക്കുന്നുവെന്നായിരുന്നു അഭ്യൂഹങ്ങൾ.
തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുടെ അംഗത്വ വിതരണ പരിപാടി 'മേരാ പരിവാർ, ബിജെപി പരിവാർ' ലക്‌നൗവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാ. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ വിജയത്തിന് അടിത്തറ പാകാൻ യുപിയിൽ ആദിത്യനാഥ് വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മുന്നൂറിലേറെ സീറ്റ് നേടാൻ ശ്രമിക്കണമെന്നും പ്രവർത്തകരെ ആഹ്വാനം ചെയ്തു. യോഗിയെ ഉയർത്തിക്കാട്ടി ആർ എസ് എസിന് തന്നോടുള്ള അതൃപ്തി കുറയ്ക്കുകയാണ് അമിത് ഷാ.
യോഗിയെ അടുത്ത പ്രധാനമന്ത്രിയായി ആർഎസ്എസ് ഉയർത്തിക്കാട്ടുമെന്നും അതുകൊണ്ടാണ് യോഗിയെ തകർക്കാൻ അമിത് ഷാ ശ്രമിക്കുന്നതെന്നുമായിരുന്നു നേരത്തെ ഉയർന്ന വിമർശനങ്ങൾ. മോദി പോലും അമിത് ഷായുമായി അകന്നുവെന്ന നിഗമനങ്ങളും ചർത്തയായി. എന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി യോഗിയെ ഉയർത്തിക്കാട്ടിയതിലൂടെ മോദി കഴിഞ്ഞാൽ ബിജെപിയിൽ താൻ ആണെന്ന സന്ദേശമാണ് അമിത് ഷാ നൽകുന്നത്. യുപി തെരഞ്ഞെടുപ്പിലും അമിത് ഷാ സജീവമായി ഇടപെടും.
ഭാരത മാതാവിനെ വിശ്വഗുരുവാക്കാനുള്ള ശ്രമത്തിനാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ ശ്രമിക്കേണ്ടത്. മുഗൾ ഭരണകാലം തൊട്ട് 2017 ൽ വൻഭൂരിപക്ഷത്തോടെ ബിജെപി വരുന്നതുവരെ കാശി വിശ്വനാഥന്റെയും ഭഗവാൻ രാമന്റെയും കൃഷ്ണന്റെയും നാടായി യുപി കരുതപ്പെട്ടിരുന്നില്ല. രാമക്ഷേത്രമുണ്ടാക്കും പക്ഷേ, തീയതി പറയില്ല എന്നായിരുന്നു പ്രതിപക്ഷം ബിജെപിയെ ആക്ഷേപിച്ചത്. എന്നാൽ തറക്കല്ലിടുകയും ക്ഷേത്രനിർമ്മാണം ആരംഭിക്കുകയും ചെയ്തു-അമിത് ഷാ പറഞ്ഞു.
അതായത് ആർഎസ്എസ് അജണ്ടകളിലേക്ക് അമിത് ഷാ ചർച്ചകൾ എത്തിക്കുകയാണ് പ്രതിപക്ഷത്തെ രാഷ്ട്രീയമായി വിമർശിച്ചാണ് അമിത് ഷായുടെ യുപി ഷോ. 5 വർഷം സ്വന്തം കാര്യം നോക്കി വീട്ടിലിരുന്നവർ ഇപ്പോൾ സർക്കാരുണ്ടാക്കാമെന്നു കരുതി ഇറങ്ങിയിട്ടുണ്ടെന്ന് അഖിലേഷ് യാദവിനെ ഉദ്ദേശിച്ച് അമിത്ഷാ പറഞ്ഞു. പ്രിയങ്ക ഗാന്ധിയെയും ബിഎസ്‌പിയെയും അമിത്ഷാ നിശിതമായി വിമർശിച്ചു.
നരേന്ദ്ര മോദി അമിത്ഷാ എന്നിവരുടെ നേതൃത്വത്തിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചതിൽ എല്ലാവർക്കും അഭിമാനമുണ്ടെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിലൂടെ മോദിക്കൊപ്പം അമിത് ഷായേയും താൻ അംഗീകരിക്കുമെന്ന സൂചന നൽകുകയാണ് യോഗി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും മോദിയുടെ നേതൃത്വത്തിലാകും ബിജെപി മത്സരിക്കുന്നത്. എന്നാൽ അങ്ങനെ മോദി അധികാരത്തിൽ എത്തിയാലും കാലാവധി പൂർത്തിയാകും മുമ്പേ അധികാരം മറ്റാർക്കെങ്കിലും കൈമാറാനാണ് സാധ്യത.
മറുനാടന് മലയാളി ബ്യൂറോ