ക്ഷരാർത്ഥത്തിൽ വെംബ്ലി സ്‌റ്റേഡിയം മോദി മയമാവുകയായിരുന്നു. ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിക്കും യുകെയിൽ ലഭിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു വെബ്ലിയിൽ മോദിക്ക് ഒരുക്കിയിരുന്നത്. 60,000ത്തോളം മോദി ആരാധകരാണ് മോദിയുടെ ചിത്രങ്ങൾ ആലേഖനം ചെയ് സ്‌കാർവ്‌സുകളും ബാനറുകളും ഇന്ത്യൻ പതാകയുമേന്തി ഇവിടെയെത്തിച്ചേർന്നത്.ചിലർ ബിജെപിയുടെ പതാകയ്ക്ക് സമാനമായ ടൈകളും ധരിച്ചിരുന്നു. മോദിക്ക് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി വെബ്ലിയിൽ ഉണ്ടായ ഇത്തരം മായക്കാഴ്ചകൾ ഒടുവില് സായിപ്പിന്റെ മനസ് മാറ്റിയിരിക്കുകയാണ്. യുകെയിലെ മോദിക്കാഴ്ചകൾ പകർത്താൻ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. മാദ്ധ്യമങ്ങളിലെങ്ങും മോദി സ്തുതികളും അപദാനങ്ങളും മാത്രം.

ഈ പ്രഭാവത്തിന് മുന്നിൽ ഒരു വേള ബ്രിട്ടന്റെ പ്രധാനമന്ത്രി നിഴലിലൊതുക്കപ്പെടുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. മോദിയെ സ്വീകരിക്കുന്ന റാലിക്ക് മുന്നോടിയായി കാമറോണിന്റെ ഭാര്യ സാമന്ത എത്തിയത് ഇന്ത്യൻ വസ്ത്രമായ സാരിയണിഞ്ഞ് കൊണ്ടായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമായിരുന്നു. സാധാരണയായി ഫാഷൻ വസ്ത്രങ്ങൾ അണിഞ്ഞ് നടക്കാറുള്ള സാമന്ത സാരിയിൽ കൂടുതൽ സുന്ദരിയും കുലീനയുമായി കാണപ്പെട്ടു.

മൂന്ന് ദിവസത്തെ സന്ദർശത്തിന് യുകെയിലെത്തിയ മോദിക്ക് വമ്പിച്ച വരവേൽപാണ് ലഭിച്ചിരിക്കുന്നത്.സാധാരണ റോക്ക്സ്റ്റാറുകളും സ്പോർട്സ് താരങ്ങളും നിറഞ്ഞാടാറുള്ള വെബ്ലി സ്റ്റേഡിയത്തിൽ മോദി എന്ന രാഷ്ട്രീയ നേതാവ് താരമായിത്തീരുകയായിരുന്നു. തന്റെ ചടുലമായ ഹിന്ദിയിൽ മോദി പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ വേദിയിൽ വച്ച് അദ്ദേഹത്തെ ആലിംഗനം ചെയ്തിരുന്നു. ആയിരങ്ങൾ നിറഞ്ഞ കൈയടിയോടെയാണതിനെ സ്വീകരിച്ചത്. നൂറ്റാണ്ടുകളോളം നീളുന്ന ബന്ധമുള്ള രണ്ടു രാജ്യങ്ങളുടെ പുതിയ ബന്ധത്തിന്റെ അധ്യായത്തിന് അവിടെ തുടക്കം കുറിക്കപ്പെടുകയായിരുന്നു.മോദിയെ സ്വീകരിക്കാനായി ഇന്ത്യൻ, ബ്രിട്ടീഷ് ഡാൻസർമാരുടെയും സംഗീതജ്ഞരുടെയും വൈവിധ്യമാർന്ന പ്രകടനങ്ങൾ സ്റ്റേജിൽ അരങ്ങേറിയിരുന്നു.ഇവരെ മോദിയും കാമറോണും വേദിക്ക് പുറകിൽ വന്ന് അഭിനന്ദിച്ചതും ശ്രദ്ധേയമായി.

ബക്കിങ്ഹാം കൊട്ടാരത്തിൽ വച്ച് എലിസബത്ത് രാജ്ഞിക്കൊപ്പം ലഞ്ച് കഴിച്ച് ബിസിനസ് നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോദി വെംബ്ലിയിലെ പരിപാടിക്കെത്തിച്ചേർന്നത്.മോദിയും കാമറോണും സ്‌റ്റേജിൽ തോളോട് തോൾ ചേർന്ന് നിന്നപ്പോൾ സ്‌കൂൾ വിദ്യാർത്ഥികൾ ഇരു രാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ ആലപിക്കുന്നുണ്ടായിരുന്നു. ഇതൊരു ചരിത്രപരമായ നിമിഷമാണെന്നായിരുന്നു തന്റെ ആമുഖ പ്രസംഗത്തിൽ കാമറോൺ വിശേഷിപ്പിച്ചത്. ഗുഡ് ഈവനിങ് വെംബ്ലി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് മോദി പ്രസംഗമാരംഭിച്ചത്. ഇതൊരു സവിശേഷമായ വേദിയാണെന്ന് പറയാനും അദ്ദേഹം മറന്നില്ല. തന്നെ ഇന്ത്യക്കാർ പുതിയ ഉത്തരവാദിത്വമേൽപ്പിച്ചിരിക്കുകയാണെന്നും അത് പരിപൂർണതയിലെത്തിക്കാൻ തന്റെ എല്ലാ പരിശ്രമങ്ങളും ഇതിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും മോദി തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തോട് പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ സ്വപ്‌നങ്ങൾ സഫലമാക്കാൻ ഇന്ത്യയ്ക്ക് കരുത്തുണ്ടെന്നും മോദി പറഞ്ഞു. പ്രസംഗത്തിലുട നീളം തിങ്ങിനിറഞ്ഞ ആരാധകർ ഇന്ത്യൻ പതാക വീശുന്നതും മോദി..മോദി... എന്ന് ഉറക്കെ ശബ്ദം മുഴക്കുന്നതും കാണാമായിരുന്നു.

മോദിയുടെ ഈ ചരിത്രപരമായ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ 9 ബില്യൺ പൗണ്ടിന്റെ വ്യാപാര കരാറുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. മോദിയെ സ്വീകരിക്കാൻ വേണ്ടി ഒരുക്കിയ പരിപാടി യുകെയിലെ തന്നെ വലിയ പരിപാടികളിലൊന്നായിരുന്നുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. യൂറോപ്പ് ഇന്ത്യ ഫോറമാണ് ഇതിന്റെ സംഘാടകർ. വെംബ്ലിയിലെ പ രിപാടിയുടെ ടിക്കറ്റുകൾക്ക് വൻ ഡിമാൻഡായിരുന്നുവെന്നാണ് യുറോപ്പ് ഇന്ത്യ ഫോറത്തിന്റെ സ്ഥാപകാംഗമായ മനോജ് ലാഡ് വ പറയുന്നത്. ഏകദേശം 60,000 പേർ ഈ റാലിയിൽ പങ്കെടുത്തുവെന്നാണ് പ്രതീക്ഷിക്കുന്നത്. 10,000 അല്ലെങ്കിൽ 15,000 പേർക്കിരിക്കാവുന്ന വേദിയിൽ പരിപാടി നടത്താനായിരുന്നു തങ്ങൾ ആദ്യം ആസൂത്രണം ചെയ്തതെന്നും എന്നാൽ മോദിയുടെ ജനകീയത കണക്കിലെടുത്ത് വലിയ വേദി നിശ്ചയിക്കുകയായിരുന്നുവെന്നും മനോജ് വെളിപ്പെടുത്തുന്നു. മോദിക്ക് ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അതിനാലാണ് അദ്ദേഹത്തിന്റെ ജനകീയത വർധിക്കുന്നതെന്നും മനോജ് പറയുന്നു.