വാഷിങ്ടൻ: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി യുഎസിലെത്തി. പോർച്ചുഗലിൽ നിന്നാണ് മോദി യുഎസിൽ എത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. നിർണായകമായ വിഷയങ്ങൾ യഥാർഥ സുഹൃത്തുമായി ചർച്ച ചെയ്യുമെന്നും ട്രംപ് ഭരണകൂടം മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു.

26ന് ആണ് ട്രംപ്-മോദി കൂടിക്കാഴ്ച. ട്രംപ് യുഎസ് പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ചില പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ സിഇഒമാരെയും മോദി കാണുന്നുണ്ട്. കൂടിക്കാഴ്ചയിൽ യുഎസിൽ ഇന്ത്യക്കാർക്കെതിരായ വംശീയ അതിക്രമവും എച്ച് വൺബി വീസ നിയന്ത്രണവും ഭീകരവാദത്തിനെതിരായ പോരാട്ടവുമെല്ലാം ചർച്ച യാകുമെന്നാണ് കരുതുന്നത്.

പിന്നീട് 27ന് അദ്ദേഹം നെതർലൻഡ്‌സിലേക്കു പോകും. ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ, രാജാവ് വില്യം അലക്‌സാണ്ടർ, രാജ്ഞി മാക്‌സിമ എന്നിവരെ സന്ദർശിച്ചു ചർച്ച നടത്തും. ഇന്ത്യ, പോർച്ചുഗൽ ബന്ധം ദൃഢമാക്കി 11 കരാറുകളിൽ ഒപ്പുവച്ചതിനുശേഷമാണ് മോദി യുഎസിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പോർച്ചുഗലിൽ നിന്നാണ് മോദി യുഎസിലെത്തിയത്.

ലിസ്‌ബണിലെ ക്ഷേത്രത്തിൽ മോദി സന്ദർശനം നടത്തുകയും ചെയ്തു. ഇവിടെ സംഘടിപ്പിച്ച ചടങ്ങിൽ എത്തിച്ചേർന്ന ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. 'കഴിഞ്ഞ 70 വർഷത്തിനുള്ളിൽ പോർച്ചുഗൽ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രിയെന്ന നിലയിൽ അഭിമാനമുണ്ട്. ശാസ്ത്രരംഗത്ത് മാത്രമല്ല, കായിക രംഗത്തും പോർച്ചുഗൽ ഇന്ത്യയുമായി അടുത്ത് നിൽക്കുന്നു. വിവിധ മേഖലയിൽ ഇന്ത്യ കുതിക്കുകയും പുതിയ ഉയരങ്ങൾ നേടുകയുമാണ്. ബഹിരാകാശ രംഗത്ത് നമ്മുടെ ശാസ്ത്രജ്ഞർ വലിയ നേട്ടമാണ് സ്വന്തമാക്കുന്നത്. ഏറ്റവുമൊടുവിൽ 30 നാനോ സാറ്റ്‌ലൈറ്റുകളാണ് വിക്ഷേപിച്ചത്.-മോദി പറഞ്ഞു.

ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിൽ നിങ്ങളുടെയെല്ലാം വലിയ സംഭാവനയുണ്ട്. നിങ്ങളാണ് ഇന്ത്യയുടെ യഥാർഥ അംബാസിഡർമാരായി പ്രവർത്തിക്കുന്നത്' ലിസ്‌ബണിൽ എത്തിയ ഇന്ത്യൻ സമൂഹത്തോട് നരേന്ദ്ര മോദി പറഞ്ഞു.