ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും ദുർബലമായ പ്രതിപക്ഷമാണ് ഇത്തവണ ബിജെപിക്ക് നേരിടേണ്ടി വന്നിരുന്നത്. കേവലം 44 അംഗങ്ങൾ മാത്രമേ പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനുള്ളൂ. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം മോദിയും കൂട്ടരും വിജയിക്കുകയും ചെയ്തു. ആകെ കണക്കു കൂട്ടൽ പിഴച്ചത് കർണാടകത്തിൽ മാത്രമാണ്. ഇവിടെ രൂപം കൊണ്ട പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശരിക്കും ഭയപ്പെടുത്തി തുടങ്ങിയെന്നു വേണം കരുതാൻ. മോദി സർക്കാർ നാലാം വർഷത്തിലേക്ക് കടക്കവേ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് മോദി രംഗത്തെത്തി. തന്നെയും ബിജെപിയെയും എതിർക്കുന്നവർ രാജ്യത്തെ ആണ് എതിർക്കുന്നതെന്ന് പറയാനും അദ്ദേഹം മടിച്ചില്ല.

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനും തന്നെ എതിർക്കാനുമായുള്ള കൂട്ടുകെട്ട് രാജ്യത്തെ തന്നെ എതിർക്കുന്നതാണെന്നാണ് മോദി അഭിപ്രായപ്പെട്ടത്. രാഷ്ട്രീയം കളിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും മോദി പറഞ്ഞു. 'ദളിത് വിഭാഗക്കാർക്കും പിന്നാക്കക്കാർക്കുംവേണ്ടി കേന്ദ്രസർക്കാർ ചെയ്ത പ്രവർത്തനങ്ങളെല്ലാം കോൺഗ്രസ് തമാശയായാണ് കാണുന്നത്. പുരോഗതിക്കായുള്ള പ്രവർത്തനങ്ങളെ നിന്ദ്യമായി കണക്കാക്കുകയും അവയിൽ തടസ്സങ്ങളുണ്ടാക്കുകയുമാണ് കോൺഗ്രസ് ചെയ്യുന്നത്.

സ്ത്രീകൾക്കുവേണ്ടി ശൗചാലയം നിർമ്മിക്കുന്നത്, ശുചിത്വഭാരതം എന്ന ആശയം, സൗജന്യ എൽപിജി കണക്ഷൻ തുടങ്ങിയവയെല്ലാം കോൺഗ്രസിന് തമാശയാണ്. കുടുംബവാഴ്‌ച്ച നടത്തുന്നവർക്ക് ഇതെല്ലാം തമാശയായെ കാണാനാവൂ. അവർ ഇന്ത്യയെ തന്നെയാണ് പരിഹസിക്കുന്നതും എതിർക്കുന്നതും. അവർക്ക് കുടുംബമാണ് രാജ്യം. എനിക്കാവട്ടെ രാജ്യമാണ് കുടുംബം,അതുകൊണ്ട തന്നെ എന്നെ എതിർക്കുന്നത് രാജ്യത്തെത്തന്നെ എതിർക്കുന്നതിന് തുല്യമാണ്.' മോദി പറഞ്ഞു.

അത്യാഗ്രഹികളാണ് രാഷ്ട്രീയത്തിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. അങ്ങനെയുള്ളവർക്ക് പ്രീണനരാഷ്ട്രീയമേ വശമുള്ളു. ജനങ്ങളെക്കുറിച്ച ചിന്തയുള്ളവർക്കേ പുരോഗതിക്കായി പ്രവർത്തിക്കാൻ കഴിയൂ എന്നും കോൺഗ്രസിനെ പരാമർശിച്ച് മോദി അഭിപ്രായപ്പെട്ടു. അതേസമയം രാജ്യത്ത് മോദിയുടെ ജനപ്രീതി ഇടിയുന്നു എന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. രാഹുൽ ഗാന്ധിയുടെ ജനപ്രീതി കൂടുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണഅ മോദി വൈകാരിക പുറത്തെടുത്ത് വോട്ടുതേടാനുള്ള ശ്രമം തുടങ്ങിയത്. 2019 ൽ മോദി സർക്കാരിന് ഭരിക്കാൻ അവസരം ലഭിച്ചേക്കില്ലെന്ന സൂചന പോലും പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് മോദി തനിക്കെതിരെ പ്രവർത്തിക്കുന്നവർ രാജ്യത്തിന് എതിരെ പ്രവർത്തിക്കുന്നവരാണെന്ന് നിലയിൽ പ്രതികരിച്ചത്.

തൊഴിലില്ലായ്മയും വിലവർധനയുമാണു വോട്ടർമാരെ എൻഡിഎ സർക്കാരിനു എതിരാക്കുന്നത്. ഭൂരിപക്ഷം ഹിന്ദു സമുദായക്കാരിലും സർക്കാർ വിരുദ്ധ മനോഭാവമുണ്ടെന്നും സർവേയിൽ പറയുന്നു. നോട്ടുനിരോധനം, തൊഴിലില്ലായ്മ, ജിഎസ്ടി, ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ ആക്രമണങ്ങൾ, വരുമാനത്തിലെ കുറവ് തുടങ്ങിയവയാണു സർക്കാരിനു വെല്ലുവിളി ഉയർത്തുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മുസ്‌ലിങ്ങൾക്കിടയിൽ കേന്ദ്ര സർക്കാരിനെക്കുറിച്ച് അസംതൃപ്തി വർധിക്കുകയാണ്. മോദി സർക്കാരിനെക്കുറിച്ചുള്ള മതിപ്പിൽ അസംതൃപ്തിക്കാരുടെ എണ്ണം കൂടുകയുമാണ്.

ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കു പരാജയമുണ്ടാകുമെന്ന് അടുത്തിടെ പുറത്തുവന്ന സർവേ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പു നടന്നാൽ മധ്യപ്രദേശിൽ 49 ശതമാനം വോട്ട് കോൺഗ്രസ് നേടും. ബിജെപിക്ക് 34 ശതമാനം വോട്ടു മാത്രമാകും ലഭിക്കുമെന്നുമാണ്് പുറത്തുവന്ന വാർത്തകൾ. രാജസ്ഥാനിൽ ഈ വർഷം ഉപതിരഞ്ഞെടുപ്പു നടന്ന രണ്ട് ലോക്‌സഭാ സീറ്റിലും ആറിൽ നാലു നിയമസഭാ സീറ്റിലും കോൺഗ്രസിനായിരുന്നു ജയം. ഉപതിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്നു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന അശോക് പർനാമി മാർച്ച് 16ന് രാജിവച്ചതോടെ രാജസ്ഥാനിൽ ബിജെപി നാഥനില്ലാത്ത അവസ്ഥയിലാണ്.