- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്പാദനം മെച്ചപ്പെടുത്താൻ കൂടുതൽ മാർഗങ്ങൾ സ്വീകരിക്കാനോ വിളകൾക്ക് മികച്ച വില ലഭിക്കാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ പ്രതിസന്ധിയിലാക്കിയ മൂന്ന് നിയമങ്ങൾ; രാഷ്ട്രീയ തിരഞ്ഞെടുപ്പിൽ മോദി മാപ്പു പറഞ്ഞ് പിൻവലിക്കുന്നത് ഈ മൂന്ന് നിയമങ്ങൾ
ന്യൂഡൽഹി: കർഷക നിയമ ഭേദഗതികളെ ചരിത്രപരമായ നീക്കം എന്നാണ് അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാൽ ഇന്ന് കർഷകർക്കുണ്ടായ വേദനയിൽ മാപ്പു പറയുന്നു. ഫാർമേർസ് എംപവർമെന്റ് ആൻഡ് എഗ്രിമെന്റ്ഓഫ് ൈപ്രസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ 2020, ഫാർമേർസ് പ്രൊഡ്യൂസ് േട്രഡ് ആൻഡ് കൊമേഴ്‌സ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ബിൽ 2020, എസൻഷ്യൽ കമ്മോദിറ്റീസ് (അമെൻഡ്‌മെന്റ്) ആക്ട് 2020 എന്നിവയായിരുന്നു അവ. ഈ മൂന്ന് നിയമങ്ങളാണ് പിൻവലിക്കുന്നത്.
സംസ്ഥാന വിഷയമായ കൃഷി മേഖലയിലെ നിയമ നിർമ്മാണത്തിന് മുമ്പ് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചനകളൊന്നും മോദി നടത്തിയിരുന്നില്ല. ഈ നിയമഭേദഗതി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന രീതിയിലുള്ള ചരിത്രത്തിലെ ഏറ്റവും ദുഷിച്ച നീക്കം എന്നായിരുന്നു ഉയർന്ന വാദം. കർഷകർക്ക് വളരെയേറെ നേട്ടമുണ്ടാക്കുമെന്ന് പറയപ്പെടുന്ന ഭേദഗതികളെ സംബന്ധിച്ച് പാർലമെന്റിൽ വലിയ ചർച്ചകൾ കൂടാതെ, കർഷക സംഘടനകളുമായി കൂടിയാലോചിക്കാതെ, കോവിഡ് കാലത്ത്, നാല് ദിവസത്തിനുള്ളിൽ പാസാക്കിയെടുത്തു മോദി സർക്കാർ. ഇതാണ് കർഷ പ്രതിഷേധം ആളിക്കത്തിച്ചത്.
മിനിമം സഹായ വില അല്ലെങ്കിൽ താങ്ങുവിലയെ സംബന്ധിച്ച് ചില തൽപര കക്ഷികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി ഇന്നലെ വരെ പറഞ്ഞിരുന്നത്. രാജ്യത്തെവിടെയും സ്വകാര്യ വിപണിയിലായാലും സർക്കാർ ചന്തകളിലായാലും മിനിമം സഹായ വില ലഭ്യമാകുന്ന വിധത്തിൽ നിയമപരമായ അവകാശം ഉറപ്പുവരുത്തുക എന്നതാണ് കർഷകർക്ക് വേണ്ടി ചെയ്യേണ്ടുന്ന കാര്യം. കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം സഹായ വില ലഭ്യമാക്കണമെന്ന് കർഷകർ ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്. ഇത് മറന്നാണ് നിയമങ്ങൾ തയ്യാറാക്കിയത്. സർക്കാർ മണ്ഡികളുടെ (ചന്തകളുടെ) കുത്തക തകർത്ത് കർഷകർ അവരുടെ ഉൽപന്നങ്ങൾ ഇന്ത്യയിൽ എവിടെയും വിൽപന നടത്താവുന്ന രീതിയിൽ വലിയ വിപ്ലവമാണ് ഈ നിയമത്തിലൂടെ സർക്കാർ നടത്തിയിരിക്കുന്നതെന്ന് മോദി അവകാശപ്പെട്ടിരുന്നു.
കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക (ശാക്തീകരണ, സംരക്ഷണ) കരാർ 2020 എന്നിവയാണ് കേന്ദ്രം ഒരുമിച്ച് അവതരിപ്പിച്ചത്. കർഷകരുടെ അഭിവൃദ്ധിക്കു വേണ്ടിയാണ് പുതിയ ബില്ലുകൾ പാസാക്കുന്നതെന്നാണ് അന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാർ അറിയിച്ചത്. വിളകളുടെ താങ്ങുവില അടക്കമുള്ളവയെ ഇത് ബാധിക്കില്ലെന്നു മന്ത്രി ആവർത്തിച്ചു. പാർലമെന്റിൽ പാസാക്കിയ നിയമങ്ങൾ ഒരു വർഷത്തിനു ശേഷം പിൻവലിക്കുന്നതായി പ്രധാനമന്ത്രി 2021 നവംബർ 19ന് പ്രഖ്യാപിച്ചു.
കാർഷിക വിളകൾക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകൾ എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കാർഷികവിളകൾ വിൽക്കാനുള്ള മന്ദി സംവിധാനത്തിനു പുറത്ത് നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകൾ വിൽക്കാൻ സ്വാതന്ത്ര്യം നൽകുന്നതാണ് കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020 എന്നാണ് ഇംഗ്ലീഷ് വാർത്താ വെബ്‌സൈറ്റായ ഡിഎൻഎ നൽകുന്ന വ്യാഖ്യാനം. രണ്ടാമത്തെ ബിൽ കർഷകർക്ക് വിളകൾ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടാൻ സ്വാതന്ത്ര്യം നൽകുന്നതാണ്. ഇവയാണ് പിൻവലിക്കുന്നത്.
ഉത്പാദനം മെച്ചപ്പെടുത്താൻ കൂടുതൽ മാർഗങ്ങൾ സ്വീകരിക്കാനോ വിളകൾക്ക് മികച്ച വില ലഭിക്കാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ സഹായിക്കുന്നതാണ് ഈ നിയമങ്ങൾ എന്നാണ് ഇതുവരെ കേന്ദ്രം വീമ്പു പറഞ്ഞിരുന്നത്. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി രാജ്യത്തോടു മാപ്പു പറഞ്ഞു. കർഷക ക്ഷേമത്തിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും നിയമങ്ങൾ പിൻവലിക്കുന്നതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സംഭരിക്കുകയും അവ പൊതുവിതരണസംവിധാനം വഴി വിതരണം ചെയ്യുകയുമായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. എന്നാൽ പുതിയ നിയമങ്ങളുടെ വരവോടെ ഈ സംവിധാനം അവസാനിച്ചു. ഇത് കർഷകർക്ക് ബുദ്ധിമുട്ടായി. കാർഷികവിളകളുടെ വില സംബന്ധിച്ച ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുമെന്നാണ് പ്രൈസ് അഷ്വറൻസ് ബില്ലിലെ വാഗ്ദാനെങ്കിലും വില ഉറപ്പാക്കാനുള്ള സംവിധാനത്തെപ്പറ്റി ബില്ലിൽ പരാമർശമില്ലായിരുന്നു.
ഇത് കർഷകരെ ചൂഷണം ചെയ്യാൻ കോർപ്പറേറ്റ് കമ്പനികളെ പ്രേരിപ്പിക്കുമെന്നാണ് പ്രതിപക്ഷ സംഘടനകളും ആരോപിച്ചു. രാജ്യത്ത് കോഴിവളർത്തൽ, കരിമ്പുകൃഷി തുടങ്ങിയ മേഖലകളിൽ ഇതിനോടകം തന്നെ കോൺട്രാക്ട് ഫാമിങ് രീതി നിലവിലുണ്ടെങ്കിലും അസംഘടിത മേഖലയിലെ കർഷകർക്ക് സ്വകാര്യ കമ്പനികളുമായി നിയമയുദ്ധം നടത്താനുള്ള ശേഷിയുണ്ടാകില്ലെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ