ന്യൂഡൽഹി : റിയോയിൽ ഇന്ത്യ പ്രതീക്ഷിച്ചത് പത്ത് മെഡലുകളാണ്. ഷൂട്ടിംഗിലും അമ്പെയ്ത്തിലും ടെന്നീസിലും ബാഡ്മിന്റണിലും മെഡലുകൾ ഏറെ കിട്ടുമെന്ന് കരുതി. ലിയാണ്ടറും സാനിയയും സൈനയും ജിത്തു റായിയും മെഡലുമായെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഒളിമ്പിക് വേദിയിൽ വീറുറ്റ പ്രകടനം നടത്തിയത് മൂന്ന് പേർ മാത്രം. പിവി സിന്ധു, സാക്ഷി മാലിക്, പിന്നെ ദീപ കർമാക്കർ. ഇത്രയേറെ സാധ്യതകൾ ആരും ഇവർക്ക് നൽകിയിരുന്നില്ല. എന്നിട്ടും മെഡലുമായി ഇതിൽ രണ്ട് പേരും നാട്ടിലെത്തി. എന്തായിരുന്നു ഇന്ത്യക്ക് സംഭവിച്ചത്. ഇത് ഭാവിയിൽ സംഭവിക്കാതിരിക്കാൻ എന്ത് ചെയ്യണം. ഇതിനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയോയിലെ പിഴവുകൾ കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം.

റിയോ ഒളിംപിക്‌സിൽ ഇന്ത്യയുടെ മോശം പ്രകടനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നടപടി. ഏറെ പ്രതീക്ഷകളുമായി 118 കായികതാരങ്ങളുമായാണ് ഇന്ത്യ റിയോയിൽ മൽസരിക്കാൻ ഇറങ്ങിയത്. എന്നാൽ, ഒരു വെള്ളിയും വെങ്കലവുമടക്കം രണ്ടു മെഡലുകൾ മാത്രം നേടാനെ സാധിച്ചിരുന്നുള്ളൂ. 67-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ പി.വി. സിന്ധു വെള്ളിയും ഗുസ്തിയിൽ സാക്ഷിമാലിക്ക് നേടിയ വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടങ്ങൾ.

ഇതിന്റെ ഭാഗമായി ഒളിംപിക്‌സിലെ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു. ഒളിംപിക്‌സുകളിൽ ഇന്ത്യൻ താരങ്ങളുടെ സമഗ്ര പരിശീലനവും ഫലപ്രദമായ പങ്കാളിത്തവും മുന്നിൽക്കണ്ടാണു സമിതി രൂപീകരിക്കുന്നത്. 2020 ഒളിംപിക്‌സ് ടോക്കിയോയിലാണു നടക്കുന്നത്. 2020, 2024, 2028 തുടങ്ങിയ വർഷങ്ങളിൽ നടക്കാനുള്ള ഒളിംപിക്‌സിനുള്ള കർമപരിപാടി തയാറാക്കുകയാണ് സംഘത്തിന്റെ ചുമതല. 2020ൽ ജപ്പാനിലെ ടോക്കിയോയിലാണ് ഒളിംപികസ് നടക്കുക. കായിക രംഗത്തെ സൗകര്യങ്ങൾ, പരിശീലനം, പരിശീലന രീതി എന്നിവ സംഘം വിലയിരുത്തും. ഏതാനും ദിവസങ്ങൾക്കുള്ളിൽ സംഘത്തിൽ ഉള്ളവരെ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കായികരംഗത്തെ അടിസ്ഥാനസൗകര്യം, ടീം സിലക്ഷൻ പ്രക്രിയ, അനുബന്ധ കാര്യങ്ങൾ തുടങ്ങിയവയിൽ പൊതുവായ തന്ത്രങ്ങൾക്കു സമിതി രൂപംകൊടുക്കും. ഓരോ വിഷയത്തിലും മികവുള്ളവർക്കൊപ്പം പുറത്തുനിന്നുള്ളവരും സംഘത്തിലുണ്ടാവും. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ അന്തിമ തീരുമാനമാകും.റിയോ ഒളിമ്പിക്‌സിൽ ഇന്ത്യ തീർത്തും നിറംമങ്ങിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം. 118 കായികതാരങ്ങൾ അടങ്ങിയ ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ അയച്ച ഇന്ത്യക്ക് പതിവ് പോലെ നിരാശയായിരുന്നു ഇത്തവണയും ഫലം. ഏറെ പാളിച്ചകൾ മുന്നൊരുക്കത്തിൽ വരുത്തുന്നതാണ് ഇതിന് കാരണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിലാണ് ഇടപെടൽ.

റിയോ ഒളിമ്പിക്‌സിൽ ഓരോ വെള്ളിയും വെങ്കലവുമടക്കം മാത്രം സ്വന്തമാക്കി ലോകരാജ്യങ്ങളുടെ പുറകിലാണ് സ്ഥാനം പിടിച്ചതെങ്കിലും മെഡൽ നേടിയ താരങ്ങൾക്ക് സമ്മാനം നൽകുന്ന കാര്യത്തിൽ മുൻപിൽ ഇന്ത്യ. മെഡൽ പട്ടികയിൽ മുന്നിലുള്ളവർ സമ്മാനപ്രഖ്യാപനത്തിൽ ഇന്ത്യയേക്കാൾ ബഹുദൂരം പിന്നിലാണ്. ഇന്ത്യ കോടികൾകൊണ്ട് അമ്മാനമാടിയപ്പോൾ ലക്ഷങ്ങളേ വരൂ അമേരിക്കയുടെയും റഷ്യയുടെയുമെല്ലാം സമ്മാനങ്ങൾ. റിയോയിൽ ബാഡ്മിന്റണിൽ വെള്ളി നേടിയ സിന്ധുവിന് 13 കോടി രൂപയാണ് ഇതിനകം നമായി വാഗ്ദാനം ലഭിച്ചത്. ഭൂമിയും ഫ്‌ലാറ്റും മറ്റുമായി ആകെ 21 കോടിവരെയത്ത്‌മെന്നാണ് കണക്ക്. റഷ്യയിൽ സ്വർണമെഡൽ ജേതാക്കൾക്ക് 40 ലക്ഷം റൂബിളാണ് നൽകിയത്. ഏതാണ്ട് 41 ലക്ഷം രൂപ. വെള്ളിക്ക് 26 ലക്ഷവും വെങ്കലത്തിന് 17 ലക്ഷവും. ദക്ഷിണ കൊറിയ 36 ലക്ഷം രൂപയാണ് സ്വർണ ജേതാക്കൾക്ക് പ്രഖ്യാപിച്ചത്. വെള്ളിക്ക് 18 ലക്ഷവും വെങ്കലത്തിന് 10 ലക്ഷവും. മൂന്നാമതുള്ളത് അടുത്ത ഒളിമ്പിക്‌സ് വേദിയായ ജപ്പാൻ. 50 ലക്ഷം യെൻ (33.4 ലക്ഷം രൂപ) ആണ് സമ്മാനമായി നൽകിയത്. വെള്ളിക്ക് 13 ലക്ഷവും വെങ്കലത്തിന് 6.7 ലക്ഷവുമാണ് ജപ്പാന്റെ സമ്മാനം. ജർമനിയാണ് തൊട്ടുപിന്നിൽ (14 ലക്ഷം, 11 ലക്ഷം, 7 ലക്ഷം). അഞ്ചാം സ്ഥാനത്ത് മാത്രമാണ് ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അമേരിക്ക. സ്വർണ ജേതാക്കൾക്ക് 25,000ഡോളറാണ് ബോണസായി പ്രഖ്യാപിച്ചത്. ഏതാണ്ട് 16 ലക്ഷം രൂപ. വെള്ളിക്ക് 10 ലക്ഷവും വെങ്കലത്തിന് 6.7 ലക്ഷവും. 46 സ്വർണവും 37 വെള്ളിയും 38 വെങ്കലവുമാണ് ഒന്നാം സ്ഥാനക്കാരായ അമേരിക്ക നേടിയത്.

ഇങ്ങനെ എല്ലാ വിധ പ്രോത്സാഹനവും ഇന്ത്യ കായികതാരങ്ങൾ ഇന്ന് നൽകുന്നുണ്ട്. എന്നാൽ വ്യക്തിഗത പ്രകടനത്തിന്റെ മികവ് പോലും റിയോയിൽ പുറത്തെടുക്കാത്തവരാണ് ഏറെയും. ഈ സാഹചര്യത്തിലാണ് സമഗ്ര പരിശോധന വരുന്നത്. ഇന്ത്യൻ കായിക രീതി ഉടച്ചു വാർക്കുകയെന്നതാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യവികസനത്തിൽ കേന്ദ്ര സർക്കാർ നേരിട്ട് ഇടപെടും. ഒളിമ്പിക്‌സ് വേദിയിൽ മാരത്തോണിൽ ഒപി ജെയ്ഷയ്ക്ക് വെള്ളം പോലും കിട്ടിയില്ലെന്ന പരാതിയും ഉയർന്നു. കായികതാരത്തെ സമ്മർദ്ദത്തിലാക്കി പരാതി പിൻവലിക്കാൻ അത്‌ലറ്റിക് ഫെഡറേഷന് കഴിഞ്ഞെങ്കിലും അതുണ്ടാക്കിയ നാണക്കേട് ഏറെയായിരുന്നു. ഇതും പരിശോധിക്കപ്പെട്ടും. കായികതാരങ്ങളെ അസോസിയേഷനുകൾ എപ്രകാരം പിന്തുണയ്ക്കുന്നുവെന്നത് കണ്ടെത്താനും കുറവുകൾ പരിഹരിക്കാനുമാകും നീക്കം.

കായിക സംഘടനകളുടെ തലപ്പത്ത് രാഷ്ട്രീയ നേതാക്കന്മാരെ പ്രതിഷ്ഠിക്കുന്നതിനെതിരെ വാദങ്ങൾ ശക്തമാണ്. കായിക സംഘടനകളെ രാഷ്ട്രീയക്കാരുടെ സ്വാധീന വലയത്തിൽ നിന്ന് മുകത്മാക്കണമെന്നും താരങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യമുള്ള ജനാധിപത്യ സ്ഥാപനങ്ങളാക്കി ഉടച്ച് വാർക്കണമെന്നും ആവശ്യമുണ്ട്. രാജ്യത്ത് ക്രിക്കറ്റിന് നൽകുന്ന അമിത പ്രാധാന്യവും മറ്റ് കളികളേക്കാൾ ലഭ്യമാകുന്ന കോർപറേറ്റ് സ്‌പോൺസർഷിപ്പും നിർത്തലാക്കണം. കായിക മേഖലയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം. ഒപ്പം യുവ താരങ്ങളുടെ കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും കേന്ദ്രവും സംസ്ഥാനവും പ്രത്യേകം പദ്ധതിയുണ്ടാക്കണം. രാജ്യത്തെ സ്പോർട്സ് മേഖലയ്ക്കായി പുതിയൊരു നയമുണ്ടാക്കാനും കേന്ദ്രത്തിന് മുന്നിൽ സമ്മർദ്ദമുണ്ട്. ക്രിക്കറ്റിൽ സുപ്രീംകോടതി നിർദ്ദേശിച്ച ലോധ സമിതി മുന്നോട്ട് വച്ച ആശയങ്ങൾ മറ്റ് കായിക സംഘടനകളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയും മോദി തേടുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ കായിക രംഗത്ത് ഇന്ത്യക്ക് മാന്യമായ സ്ഥാനം കിട്ടൂ. അതിനായി ഈ മേഖലയെ അഴിമതി മുക്തമാക്കുകയാണ് മോദിയുടെ ലക്ഷ്യം.