- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണക്കാരുടെ കാര്യം വരുമ്പോൾ മോദിക്കും മന്മോഹന്റെ സ്വഭാവം; തൊട്ടാൽ ഭരണം തെറിപ്പിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുന്നത് ഇതാദ്യമല്ല; ചില്ലറവിപണിയിലെ വിദേശ നിക്ഷേപം മുതൽ ആധാറും പാചകവാതക സബ്സീഡിയും വരെ മോദി നടപ്പിലാക്കുന്നത് യുപിഎ നയങ്ങൾ തന്നെ
ന്യൂ ഡൽഹി: ഇന്ത്യയുമായി ഇരട്ടനികുതി ഒഴിവാക്കുന്നതു സംബന്ധിച്ച കരാറിലേർപ്പെട്ടിട്ടുള്ള വിദേശ രാജ്യങ്ങളിലെ ബാങ്കുകളിൽ നിക്ഷേപമുള്ള ഇന്ത്യൻ ബിസിനസുകാരുടെ പേരുവിവരം വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത് വെള്ളിയാഴ്ചയാണ്. ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തു അദ്ധ്യക്ഷനായ ബഞ്ചിലാണ് അറ്റോർണി ജനറൽ മുകുൾ റ
ന്യൂ ഡൽഹി: ഇന്ത്യയുമായി ഇരട്ടനികുതി ഒഴിവാക്കുന്നതു സംബന്ധിച്ച കരാറിലേർപ്പെട്ടിട്ടുള്ള വിദേശ രാജ്യങ്ങളിലെ ബാങ്കുകളിൽ നിക്ഷേപമുള്ള ഇന്ത്യൻ ബിസിനസുകാരുടെ പേരുവിവരം വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത് വെള്ളിയാഴ്ചയാണ്. ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തു അദ്ധ്യക്ഷനായ ബഞ്ചിലാണ് അറ്റോർണി ജനറൽ മുകുൾ റോഹ്തഗി ഇതുസംബന്ധിച്ച സത്യവാങ്മൂലം ഫയൽ ചെയ്തത്. നിലവിൽ പ്രോസിക്യൂഷൻ നടപടികളൊന്നും ആരംഭിച്ചിട്ടില്ലാത്ത നിലയ്ക്ക് കള്ളപ്പണ നിക്ഷേപം സംബന്ധിച്ച അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ നിയമപരമായ തടസ്സമുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
ഒരു ജർമ്മൻ ബാങ്കിലെ അക്കൗണ്ട് ഹോൾഡർമാരുടെ പേരുവിവരം വെളിപ്പെടുത്തുന്നതിനെതിരെ ജർമ്മനി ശക്തമായ എതിർപ്പാണ് ഉയർത്തുന്നത് എന്ന വിവരവും അദ്ദേഹം കോടതിയെ അറിയിച്ചു. തന്നെയുമല്ല, യുഎസ് അടക്കമുള്ള രാഷ്ട്രങ്ങളുമായി ഇരട്ട നികുതി ചുമത്തൽ ഒഴിവാക്കുന്നതു സംബന്ധിച്ച ചർച്ചകൾ ഡിസംബറിൽ ആരംഭിക്കുമെന്നും ആ നീക്കം പാളം തെറ്റാൻ ഇത്തരമൊരു വെളിപ്പെടുത്തൽ ഇടയാക്കുമെന്നും അദ്ദേഹം കോടതിയോടു പറഞ്ഞു. ഇപ്പോൾ ലഭ്യമായ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നത് കള്ളപ്പണക്കാരെ സംബന്ധിച്ച വിവരങ്ങൾ ഭാവിയിൽ ലഭ്യമാകുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നികുതിവെട്ടിപ്പുകാരായ കള്ളപ്പണക്കാരുടെ പേരുവിവരം വെളിപ്പെടുത്തണമെന്ന 2011ൽ ഉണ്ടായ സുപ്രീം കോടതി വിധി അസ്ഥിരപ്പെടുത്തുന്നതിനുള്ള അപേക്ഷയിലാണ് ഈ വിവരങ്ങളുള്ളത്.
ഇതോടെ മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയും ബിജെപി സഹയാത്രികനുമായിരുന്ന രാം ജത്മലാനി നരേന്ദ്ര മോദി ഗവൺമെന്റിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. വിദേശങ്ങളിലെ നികുതി രഹിത ലാവണങ്ങളിൽ കള്ളപ്പണം ഒളിപ്പിക്കുന്ന ഇന്ത്യൻ കോർപ്പറേറ്റുകളെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് ജത്മലാനി ഉന്നയിച്ചത്. പ്രതിപക്ഷത്തായിരിക്കുമ്പോൾ ബിജെപി സ്വീകരിച്ചിരുന്ന നിലപാടിൽ നിന്നു കടകവിരുദ്ധമായ നിലപാടാണ് എൻഡിഎ അധികാരത്തിലെത്തിയപ്പോൾ സ്വീകരിച്ചത്. യുപിഎ ഗവൺമെന്റ് ഉന്നയിച്ചിരുന്ന അതേ തടസ്സവാദങ്ങളാണ് ഇക്കാര്യത്തിൽ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരും മുന്നോട്ടുവയ്ക്കുന്നത്.
എന്നാൽ ഇത് അത്ര അത്ഭുതപ്പെടുത്തേണ്ട കാര്യമല്ല. വാഗ്‌വിലാസത്തിനും വാചാടോപത്തിനും അപ്പുറം വലിയ തോതിലുള്ള നയംമാറ്റത്തിനൊന്നും മോദി സർക്കാർ തയ്യാറായിട്ടില്ല എന്നുള്ളതാണ് വാസ്തവം. എല്ലാ മേഖലയിലും ഏറെക്കുറെ യുപിഎ പിന്തുടർന്നു വന്നിരുന്ന നയനിലപാടുകൾ തന്നെയാണ് മോദി സർക്കാരും പിന്തുടരുന്നത്. യുപിഎ കാലത്ത് പ്രതിപക്ഷം വിവാദമാക്കിയ വിവിധ പദ്ധതികൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും.
മൾട്ടി ബ്രാൻഡ് ചെറുകിട വ്യാപാര മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതിനെതിരെ ശക്തമായ എതിർപ്പാണ് പ്രതിപക്ഷത്തായിരിക്കെ ബിജെപി ഉയർത്തിയത്. അധികാരത്തിലെത്തിയാൽ ഈ നയം പുനഃപരിശോധിക്കും എന്ന വാഗ്ദാനം പലവുരു ആവർത്തിച്ചിരുന്നെങ്കിലും നയത്തിൽ തരിമ്പുപോലും മാറ്റം വരുത്താൻ പുതിയ സർക്കാർ തയ്യാറായിട്ടില്ല.
സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച പലവിധ ചോദ്യങ്ങളുയർന്നിരുന്നെങ്കിലും അതിനെയെല്ലാം മറന്ന് ആധാർ പദ്ധതിയുമായി മുന്നോട്ടുപോകാണ് എൻഡിഎയുടെ തീരുമാനം. ആധാർ പദ്ധതിയുടെ മുഖ്യ ആസൂത്രകനായിരുന്ന നന്ദൻ നിലേകാനിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഈ വിഷയത്തിൽ മോദി ഗവൺമെന്റ് യു ടേൺ എടുത്തത്. യുപിഎ കാലത്തേതുപോലെ തന്നെ പാർലമെന്റിൽ ചർച്ച ചെയ്ത് നിയമം പാസാക്കാതെ ഓർഡിനൻസിന്റെ ബലത്തിൽ മാത്രമാണ് ഇത്രയും വലിയ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്.
റേഷനും ഫുഡ് സബ്‌സിഡിയും അടക്കമുള്ള സഹായങ്ങളുടെ കാര്യത്തിൽ യൂണിവേഴ്‌സൽ ഡെലിവറി എന്ന മോഡൽ മാറ്റി ടാർഗെറ്റഡ് ഡെലിവറി എന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാനും പടിപടിയായി സബ്‌സിഡികൾ വേണ്ടെന്നു വയ്ക്കാനുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യുപിഎ കൈക്കൊണ്ട തീരുമാനമായിരുന്നു, വിവാദമായ ഡയറക്റ്റ് ബെനഫിറ്റ് ട്രാൻസ്ഫർ. സബ്‌സിഡിപ്പണം വെട്ടിക്കുന്നതു തടയാൻ ഇതു സഹായിക്കുമ്പോൾ തന്നെ വളരെയധികംപേർ സബ്‌സിഡിയുടെ വലയിൽ നിന്നു പുറന്തള്ളപ്പെടുമെന്ന് അന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നതാണ്. ബിജെപിയും ഇക്കാര്യത്തിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഡിബിറ്റിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് മോദി സർക്കാരിന്റെ തീരുമാനം.
ആധാർ നമ്പരുകളുടെ സഹായത്തോടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് പാചകവാതക സബ്‌സിഡി എത്തിക്കുന്ന സംവിധാനം അതേ പോലെ തുടരും. സബ്‌സിഡി നിരക്കിൽ ലഭ്യമാകുന്ന സിലിണ്ടറുകളുടെ എണ്ണം യുപിഎ സർക്കാർ ആദ്യഘട്ടത്തിൽ പ്രതിവർഷം ഒൻപതു സിലിണ്ടറായി കുറച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് 12 സിലിണ്ടറുകൾക്ക് സബ്‌സിഡി നൽകാൻ അവർ തയ്യാറായിരുന്നു. എന്നാൽ എൻഡിഎ സർക്കാർ അവതരിപ്പിച്ച ബജറ്റിലെ സൂചന, സബ്‌സിഡൈസ്ഡ് സിലിണ്ടറുകളുടെ എണ്ണം 'റിയലിസ്റ്റിക് നമ്പേഴ്‌സി'ലേക്ക് ചുരുക്കും എന്നാണ്. ചുരുക്കത്തിൽ സബ്‌സിഡി ലഭ്യമായ സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കും എന്നുതന്നെ!
പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം എടുത്തുകളയുന്നതു സംബന്ധിച്ച നയത്തിൽ യാതൊരു വ്യത്യാസവും ഇരുസർക്കാരുകൾക്കുമിടയിൽ ഇല്ല. 2015 മാർച്ച് മാസത്തോടെ ഡീസൽ വിലനിയന്ത്രണം പൂർണ്ണമായും എടുത്തുകളയുമെന്നായിരുന്നു എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ മാസാമാസം ചെറിയ തുക വീതം സബ്‌സിഡി ഒഴിവാക്കിവരുന്ന പതിവിനു പകരം, വിലയിടിവിന് അനുസൃതമായി ഡീസൽ വില കുറയ്ക്കാതെ, നിശ്ചിത സമയത്തിനു മുന്നെ തന്നെ സബ്‌സിഡി പൂർണ്ണമായും നീക്കം ചെയ്യാനാണ് ഇപ്പോൾ ശ്രമം.
ഭക്ഷ്യസുരക്ഷാ ബില്ലിന്റെ കാര്യത്തിലും യാതൊരു മാറ്റവും ഇല്ല. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിൽ ചില സംസ്ഥാനങ്ങൾ വീഴ്ച വരുത്തിയ പശ്ചാത്തലത്തിൽ ബിൽ പ്രാബല്യത്തിലാകുന്ന തീയതി ആറുമാസം കൂടി നീട്ടിയിട്ടുണ്ടെന്നു മാത്രം. ഈ ബില്ലിന്റെ കാര്യത്തിൽ പക്ഷെ പ്രതിപക്ഷത്തായിരുന്നപ്പോഴും ഇതേ നിലപാടായിരുന്നു, ബിജെപി സ്വീകരിച്ചിരുന്നത്.
പ്രതിപക്ഷ ബഞ്ചുകളിൽ നിന്ന് രൂക്ഷമായ എതിർപ്പുയർന്ന നീക്കമാണ് ഇൻഷൂറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം. 2008ൽ ബിജെപിയും ഇതര പ്രതിപക്ഷ കക്ഷികളും ചേർന്ന് ഈ ബിൽ അവതരിപ്പിക്കുന്നത് പാർലമെന്റിൽ തടഞ്ഞിരുന്നു. എന്നാൽ അധികാരത്തിൽ വന്ന് കേവലം നൂറു ദിവസങ്ങൾക്കകം തന്നെ, ബിൽ വീണ്ടും അവതരിപ്പിക്കുകയാണ് ബിജെപി ചെയ്തത്.
ഇന്ത്യയിലെ തൊഴിൽരഹിതരായ ദരിദ്രജനവിഭാഗങ്ങൾക്ക് വലിയ ആശ്വാസമായിരുന്ന യുപിഎ സർക്കാരിന്റെ ഏറെ പ്രകീർത്തിക്കപ്പെട്ട ഭരണനടപടിയായിരുന്നു മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. എന്നാൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ നടത്തിയ വിചിത്രമായ പ്രഖ്യാപനം, ഈ പദ്ധതി പ്രകാരമുള്ള പണികളിൽ 50% ജലസംരക്ഷണ പ്രവർത്തനങ്ങൾക്കു മാത്രമായി നിജപ്പെടുത്തും എന്നതായിരുന്നു. അതേ സമയം തന്നെ ഈ ഫണ്ട് സാനിറ്റേഷൻ സൗകര്യങ്ങൾ ഏർപ്പെടുത്താനായി ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തു. ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതല്ലാതെ പദ്ധതിയിൽ കാര്യമായ പുതുക്കലുകളൊന്നും ഇല്ലതാനും.
ഭൂമിയേറ്റെടുക്കൽ നിയമമാണ് ഇനി വരാനുള്ള വലിയ അടി. സ്വകാര്യ പ്രോജക്റ്റുകൾക്കായി വൻതോതിൽ ഭൂമിയേറ്റെടുക്കുന്നതിന് നിശ്ചിത ശതമാനം ഭൂവുടമസ്ഥരുടെ അനുമതി നിർബന്ധമാക്കുന്ന വ്യവസ്ഥയിൽ വെള്ളം ചേർക്കാൻ ബിജെപിയുടെ ഭാഗത്തുനിന്ന് നീക്കമുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെയും അവശ്യമരുന്നുകളുടെയും കാര്യത്തിലും വലിയ പിന്നാക്കം നടത്തമാണ് ബിജെപി നടത്തുന്നത്. യുപിഎ സർക്കാർ അത്യാവശ്യം നല്ലനിലയിൽ പ്രവർത്തിച്ച മേഖലയാണിത്. എന്നാൽ ഇന്ത്യയുടെ ശക്തമായ പേറ്റന്റ് നിയമങ്ങൾ യുഎസ് താത്പര്യങ്ങളെ ഹനിക്കുന്നതിനാൽ അവ മയപ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രം. അവശ്യമരുന്നുകളുടെ നിർബന്ധിത വിലനിയന്ത്രണം നിരവധി മരുന്നുകളുടെ കാര്യത്തിൽ എടുത്തു കളയാൻ ഇതിനോടകം മോദി സർക്കാർ തീരുമാനമെടുത്തുകഴിഞ്ഞു.
ബംഗ്ലാദേശുമായുള്ള അതിർത്തിക്കരാറാണ് ബിജെപിയുടെ ഇരട്ടത്താപ്പ് വെളിവാക്കുന്ന മറ്റൊരു മേഖല. പ്രതിപക്ഷത്തായിരിക്കുമ്പോൾ ബിജെപി വലിയ ബഹളമുണ്ടാക്കി എതിർത്തുപോന്ന ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കുകയാണ്. അന്ന് ഇന്ത്യയുടെ ഭൂഭാഗമാണെന്ന് ബിജെപിക്കാർ സമർത്ഥിച്ചുകൊണ്ടിരുന്ന സ്ഥലമടക്കം ബംഗ്ലാദേശിനു വിട്ടുനൽകിക്കൊണ്ട് അതിർത്തി പുനർനിർണ്ണയം നടത്താനുള്ള സമ്മതം അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ തന്നെ ബിജെപി സർക്കാർ അറിയിച്ചിരുന്നു.
ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകളുടെ കാര്യത്തിൽ പുതിയ ഫീൽഡ് ട്രയലുകൾക്ക് ബിജെപി സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. ഇതുപക്ഷെ എൻഡിഎയുടെ ഭാഗത്തുനിന്നുള്ള പുരോഗമനപരമായ നീക്കമായാണ് ശാസ്ത്രലോകം കാണുന്നത്. എന്നാൽ കോർപ്പറേറ്റുകളെ സഹായിക്കാനും കർഷകരെ ദ്രോഹിക്കാനുമാണ് ഈ നടപടി എന്ന ആക്ഷേപം പരിസ്ഥിതി പ്രവർത്തകർ ഉയർത്തുന്നു. ശക്തമായ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം അപൂർവ്വമായി ജിഎം വിളകൾ അനുവദിക്കും എന്നതായിരുന്നു, ബിജെപിയുടെ പ്രകടപത്രികയിലെ വാഗ്ദാനം. എന്നാൽ സംഘപരിവാറിന്റെ കർഷക സംഘടനയടക്കം നിരവധി പരിസ്ഥിതഗ്രൂപ്പുകൾ ഈ നീക്കത്തിനോട് എതിർപ്പുമായി രംഗത്തുണ്ട്.
ഈ നയതീരുമാനങ്ങളുടെ വ്യക്തിഗതമായ നേട്ടകോട്ടങ്ങളല്ല, വിഷയം. എന്നാൽ ഭൂരിപക്ഷവാദം, മതേതരത്വത്തിന്റെ അഭാവം, ന്യൂനപക്ഷാവകാശങ്ങളുടെ റദ്ദാകൽ, വർഗ്ഗീയവത്കരണം തുടങ്ങി ബിജെപിക്കെതിരെ ഉയർന്നിരുന്ന ആക്ഷേപങ്ങൾ മാറ്റിവച്ച് ഭരണകാര്യത്തിൽ ഘടനാപരമായ മാറ്റമുണ്ടാക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് ബിജെപിയിൽ പ്രതീക്ഷയർപ്പിച്ചവർക്ക് മൂന്നാം യുപിഎ സർക്കാരിനെയാണോ എൻഡിഎ ഭരണലബ്ധിയിലൂടെ കിട്ടിയത് എന്ന ചോദ്യം അസ്ഥാനത്തല്ല.