അഹമ്മദാബാദ്: തിരഞ്ഞെടുപ്പെന്നാൽ ബിജെപിക്ക് വിജയം മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.നല്ല സമയത്തും മോശം സമയത്തും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. മോർബിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് മോദി കോൺഗ്രസിനെ ലക്ഷ്യമിട്ട് വിമർശനം ഉന്നയിച്ചത്.

രാഹുൽ ഗാന്ധിയുടെ ഗബ്ബർ സിങ് നികുതി പരിഹാസത്തിനും മോദി മറുപടി നൽകി.രാജ്യത്തെ കൊള്ളയടിച്ചവർക്ക് എല്ലായ്‌പ്പോഴും കൊള്ളയെ കുറിച്ച് മാത്രമേ ചിന്തിക്കാനും പറയാനും സാധിക്കുകയുള്ളൂ. എന്നാൽ ഇക്കാലമത്രയും കോൺഗ്രസ് കൊള്ളയടിച്ച പണം ജനങ്ങളിലേക്ക് തന്നെ തിരികെയെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.താൻ അധികാരത്തിലിരിക്കുന്ന കാലം കഴിഞ്ഞ 70 വർഷമായി രാജ്യത്തെ കൊള്ളയടിച്ചവരെ സംബന്ധിച്ച് വളരെ മോശപ്പെട്ട സമയമായിരിക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി.

ഗുജറാത്തിൽ കോൺഗ്രസ് നടത്തുന്ന പ്രചരണങ്ങൾ ദുരുദ്ദേശപരമാണെന്ന് അഭിപ്രായപ്പെട്ട മോദി ഇത്തരം പ്രചരണങ്ങളെല്ലാം ബിജെപിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു. ഒരു താമര വിരിയുന്നത് ചെളിയിലാണെന്നിരിക്കെ തനിക്കെതിരെ ചെളിവാരിയെറിയാൻ ശ്രമിക്കുന്ന കോൺഗ്രസിനോട് താൻ ക്ഷമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒബിസി വോട്ടും ലക്ഷ്യമിടുകയാണ്. എന്നാൽ തനിക്ക് ചോദിക്കാനുള്ളത് അധികാരത്തിലിരിക്കെ ഒബിസി കമ്മീഷന് ഭരണഘടന പദവി ലഭ്യമാക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് എന്തുകൊണ്ടാണ് യാതൊരു വിധത്തിലുള്ള നീക്കവും നടത്താതിരുന്നത്? എന്നാൽ ബിജെപി സർക്കാർ ഇത് ലോക്സഭയിൽ പാസാക്കിയെന്നും കോൺഗ്രസ് ഭൂരിപക്ഷമുള്ള രാജ്യസഭയിൽ ഈ നീക്കം തടസ്സപ്പെട്ടെന്നും മോദി വിശദീകരിച്ചു.

വിജയകരമായ സർക്കാരായിരുന്നു രാജ്യം ഭരിച്ചത് എന്നായിരുന്നു കോൺഗ്രസ് വാദം. എന്നിട്ടും വൺ റാങ്ക് വൺ പെൻഷൻ നടപ്പാക്കാൻ കോൺഗ്രസ് ഒരു നീക്കവും നടത്തിയിട്ടില്ല. കഴിഞ്ഞ നാൽപ്പതിലധികം വർഷമായി ഈ നീക്കം ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് കോൺഗ്രസ് സൈന്യത്തിനെതിരെ നിലകൊള്ളുന്നതെന്നും മോദി ചോദിച്ചു.