കാസർകോട്/കുട്ടനാട്/തിരുവനനന്തപുരം: സമൃദ്ധ-സുരക്ഷിത-അഴിമതി കേരളത്തിനായി എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാസർകോടും കുട്ടനാട്ടിലും തിരുവനന്തപുരത്തും നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് സിപിഐ(എം)-കോൺഗ്രസ് കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി വോട്ട് അഭ്യർത്ഥന നടത്തിയത്.

'ശ്രീപത്മനാഭന്റെ മണ്ണായ അനന്തപുരിയിലെ സഹോദരി സഹോദരന്മാർക്കു നമസ്‌കാരം' എന്നു മലയാളത്തിൽ പറഞ്ഞാണു പ്രധാനമന്ത്രി തലസ്ഥാനനഗരിയിലെ പ്രസംഗം ആരംഭിച്ചത്. കമ്യൂണിസ്റ്റു പാർട്ടിക്കു ശക്തമായ വേരോട്ടമുള്ള പേരാവൂരിൽ മാലിന്യക്കൂമ്പാരത്തിൽ നിന്നു ഭക്ഷണം കഴിക്കുന്ന ദളിത് ബാലന്റെ ചിത്രം മനസിൽ നിന്നു മായുന്നില്ലെന്നു പറഞ്ഞ് ഇടതുപക്ഷത്തെ ആക്രമിച്ചാണു മോദി രാഷ്ട്രീയകാര്യങ്ങളിലേക്കു കടന്നത്.

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി ആരോപണം ഉന്നയിച്ചു. ഹെലികോപ്റ്റർ ഇടപാടിൽ എത്ര കമ്മീഷൻ വാങ്ങിയെന്ന് അഴിമതി നടത്തിയവർ പറയണം. ഇറ്റലിയിൽ നിങ്ങൾക്ക് ആർക്കെങ്കിലും ബന്ധുക്കളുണ്ടോ, ആരെങ്കിലും പോയിട്ടുണ്ടോ എന്ന് ചോദിച്ച മോദി ഇറ്റലിയിൽ ആർക്കാണ് പരിചയമുള്ളതെന്ന് എല്ലാവർക്കുമറിയാമെന്നും സോണിയയെ ലക്ഷ്യമിട്ട് പറഞ്ഞു. അഴിമതിയിൽ കേന്ദ്രസർക്കാർ ആരുടെയും പേര് പറഞ്ഞില്ല. ഇറ്റലിയിലെ കോടതിയാണ് പേരു പറഞ്ഞത്. കോഴ കൊടുത്തവർ അകത്തായി, വാങ്ങിയവർ എപ്പോൾ അകത്താകുമെന്നതാണ് ഇനിയുള്ള ചോദ്യമെന്നും മോദി കൂട്ടിച്ചേർത്തു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നു മാത്രം പറഞ്ഞു നിന്നിടത്തു തന്നെ തുടരുന്ന കേരളം എങ്ങനെ മുന്നോട്ടു പോകും. ദേശീയ നിരക്കിനേക്കാൾ മൂന്നുമടങ്ങാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ. കേരളത്തിലെ ജനങ്ങളുടെ മേൽ ഒരുലക്ഷം കോടി രൂപയുടെ കടമുണ്ടെന്നും മോദി പറഞ്ഞു.

മാറി മാറി ഭരിക്കുന്ന രാഷ്ട്രീയമാണ് ഇവിടെയുള്ളത്. ഇതിനായി കോൺഗ്രസും സിപിഎമ്മും ഒത്തുകളിക്കുകയാണ്. അഞ്ച് കൊല്ലം ഞങ്ങൾ അഞ്ച് കൊല്ലം നിങ്ങൾ എന്നിങ്ങനെയാണ് കോൺഗ്രസും സിപിഎമ്മും പ്രവർത്തിക്കുന്നത്. ഇതിന് അറുതി വരുത്തിയാൽ മാത്രമേ കേരളത്തിന് വികസനത്തിൽ മുന്നോട്ട് പോകാൻ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പ്രധാനമന്ത്രി. കൂത്തുപറമ്പിലെ ബിജെപി സ്ഥാനാർത്ഥിയുടെ ഇരുകാലുകളും വെട്ടിമാറ്റിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം. സാദാന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിയെടുത്തത് ആരും കാണുന്നില്ലേ. ഡൽഹിയിൽ കണ്ണടച്ചിരിക്കുകയാണ് മാദ്ധ്യമങ്ങൾ. കൊലപാതകക്കേസിലെ പ്രതിയാണ് മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്നത്. ഇതിനെ തോൽപ്പിച്ചേ മതിയാകൂവെന്നും മോദി ആവശ്യപ്പെട്ടു.

ബംഗാളിലെ സിപിഐ(എം)-കോൺഗ്രസ് കൂട്ടുകെട്ടിനെ ചൂണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. കേരളത്തിലും പശ്ചിമബംഗാളിലും രണ്ട് സ്വരത്തിൽ സംസാരിക്കുന്നവരെ വിശ്വസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ അഴിമതിക്കെതിരെ കേരളത്തിൽ സംസാരിക്കുന്ന കമ്യൂണിസ്റ്റുകാർ പശ്ചിമബംഗാളിൽപോയി കോൺഗ്രസിന് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതുപോലെതന്നെ കമ്മ്യൂണിസ്റ്റുകാർ അക്രമികളും കൊലപാതകികളുമാണെന്ന് കേരളത്തിൽ പ്രസംഗിക്കുന്ന കോൺഗ്രസുകാർ പശ്ചിമബംഗാളിൽപോയി സംസ്ഥാനത്തെ രക്ഷിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമെ കഴിയൂവെന്ന് പറയുന്നു. ഇത്തരം അവസരവാദ രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണം. ഒത്തുകളിയുടെയും വിട്ടുവീഴ്ചയുടെയും അഴിമതിയുടെയും രാഷ്ട്രീയമാണ് കേരളത്തിൽ നിലനിൽക്കുന്നത്. അഞ്ച് വർഷംവീതം ഭരണം പങ്കിടുന്നതിനുള്ള ഒത്തുകളിയാണ് കോൺഗ്രസും സിപിഎമ്മും നടത്തുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.

സിപിഎമ്മും കോൺഗ്രസും ബംഗാളിൽ ദോസ്തിയും കേരളത്തിൽ ഗുസ്തിയുമാണ്.കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പറയും കോൺഗ്രസ് അഴിമതിക്കാരാണെന്ന്. ഇതേ നേതാക്കൾ ബംഗാളിൽ പോയിട്ട് പറയും കോൺഗ്രസിന്റെ അത്ര മികച്ച വേറെ പാർട്ടിയില്ലെന്നും. ഇവരെ സ്വീകരിക്കണോ വേണ്ടയോ എന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടേ-മോദി പറഞ്ഞു. മലയാളത്തിലാണ് മോദി പ്രസംഗിച്ചു തുടങ്ങിയത്. ഇതു അണികളുടെ ആവേശം ഇരട്ടിയാക്കി. പ്രസംഗം അവസാനിപ്പിച്ചതും മലായളത്തിലായിരുന്നു.

പെരുമ്പാവൂരിലെ ജിഷയുടെ മരണവും പ്രധാനമന്ത്രി വിഷയമാക്കി. സർക്കാരിന്റെ വീഴ്ചയാണ് ഇതിന് കാരണമെന്ന് പറഞ്ഞു. ശബരിമലയിൽ 100 പേരുടെ മരണത്തിനിടയായപ്പോൾ കേന്ദ്രമന്ത്രിമാർ ആരും തിരിഞ്ഞു നോക്കിയില്ല. എന്നാൽ കൊല്ലത്ത് പുറ്റിങ്ങലിൽ ദുരന്തമുണ്ടായപ്പോൾ മണിക്കൂറുകൾക്കകം തന്നെ പ്രധാനമന്ത്രി നേരിട്ടെത്തി. എല്ലാ പ്രവർത്തനത്തിനും നേതൃത്വം നൽകി. അതാണ് കേരളത്തോട് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ സമീപനം. വിവിധ കേന്ദ്ര പദ്ധതികൾ ഉയർത്തികാട്ടിയ പ്രധാനമന്ത്രി കർഷക പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരമുണ്ടാകുമെന്നും വ്യക്തമാക്കി. യമനിലും ലിബിയയിലും അകപ്പെട്ട മലയാളി നഴ്സുമാരെ തിരികെ രാജ്യത്തേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മോദി പറഞ്ഞു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചും മോദി തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു.

കോൺഗ്രസിന്റെ സ്വഭാവം അഴിമതിയും കമ്മ്യൂണിസ്റ്റുകാരുടെ സ്വഭാവം അക്രമവുമാണെന്ന് കുട്ടനാട്ടിലും പ്രധാനമന്ത്രി ആവർത്തിച്ചു. അടിസ്ഥാന പ്രശ്‌നമായ കുടിവെള്ള പ്രശ്‌നം ഉയർത്തിയായിരുന്നു മോദിയുടെ കുട്ടനാട്ടിലെ പ്രസംഗം. 70 വർഷമായി കുടിവെള്ളം പോലും നൽകാത്ത ഇരു രാഷ്ട്രീയ പാർട്ടികൾക്കും വോട്ടു ചെയ്യണോ എന്ന് ജനങ്ങൾ ആലോചിക്കണം.

യുപിഎ ഭരിച്ച കാലത്തുണ്ടായ ടുജി അഴിമതിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയ മോദി കേരളത്തിലെ സോളാർ അഴിമതിയെയും പരാമർശിച്ചു. അഴിമതിക്കാർക്ക് വിടനൽകാനുള്ള തിരഞ്ഞെടുപ്പാണിത്. കേരളത്തിന്റെ സുഖവും ദുഃഖവും തന്റേതാണ്. രണ്ട് എംപിമാരെ കേരളത്തിനു നൽകിയത് അതിനാലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടു വർഷം മുൻപ് ഡൽഹിയെന്നാൽ അഴിമതി നിറഞ്ഞതായിരുന്നു. എന്നാൽ തന്റെ സർക്കാർ അധികാരത്തിലെത്തിയിട്ട് ഇതുവരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ സാധിച്ചിട്ടില്ല. എല്ലാവരുടെയും വികസനമാണ് നമ്മുടെ ലക്ഷ്യം. മലയാളത്തിൽ എൻഡിഎക്ക് വോട്ടഭ്യർഥിച്ചാണ് കുട്ടനാട്ടെ പ്രസംഗം മോദി അവസാനിപ്പിച്ചത്.

എൻഡിഎയുടെ മൂന്നു പ്രചാരണ പരിപാടികളിലാണ് പ്രധാനമന്ത്രി കേരളത്തിൽ ഇന്ന് പങ്കെടുക്കുന്നത്. കുട്ടനാട്ടിൽ നിന്നു കന്യാകുമാരിയിലേക്കു പോകുന്ന നരേന്ദ്ര മോദി വൈകിട്ട് 4.50ന് അവിടെ തിരഞ്ഞെടുപ്പു സമ്മേളനത്തിൽ പങ്കെടുക്കും. കന്യാകുമാരിയിൽ നിന്ന് 6.40നു തിരുവനന്തപുരത്തെത്തി സെൻട്രൽ സ്റ്റേഡിയത്തിൽ പ്രസംഗിക്കും. ജില്ലയിലെ സ്ഥാനാർത്ഥികൾക്കു പുറമേ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും രാജീവ് പ്രതാപ് റൂഡിയും പങ്കെടുക്കും. തുടർന്നു ഡൽഹിയിലേക്കു മടങ്ങുന്ന പ്രധാനമന്ത്രി 11നു വീണ്ടും കേരളത്തിലെത്തും. അന്നു തൃപ്പൂണിത്തുറയിൽ അദ്ദേഹം പ്രസംഗിക്കും.