ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിയുടേത് മാത്രമായി മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചലിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസിന് യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടേണ്ടി വരുമെന്നും മോദി പറഞ്ഞു.

ബിജെപിയുടെ വിജയം സുനിശ്ചിതമാണ്. ഹിമാചൽ പ്രദേശിലെ ഉണയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. മുൻ യു.പി.എ സർക്കാർ 57000 കോടിയുടെ പാവങ്ങൾക്കുള്ള സബ്സിഡിയാണ് ചൂഷണം ചെയ്തത്. സബ്സിഡിയുടെ പേരിൽ അവർ ഖജനാവ് കൊള്ളയടിക്കുകയായിരുന്നു. ഇത്തരത്തിലുള്ള കൊള്ള തടയുക എന്നതാണ് ബിജെപി യുടെ ലക്ഷ്യം. പക്ഷെ കോൺഗ്രസ് നേതാക്കൾക്ക് അത് സഹിക്കുന്നില്ല. അതുകൊണ്ടാണ് അവർ തന്നെ ആക്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 1985 ലെ പ്രസ്താവന കടംകൊണ്ട് മോദി കോൺഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തു. ഒരു രൂപ അനുവദിച്ചാൽ ഗ്രാമങ്ങളിലെത്തുന്നത് 15 പൈസയായി ചുരുങ്ങുന്നു എന്നായിരുന്നു രാജീവിന്റെ പരാമർശം. നോട്ട് നിരോധനത്തിന്റെ തിരിച്ചടി ചിലയാളുകൾക്ക് ഉണ്ടായിട്ടുണ്ട്. അവരാണ് നവംബർ എട്ട് കരിദിനമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കള്ളപ്പണം വെളിച്ചത്തുകൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. നോട്ട് നിരോധനത്തിലൂടെ അതിന് കഴിഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.