റാമള്ള: ഫലസ്തീൻ ജനതയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രസന്ദർശത്തിനായി ഫലസ്തീനിലെത്തിയ മോദി, പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ നിലപാട് ആവർത്തിച്ചത്.

വിദേശരാഷ്ട്രനേതാക്കൾക്ക് ഫലസ്തീൻ നൽകുന്ന പരമോന്നത ബഹുമതിയായ ഗ്രാൻഡ് കോളർ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അണിയിച്ചു. ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നൽകിയ സംഭാവന പരിഗണിച്ചാണ് ബഹുമതി. സൗദി അറേബ്യയിലെ സൽമാൻ രാജാവ്, ബഹ്റൈനിലെ ഹമദ് രാജാവ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങിയവർക്കാണ് മുൻപ് ഈ ബഹുമതി നൽകിയിട്ടുള്ളത്.

ഫലസ്തീൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഫലസ്തീൻ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാ ബദ്ധരായിരിക്കുമെന്ന് ഉറപ്പുനൽകുന്നതായി ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമൊന്നിച്ചുള്ള സംയുക്ത പ്രസ്താവനയിൽ മോദി വ്യക്തമാക്കി. മേഖലയിൽ സമാധാനം തിരികെ വരുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനം സ്ഥാപിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് നമുക്കറിയാം. പക്ഷേ അതിനായി പരിശ്രമിക്കണമെന്നും കാരണം അതിൽ പല വിഷയങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഫലസ്തീനിൽ സമാധാനം നിലനിർത്താൻ ഇന്ത്യൻ നേതൃത്വങ്ങൾ നിലകൊണ്ടിരുന്നതായി പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. സ്വതന്ത്ര രാജ്യമായി മാറാൻ ഏതുതരത്തിലുമുള്ള ഒത്തുതീർപ്പുകൾക്കും ഫലസ്തീൻ തയ്യാറാണെന്നും ഇസ്രയേലുമായുള്ള സമാധാന ചർച്ചകൾക്ക് ഇന്ത്യ മുൻകൈയെടുക്കണമെന്നും അദ്ദേഹം അദ്ദേഹം ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ അഞ്ച് കോടി ഡോളറിന്റെ ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെച്ചു. സുപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, വനിതാ ശാക്തീകരണത്തിനുള്ള കേന്ദ്രം, വിദ്യാഭ്യാസം തുടങ്ങിയ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

ഇന്ത്യ ഇസ്രയേലുമായി അടുക്കുന്നു എന്ന പ്രചാരണത്തിനിടെയാണ് മോദിയുടെ ഫലസ്തീൻ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാറനുസരിച്ച് ബെയ്ത്ത് സഹൂറിൽ സൂപ്പർ സ്പെഷാൽറ്റി ആശുപത്രി സ്ഥാപിക്കും. സ്ത്രീശാക്തീകരണത്തിന് 50 ലക്ഷം ഡോളർ ചെലവിൽ കേന്ദ്രമുണ്ടാക്കും. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് 50 ലക്ഷം ഡോളറിന്റെ മൂന്നുകരാറുകളും ഒപ്പിട്ടു. റമള്ളയിലെ നാഷണൽ പ്രിന്റിങ് പ്രസിന് ആവശ്യമായ യന്ത്രോപകരണങ്ങൾ വാങ്ങാനും കരാറുണ്ടാക്കി.

കത്തോലിക്കാസഭയുടെ ആർച്ച് ബിഷപ്പ് പൗലോസ് മാർകുസോ, അൽ അഖ്സ മോസ്‌കിലെ മതനേതാക്കൾ എന്നിവർ മോദിയെ അഭിവാദ്യംചെയ്യാനെത്തി. ജോർദാനിലെ അമ്മാനിൽനിന്ന് റമള്ളയിലെത്തിയ മോദി, യാസർ അറഫാത്തിന്റെ ശവകുടീരം സന്ദർശിച്ച് പുഷ്പചക്രം അർപ്പിച്ചു. ഫലസ്തീൻ പ്രധാനമന്ത്രി റാമി ഹംദള്ളയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിനെത്തുടർന്നുള്ള സംഘർഷം നിലനിൽക്കുമ്പോഴാണ് മോദിയുടെ ഫലസ്തീൻ സന്ദർശനം. ട്രംപിന്റെ നടപടിയെ തള്ളിപ്പറഞ്ഞ് യു.എൻ. പൊതുസഭയിൽനടന്ന വോട്ടെടുപ്പിൽ ഇന്ത്യ ഫലസ്തീൻ അനുകൂല നിലപാടാണ് സ്വീകരിച്ചത്.