ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ബജറ്റ് സമ്മേളനം ഇന്ത്യയ്ക്ക് വലിയ അവസരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, വാക്സിനേഷനിൽ കൈവരിച്ച നേട്ടം എന്നിവയിൽ ലോകത്തിന് ആത്മവിശ്വാസം പകരുന്നതിന് ബജറ്റ് സമ്മേളനം കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി.

നിലവിലെ ആഗോള സാഹചര്യത്തിൽ ഇന്ത്യക്ക് ഒരു പാട് സാധ്യതകളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, വാക്സിനേഷൻ പ്രോഗ്രാം, തദ്ദേശീയമായി നിർമ്മിച്ച വാക്സിനുകൾ എന്നിവയിൽ ലോകത്തിന് ആത്മവിശ്വാസം പകരുന്നതിന് ബജറ്റ് സമ്മേളനം കരുത്തുപകരും.

അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബജറ്റ് സമ്മേളനത്തെയും ചർച്ചകളെയും ബാധിക്കുമെന്നത് സത്യമാണ്. രാജ്യത്ത് ഒരു വർഷം നടപ്പാക്കേണ്ട പദ്ധതികൾ ഉൾക്കൊള്ളുന്ന രൂപരേഖ എന്ന നിലയിൽ ബജറ്റ് സമ്മേളനത്തെ അതിന്റേതായ പ്രാധാന്യത്തോടെ കാണാൻ എംപിമാർ ശ്രമിക്കണമെന്നും മോദി അഭ്യർത്ഥിച്ചു.

ക്രിയാത്മകമായ ചർച്ചകൾ നടത്തി ഈ സമ്മേളനത്തെ ഫലപ്രദമാക്കണം. ഈ വർഷത്തിന്റെ അവശേഷിക്കുന്ന കാലത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തി രാജ്യത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുറന്ന മനസോടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചർച്ചയിൽ പങ്കെടുക്കണം. അതിലൂടെ വികസനത്തിന്റെ വേഗത കൂട്ടുന്നതിൽ പങ്കാളികളായി മാറണമെന്നും മോദി അഭ്യർത്ഥിച്ചു.