ന്യൂഡൽഹി: അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സാമൂഹിക,സാമ്പത്തിക സാഹചര്യങ്ങളും വിലയിരുത്തുന്നതിന് ഒരു രാത്രിയെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെ ഗ്രാമങ്ങളിൽ നിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എല്ലാമന്ത്രാലയങ്ങളും ഇക്കാര്യം ഉറപ്പുവരുത്തണം.ഈ മാസം ആദ്യവാരം പ്രധാനമന്ത്രി വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം പ്രഖ്യാപിച്ചശേഷം അതിർത്തി ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് എല്ലാ മന്ത്രാലയങ്ങളുടെയും യോജിച്ചതും ഏകോപിതവുമായ പ്രവർത്തനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു.

ബോർഡർ ഏരിയ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (ബിഎഡിപി) കീഴിൽ വരുന്ന അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനും രാത്രി തങ്ങുന്നതിനുമായി ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ബല്ല കഴിഞ്ഞ ദിവസം മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു. അതിർത്തി ഗ്രാമങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രതിമാസ ഏകീകൃത റിപ്പോർട്ട് എല്ലാ മാസവും 10-ാം തീയതിക്കകം ബോർഡർ മാനേജ്‌മെന്റ് വകുപ്പിന് സമർപ്പിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ഭല്ല നിർദ്ദേശിച്ചു.

ഈ ഉദ്യോഗസ്ഥർ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിനായി പ്രായോഗികമായി ചെയ്യാവുന്ന കാര്യങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് നൽകും. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രോത്സാഹനം, അതിർത്തി ഗ്രാമങ്ങളിലെ ഗ്രാമീണ ഉൽപന്നങ്ങളുടെ വിപണനത്തിന് സൗകര്യം എന്നിവയ്ക്കായി പദ്ധതികൾ ആവിഷ്‌കരിക്കും.

അതിർത്തി ഗ്രാമങ്ങളെ സാമ്പത്തികമായി കൂടുതൽ ശക്തിപ്പെടുത്തുകയും പ്രതിരോധത്തിന്റെ ആദ്യ നിരയിൽ പങ്കാളിത്തം നൽകുന്നതരത്തിൽ ആത്മവിശ്വാസം നൽകുകയുമാണ് അന്തർലീനമായ പദ്ധതി.