രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ടുള്ള സൗഭാഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഊർജ്ജ വിപ്ലവത്തിന് തുടക്കമിട്ടു.സാമ്പത്തിക മേഖലയെ പുഷ്ടിപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിർണായക മാർഗരേഖയാണ് പ്രധാനമന്ത്രി ഡൽഹിയിൽ പ്രഖ്യാപിച്ചത്. 2019 മാർച്ച് 31നകം എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കും. 500 രൂപയ്ക്ക് പുതിയ വൈദ്യുതി കണക്ഷൻ ലഭ്യമാക്കും. ബിപിഎൽ കാർഡ് ഉടമകൾക്ക് സൗജന്യമായി വൈദ്യുതി നൽകും. പാവങ്ങളുടെ സ്വപ്‌നമാണ് സർക്കാരിന്റെയും സ്വപ്‌നമെന്ന് മോദി പറഞ്ഞു.
വൈദ്യുതീകരണത്തിന് 16,320 കോടി രൂപ ചെലവുവരും. സൗഭാഗ്യ യോജന, ദീൻദയാൽ ഊർജ ഭവൻ എന്നിവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ജൻധൻ മുതൽ സ്വച്ഛ് ഭാരത് വരെ, സ്റ്റാൻഡ് അപ് ഇന്ത്യ മുതൽ സ്റ്റാർട്ട് അപ് ഇന്ത്യ വരെ എല്ലാ പദ്ധതികളും പാവങ്ങളുടെ ക്ഷേമത്തിനായാണ്.30 കോടി ജനങ്ങൾക്കാണ് സർക്കാർ ബാങ്ക് അക്കൗണ്ട് തുറന്നുകൊടുത്തത്.ഒൻപത് കോടി ജനങ്ങൾക്ക് ഈടില്ലാതെ ബാങ്ക് വായ്പ അനുവദിച്ച സർക്കാരാണിത്. പാവങ്ങൾക്കായി സർക്കാരിന്റെ വലിയ പദ്ധതിയാണ് പ്രധാനമന്ത്രി സഹജ് ബിജിലി യോജനയും സൗഭാഗ്യ യോജനയും.സ്വതന്ത്ര്യം കിട്ടി 70 വർഷം പിന്നിട്ടിട്ടും നാലു കോടി കുടുംബങ്ങൾക്ക് വൈദ്യുതി കിട്ടിയിട്ടില്ല.
മെഴുകുതിരികളുടെയും റാന്തലിന്റെയും വെട്ടത്തിലാണ് ആ വീടുകളിലെ കുട്ടികൾ പഠിക്കുന്നത്‌നാലു കോടി വീടുകളിലെ സ്ത്രീകൾ ഇരുട്ടിലാണ്് പാചകം ചെയ്യുന്നത്. രാത്രിയിൽ വീടിന് പുറത്തിറങ്ങുന്നത് കഠിനമാണ്. വൈദ്യുതിയില്ലാത്ത ജീവിതങ്ങളെ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വൈദ്യുതി കിട്ടിയാൽ മാത്രമേ പാവങ്ങളുടെ ജീവിതം മെച്ചപ്പെടൂ.രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.എന്നാൽ ഇതിന്റെ ഭാരം പാവങ്ങളിൽ ചുമത്തില്ല.

ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതീകരണത്തിനായി 14,025 കോടിയും നഗരങ്ങൾക്കായി 2295 കോടിയും ചിലവഴിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.പദ്ധതി തുകയുടെ 60 ശതമാനം കേന്ദ്ര വിഹിതവും 10 ശതമാനം സംസ്ഥാനങ്ങളുമാണ് നൽകേണ്ടത്. ബാക്കി തുക വായ്പയായി കണ്ടെത്താനാണ് സർക്കാർ തീരുമാനം. എന്നാൽ, പ്രത്യേകം പരിഗണനയുള്ള സംസ്ഥാനങ്ങൾക്ക് 85 ശതമാനം തുക കേന്ദ്ര സഹായം ലഭ്യമാക്കും. പദ്ധതിക്കായി 12,320 കോടി രൂപയാണ് ബജറ്റിൽ അനുവദിക്കുക.

രാജ്യത്ത് മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുസമ്മതിച്ചു. മൂന്നു വർഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു. പക്ഷെ കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട്. അഴിമതിയോടു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു തനിക്കുള്ളത്. അഴിമതിക്കാരാരും തന്റെ സുഹൃദ്‌സംഘത്തിലിലില്ല. അഴിമതിയെ വച്ചുപൊറുപ്പിക്കില്ലെന്നും ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിലായിണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ചൈനയുമായുള്ള ദോക്‌ല പ്രശ്‌നം പരിഹരിക്കാനായത് അഭിമാനകരമായ നേട്ടമാണെന്നും കേരളത്തിലെ രാഷ്ട്രീയ ആക്രമങ്ങൾക്കെതിരെ ബിജെപി പോരാടണമെന്നും മോദി ആവശ്യപ്പെട്ടു.