ഗ്ലാസ്‌ഗോ: ആ കെട്ടിപ്പിടിത്ത വിവാദ വാർത്തകൾ മറക്കാം. ആഗോള കാലാവസ്ഥാ ഉച്ചകോടിയിലെ യഥാർത്ഥ താരം ഇന്ത്യൻ പ്രധാനമന്ത്രി തന്നെ. ലോക നേതാക്കളുടെ തോളിൽ കൈയിട്ട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം മോദി ആഗോള തലത്തിൽ നേടിക്കഴിഞ്ഞു. അതിനിടെ മറ്റൊരു അംഗീകാരമായി ഇസ്രയേൽ പ്രധാനമന്ത്രിയും രംഗത്ത് വരികയാണ്. ഇതുവരെ ഒരു ലോകനേതാവിനും മറ്റൊരു രാജ്യതലവൻ നൽകാത്ത അംഗീകാരവും ക്ഷണവും മോദിയെ തേടി എത്തുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ പാർട്ടിയിൽ ചേരാൻ ക്ഷണിക്കുകയായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായ ഉഭയകക്ഷി ചർച്ചയ്ക്കിടെയായിരുന്നു ബെന്നറ്റിന്റെ ക്ഷണം. 'താങ്കൾ ഇസ്രയേലിൽ ജനപ്രിയനായ വ്യക്തിയാണ്. വരൂ എന്റെ പാർട്ടിയിൽ ചേരൂ' എന്നാണ് മോദിയുടെ കൈപിടിച്ച് ബെന്നറ്റ് പറഞ്ഞത്. ഇതുകേട്ട മോദിയുടെ മറുപടി പൊട്ടിച്ചിരിയായിരുന്നു. ഇരുവരുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കോപ് 26 ഉച്ചകോടിക്കിടെ മോദിയുടെ കെട്ടിപ്പിടത്തം യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസിന് പിടിച്ചില്ലെന്ന തരത്തിൽ റിപ്പോർട്ട് എത്തിയിരുന്നു. കോവിഡിന്റെ സാമൂഹിക അകലം മോദി ലംഘിച്ചോ എന്ന ആശങ്കയും പരിഭ്രാന്തിയും ഇതുമായി ബന്ധപ്പെട്ട് ചർച്ചയാകുന്ന ചിത്രത്തിൽ വ്യക്തംമായിരുന്നു. ഈ വിവാദ ചർച്ചയ്ക്കിടെയാണ് മോദിയെ തേടി മറ്റൊരു ക്ഷണമെത്തുന്നത്. ഇതുവരെ ഒരു ലോക നേതാവിനും കിട്ടാത്ത ക്ഷണം. അതും എല്ലാ അർത്ഥത്തിലും കരുത്തരായ ഇസ്രയേലിലിൽ നിന്നും. അതുകൊണ്ട് തന്നെ ഈ വൈറൽ വീഡിയോയും മോദി പ്രഭാവത്തിന് തെളിവായി മാറുകയാണ്.

കഴിഞ്ഞ ജൂണിൽ ബെഞ്ചമിൻ നെതന്യാഹു സ്ഥാനം ഒഴിഞ്ഞതോടെയാണ് നഫ്താലി ബെന്നറ്റ് ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മോദിയുമായുള്ള ബെന്നറ്റിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. ഹൈ ടെക്‌നോളജി, നവീകരണ മേഖലകളിലെ വിപുലീകരണം എന്നിവ സംബന്ധിച്ച് ഇസ്രയേലുമായി പ്രധാനമന്ത്രി ചർച്ച നടത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബെഞ്ചമിൻ നെതന്യാഹുവുമായി മോദിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അടുത്ത പ്രധാനമന്ത്രിയുമായും അതേ ബന്ധം മോദിക്ക് നിലനിർത്താൻ കഴിയുന്നുവെന്നതാണ് വസ്തുത.

നേരത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയെ അടുത്ത സുഹൃത്തായി മോദി മാറ്റിയിരുന്നു. ഒബാമയ്ക്ക് ശേഷം ട്രംപ് അധികാരത്തിൽ എത്തി. അപ്പോഴും ഊഷ്മള സൗഹൃദം തുടർന്നു. അമേരിക്കൻ രാഷ്ട്രീയത്തിൽ ട്രംപ് ഇഫക്ട് നിലനിർത്താൻ പോലും മോദി ശ്രമിക്കുന്നതായി വാർത്തകളെത്തി. എന്നാൽ സംഭവിച്ചത് ബൈഡന്റെ വിജയമായിരുന്നു. ബൈഡനും ഇന്ന് മോദിയുടെ അടുത്ത സുഹൃത്തുക്കളാണ്. ലോക നേതാക്കളെ അടുപ്പിച്ച് നിർത്തുന്ന ഈ മോദി നയതന്ത്രം ഗ്ലോസ്‌ഗോയിലെ ഉച്ചകോടിയിലും ഏവരേയും ഞെട്ടിക്കുന്നുണ്ട്.

ഇസ്രയേൽ പ്രധാനമന്ത്രിയായ നഫ്താലി ബെന്നറ്റ് ആദ്യമായിട്ടാണ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഊഷ്മള ബന്ധം അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് മുൻപായി മാധ്യമങ്ങൾക്ക് മുന്നിൽ ഫോട്ടോയ്ക്കായി പരസ്പരം ഹസ്തദാനം നൽകിയപ്പോഴുള്ള ഇരു നേതാക്കളുടേയും സംഭാഷണമാണ് വൈറലായത്.'നിങ്ങൾ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്' എന്ന് പറഞ്ഞു കൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രിയാണ് സൗഹൃദ സംഭാഷണം തുടങ്ങി വച്ചത്. ഇതിന് മറുപടിയായി നന്ദി എന്ന വാക്കിൽ മോദിയുടെ മറുപടിയൊതുങ്ങി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാവാതെ നഫ്താലി ബെന്നറ്റ് 'വരൂ, എന്റെ പാർട്ടിയിൽ ചേരൂ' എന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിക്കുകയായിരുന്നു.

സൗഹൃദ സംഭാഷണത്തിനിടയിൽ തന്റെ രാജ്യത്ത് സന്ദർശനം നടത്തുവാൻ രാജ്യതലവന്മാർ പരസ്പരം ക്ഷണിക്കുന്നത് പതിവാണ്. എന്നാൽ തമാശയ്ക്കാണ് എങ്കിൽ കൂടി സ്വന്തം പാർട്ടിയിൽ അംഗമാവാൻ ക്ഷണിച്ചത് ഒരു പക്ഷേ ആദ്യമായിട്ടാവും. പാർട്ടിയിൽ ചേരുവാനുള്ള ക്ഷണത്തിന് ഒരു ചിരിയിലൂടെ മറുപടി നൽകിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ടത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതിൽ നെഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ചു.

'താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേൽ ബന്ധം വീണ്ടും നല്ല രീതിയിലാക്കിയത്. ഇന്ത്യ ഇസ്രയേൽ ബന്ധം വളരെ മനോഹരമായ രണ്ട് സംസ്‌കാരങ്ങളായ ഇന്ത്യൻ സംസ്‌കാരവും, യഹൂദ സംസ്‌കാരവും തമ്മിലുള്ള ഹൃദയകൊണ്ടുള്ള ബന്ധമാണ്'- ഇസ്രയേൽ പ്രധാനമന്ത്രി പ്രധാനമന്ത്രി മോദിയോട് പറഞ്ഞു. 'ഇത് താൽപ്പര്യങ്ങൾക്ക് പുറത്തുള്ളതല്ല. താങ്കളുടെ ഇസ്രയേലുമായുള്ള ബന്ധത്തിലെ ദൃഢാവിശ്വാസവും, കരുതലും ഞങ്ങളുടെ രാജ്യത്തിന് മനസിലാകും. അതിനാൽ തന്നെ ഇപ്പോൾ ആരംഭിച്ച ഈ പുതിയ ബന്ധത്തിന് എല്ലാ നന്ദിയും ഉണ്ട്'- ഇസ്രയേൽ പ്രധാനമന്ത്രി തുടർന്നു. പ്രധാനമന്ത്രി മോദിക്കും ഇന്ത്യക്കാർക്കും ദീപാവലി ആശംസകളും ഇസ്രയേൽ പ്രധാനമന്ത്രി നേർന്നു.

ഇസ്രയേലുമായുള്ള ബന്ധത്തിൽ ഇന്ത്യ ഏറെ മൂല്യം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദിയും കൂടിക്കാഴ്ചയ്ക്കിടയിൽ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനോട് സൂചിപ്പിച്ചു. ഗ്ലാസ്‌കോയിലെ ഇന്ത്യ ഇസ്രയേൽ പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും ബന്ധം ദൃഢമാകുന്നു എന്ന സൂചനയാണ് നൽകുന്നത്. ഇസ്രയേലിലെ ഭരണമാറ്റം ഇന്ത്യയുമായുള്ള ബന്ധത്തിൽ യാതൊരു ഉലച്ചിലും തട്ടിയിട്ടില്ലെന്ന് വ്യക്തമായെന്ന് നയതന്ത്ര നിരീക്ഷകർ പറയുന്നു.

കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇസ്രയേലിൽ സന്ദർശനം നടത്തിയിരുന്നു. അതേ സമയം ഇസ്രയേൽ പ്രധാനമന്ത്രി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് ചില ഏജൻസി റിപ്പോർട്ടുകൾ പറയുന്നത്.