ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലിയും രംഗത്തെത്തി. കേന്ദ്രസർക്കാരുമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്ന ഊർജ്ജിതിനെ പ്രകീർത്തിച്ചുകൊണ്ടാണ് മോദിയും ജെയ്റ്റിലിയും ട്വീറ്റ് ചെയ്തിരിക്കുന്നത്.കുറ്റമറ്റ ആർജവമുള്ള ഉദ്യോഗസ്ഥനായിരുന്നു ഉർജിതെന്നും അദ്ദേഹത്തെക്കുറിച്ചു വളരെ നഷ്ടബോധം തോന്നുമെന്നും മോദി ട്വീറ്റ് ചെയ്തു. 

ബൃഹത് സാമ്പത്തിക പ്രശ്‌നങ്ങളെ സംബന്ധിച്ച് അഗാധവും ദീർഘവീക്ഷണവുമുള്ള സാമ്പത്തിക വിദഗ്ധനായിരുന്നു ഡോ. ഉർജിത് പട്ടേൽ. അദ്ദേഹം ബാങ്കിങ് സംവിധാനത്തെ കുഴപ്പങ്ങളിൽനിന്നു കരകയറ്റുകയും അച്ചടക്കം ഉറപ്പാക്കുകയും ചെയ്തു. അദ്ദേഹത്തിനു കീഴിൽ റിസർവ് ബാങ്ക് സാമ്പത്തിക ദൃഢത കൈവരിച്ചു. കുറ്റമറ്റ ആർജവമുള്ള ഉദ്യോഗസ്ഥനായിരുന്നു ഉർജിത്. ഡെപ്യൂട്ടി ഗവർണറായും ഗവർണറായും അദ്ദേഹം ആറു വർഷം റിസർവ് ബാങ്കിൽ പ്രവർത്തിച്ചു. ഒരു വലിയ പൈതൃകം പിന്നിലുപേക്ഷിച്ചാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹത്തെക്കുറിച്ചു വളരെയധികം നഷ്ടബോധം തോന്നും- മോദി ട്വീറ്റ് ചെയ്തു.

ആർബിഐ ഗവർണറായുള്ള ഊർജിത് പട്ടേലിന്റെ സേവനങ്ങൾ സ്തുത്യർഹമാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രതികരിച്ചു.എന്നാൽ, ഉർജിത് പട്ടേലിന്റെ രാജിക്കു പിന്നിൽ ആർഎസ്എസ് അജൻഡയാണെന്നു രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങൾ ഓരോന്നായി സർക്കാർ തകർക്കുകയാണ്. വിജയ് മല്യയെ ബ്രിട്ടനിൽനിന്നു വിട്ടുകിട്ടുന്നതു സർക്കാരിന്റെ വിജയമല്ലെന്നും രാഹുൽ പറഞ്ഞു. ആർബിഐ പ്രതിസന്ധിയെക്കുറിച്ചു സംസാരിക്കാൻ പ്രതിപക്ഷ നേതാക്കൾ ചൊവ്വാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും.

തിങ്കളാഴ്ച വൈകിട്ടാണു റിസർവ് ബാങ്ക് ഗവർണർ പദവിയിൽനിന്ന് ഉർജിത് പട്ടേൽ രാജിവച്ചത്. 2019 സെപ്റ്റംബറിൽ കാലാവധി അവസാനിക്കാനിരിക്കെയാണു രാജി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു രാജിയെങ്കിലും കേന്ദ്ര സർക്കാരുമായി തുടരുന്ന തർക്കങ്ങളുടെ തുടർച്ചയാണു രാജി എന്നാണു സൂചന. അഞ്ചു വരികളുള്ള രാജിക്കത്താണ് അദ്ദേഹം സമർപ്പിച്ചത്. സഹപ്രവർത്തകർക്ക് നന്ദി പറയുന്നുണ്ടെങ്കിലും സർക്കാർ, ധനമന്ത്രാലയം എന്നിവയെ സംബന്ധിച്ച് കത്തിൽ ഒരു പരാമർശവുമില്ല. ഗവർണറുടെ രാജി വരുംദിവസങ്ങളിൽ കമ്പോളങ്ങളിൽ വലിയ കോളിളക്കമുണ്ടാക്കുമെന്നാണു സൂചന.

റിസർവ് ബാങ്കിന്റെ സ്വയംഭരണത്തിൽ കൈകടത്താനുള്ള സർക്കാർ ശ്രമത്തെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ വിമർശിച്ചതോടെയാണ് മാസങ്ങളായി കേന്ദ്രവും ആർബിഐയും തമ്മിൽ നടന്നു വരുന്ന ശീതസമരം മറനീക്കി പുറത്തുവന്നത്. ബാങ്കിങ് മേഖലയുടെ റെഗുലേറ്റർ എന്ന നിലയിൽ റിസർവ് ബാങ്ക് വലിയ വീഴ്ച വരുത്തിയെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും വിമർശിച്ചു.

സർക്കാരിന്റെ കമ്മി കുറയ്ക്കാനും പൊതുമേഖലാ ബാങ്കുകൾക്കു മൂലധനം നൽകാനും റിസർവ് ബാങ്കിന്റെ മിച്ചധനത്തിലും കേന്ദ്രം കണ്ണുവച്ചു. 3.6 ലക്ഷം കോടി രൂപയാണ് റിസർവ് ബാങ്കിൽനിന്ന് ആവശ്യപ്പെട്ടത്. മൊത്തം മിച്ചധനത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ വരും ഇത്. ഈ തുക സർക്കാരിനു നൽകിയാൽ അടിയന്തര ഘട്ടങ്ങളിൽ ഇടപെടാൻ റിസർവ് ബാങ്കിനു കഴിയാതെപോകുമെന്നും റിസർവ് ബാങ്കിന്റെ റേറ്റിങ് താഴുമെന്നുമാണ് ബാങ്ക് സർക്കാരിനെ അറിയിച്ചത്.

തർക്കങ്ങൾ പരിധിവിട്ടതോടെ ഉർജിത് പട്ടേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം ഒമ്പതിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി ഉർജിത് അദ്ദേഹത്തെ കണ്ടെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നു റിപ്പോർട്ടുണ്ടായിരുന്നു.