ദോഹ: പ്രധാനമന്ത്രിയായശേഷം ആദ്യമായി ഖത്തറിലെത്തിയ നരേന്ദ്ര മോദിക്ക് ഉജ്ജ്വല വരവേല്പ്. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയാണ് മോദിയെ സ്വീകരിച്ചത്. ഒരുവർഷത്തിനുള്ളിൽ നാല് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആയിരിക്കുകയാണ് നരേന്ദ്ര മോദി. യു.എ.ഇ., സൗദി അറേബ്യ, ഇറാൻ എന്നിവയാണ് ഇതിനുമുമ്പ് മോദി സന്ദർശിച്ചത്.

ശനിയാഴ്ച സന്ധ്യയ്ക്ക് മുഷൈരിബ് ഡൗൺ ടൗൺ പ്രോജക്ടിൽ തൊഴിലാളികൾക്കുവേണ്ടി സംഘടിപ്പിച്ച മെഡിക്കൽക്യാമ്പ് നരേന്ദ്ര മോദി സന്ദർശിച്ചു. ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐ.സി.ബി.എഫ്.) നേതൃത്വത്തിലാണ് 350 ഇന്ത്യൻ തൊഴിലാളികൾക്കായി മെഡിക്കൽക്യാമ്പ് നടത്തിയത്. തൊഴിലാളികളോട് അവരുടെ സുഖവിവരങ്ങൾ അന്വേഷിച്ച അദ്ദേഹം അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസുചെയ്തു. ഏറെ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രിയുടെ വരവിനെ തൊഴിലാളികൾ കണ്ടത്. എട്ടുവർഷത്തിനുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ദോഹ സന്ദർശിക്കുന്നത്. 2008ൽ ഡോ. മന്മോഹൻസിങ്ങാണ് അവസാനമായി ദോഹയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി. അമീർ ശൈഖ് തമിം ബിൻ ഹമദ് അൽതാനി കഴിഞ്ഞവർഷം ഇന്ത്യ സന്ദർശിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് മോദി ഖത്തറിൽ എത്തുന്നത്.

ഞായറാഴ്ച രാവിലെ ഒൻപതിന് ഷെറാട്ടൺ ഗ്രാന്റ് ഹോട്ടലിൽ നിക്ഷേപകസംഗമം നടക്കും. ഖത്തറിലെ പ്രമുഖ വ്യവസായികളാണ് ഇതിൽപങ്കെടുക്കുന്നത്. ഇന്ത്യയിൽനിന്നുള്ള പ്രമുഖ വ്യവസായി എം.എ. യൂസഫലിയും ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ. ഡോ. ആർ. സീതാരാമനും സംഗമത്തിനെത്തുന്നുണ്ട്. തുടർന്ന് അമീരി ദിവാനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തും. മേഖലയിലും അന്താരാഷ്ട്രതലത്തിലും ഉള്ള പുതിയ സാഹചര്യങ്ങൾ ചർച്ചാവിഷയങ്ങളാകും. ഇരുരാജ്യങ്ങളും ചേർന്നുതയ്യാറാക്കിയ ഏതാനും കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കും. പിതൃഅമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയെയും മോദി സന്ദർശിക്കും. വൈകിട്ട് നാലരയ്ക്ക് ഷെറാട്ടണിൽ പ്രവാസിസമ്മേളനം നടക്കും.

മോദിയുടെ സന്ദർശനം പ്രമാണിച്ച് തൊഴിൽ ശേഷി വികസിപ്പിക്കുന്നതിനും യോഗ്യതാ രേഖകൾ അംഗീകരിക്കുന്നതിനുമുള്ള ഇന്ത്യഖത്തർ കരട് ധാരണ പത്രത്തിന് ഖത്തർ അംഗീകാരം നൽകിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് പരസ്പരം വിവരങ്ങൾ കൈമാറുന്നതിനുള്ള കരട് ധാരണാ പത്രവും അംഗീകരിച്ചു. ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തിമാക്കുന്നതിനുള്ള കരട് ധാരണ പത്രം തയാറാക്കിയത് ഖത്തർ ധനകാര്യ വിവര വിഭാഗവും ഇന്ത്യയുടെ ധനകാര്യ അന്വേഷണ വിഭാഗവുമാണ്.

സാമ്പത്തിക കുറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും ഭീകരവാദത്തിന് പണം കൈമാറുന്നതും അതുമായി ബന്ധപ്പെട്ടുള്ള മറ്റ് കുറ്റകൃത്യങ്ങളുമാണ് ധാരണാപത്രത്തിന്റെ പരിധിയിൽ വരുന്നത്. 2017 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ യുവജന കായിക മേഖലയിൽ ഇന്ത്യ ഖത്തർ സഹകരണം സംബന്ധിച്ച ധാരണപത്രത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ദോഹയിൽ നിന്ന് അഞ്ചിന് വൈകുന്നേരം സ്വിറ്റ്‌സർലന്റിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ നിന്ന് യു.എസും തുടർന്ന് മെക്‌സിക്കോയും സന്ദർശിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങുക.