അഹമ്മദാബാദ്: മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുവിന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അക്രമങ്ങൾ നടക്കുന്നത് കർശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാടാണിത്. എന്തുകൊണ്ടാണ് ആളുകൾ ഇതു മറന്നു പ്രവർത്തിക്കുന്നത്. അക്രമരാഹിത്യമാണ് ഇന്ത്യയുടെ നയമെന്നും മോദി വ്യക്തമാക്കി.
.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി സബർമതി ആശ്രമത്തിലെത്തിയതായിരുന്നു നരേന്ദ്ര മോദി.സബർമതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനായാണ് മോദി ഇവിടെയെത്തിയത്.

മഹാത്മാ ഗാന്ധിയുടെ ചിന്തകൾ ലോകം ഇന്നു നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരമാണ്. അഹിംസയുടെ നാടാണിത്. മഹാത്മാ ഗാന്ധിയുടെ നാടാണിത്. എന്താണ് ഇക്കാര്യം നമ്മൾ മറക്കുന്നത്. നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള മനുഷ്യഹത്യ ഗാന്ധിജി അംഗീകരിക്കില്ല. അക്രമം ഒരിക്കലും ഒരു പ്രശ്‌നവും പരിഹരിക്കില്ല. സമൂഹമെന്ന നിലയ്ക്കു എല്ലായ്‌പ്പോഴും നമ്മൾ ചരിത്രവുമായി ബന്ധപ്പെടണം ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കാൻ നാം പ്രയത്‌നിക്കണമെന്നും മോദി പറഞ്ഞു.