ലണ്ടൻ : ഇന്ത്യൻ പ്രധാനമന്ത്രി 2015 നവംബറിൽ യുകെ സന്ദർശനം നടത്തിയപ്പോൾ നൂറു കണക്കിനാളുകൾ പ്രതിഷേധവുമായി എത്തിയ സ്ഥാനത്തു ഇന്നലെ അദ്ദേഹത്തിന്റെ രണ്ടാം വരവിൽ ആയിരങ്ങളാണ് പാതയോരങ്ങളിൽ ഗോ ബാക് മുദ്രാവാക്യവുമായി തടിച്ചു കൂടിയത് . എന്നാൽ ആദ്യവരവിലെ പ്രതിഷേധം രാഷ്ട്രീയമായിരുന്നെങ്കിൽ രണ്ടാം വരവിലെ പ്രതിഷേധത്തിൽ കൂടുതലായും നിഴലിട്ടത് മത അസഹിഷ്ണുതയും വിഘടനവാദവും ആണെന്നതാണ് പ്രധാന വത്യാസം.

മോദിയെ നേരിടാൻ വൻ പ്രതിഷേധം എന്ന മട്ടിൽ മാധ്യമങ്ങളിൽ തലക്കെട്ട് നിരക്കുന്നുണ്ടെങ്കിലും ഈ പ്രതിഷേധത്തിന്റെ പിന്നിൽ ഇന്ത്യയുടെ അഖണ്ഡതയ്ക്കു വിള്ളൽ ഏൽപ്പിക്കാൻ ഉള്ള ശ്രമമാണ് നിഴലിടുന്നത് എന്നതാണ് പ്രധാന വസ്തുത . ജമ്മു കാശ്മീരിൽ ബാലിക മൃഗീയമായി കൊല്ലപ്പെട്ട സംഭവത്തിൽ കാശ്മീരി മുസ്ലിമുകളെ രംഗത്തിറക്കിയും ഖാലിസ്ഥാൻ വിഘടന വാദത്തിനു വീര്യം പകർന്നു ബ്രിട്ടീഷ് സിഖ് വംശജരും തെരുവിൽ എത്തിയപ്പോഴാണ് മോദിക്കെതിരെയുള്ള പ്രതിഷേധത്തിനു ആയിരങ്ങളുടെ പിൻബലം ഉണ്ടായതെന്ന വസ്തുതയാണ് മാധ്യമങ്ങൾ ഇന്നലെ സൗകര്യ പൂർവം മറന്നത് .

പ്രധാനമായും ബ്രിട്ടീഷ് മാധ്യമങ്ങൾ ഒരുക്കിയ കെണിയിൽ ഇന്ത്യൻ മാധ്യമ സമൂഹവും വീണപ്പോൾ , യഥാർത്ഥത്തിൽ ഇന്ത്യക്കെതിരെ ഉള്ള നീക്കം മോദിക്കെതിരെയുള്ളതായി വ്യാഖ്യാനിക്കപ്പെടുക ആയിരുന്നു . കാശ്മീരിൽ ജനം ഭയപ്പെട്ടാണ് ജീവിക്കുന്നത് എന്ന പ്രസ്താവനയുമായി പാക് അധീന കശ്മീർ പ്രധാനമന്ത്രി ഫാറൂഖ് ഹൈദർ ഖാൻ നേരിട്ട് എത്തിയാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത് എന്നത് തന്നെ മോദിക്കെതിരെ എന്ന വ്യാഖ്യാനത്തോടെ ഇന്ത്യക്കു നേരെ നടത്തുന്ന നീക്കമായി കരുതപ്പെ ടുകയാണ് . തികച്ചും സമാനമാണ് സിഖുകാരുടെ പ്രതിഷേധവും.

സ്‌കോട്‌ലൻഡിൽ നിന്നും പഞ്ചാബ് സന്ദർശനത്തിന് എത്തിയ സിഖ് യുവാവ് ജഗ്താർ സിങ് ജൊഹാൻ ക്രിമിനൽ കേസിൽ അകപ്പെട്ടു ജയിലിൽ ആയതാണ് ഖാലിസ്ഥാൻ വാദമായി രൂപം കൊള്ളുന്നത് . ഇയാളെ വിട്ടുകിട്ടാൻ സ്‌കോട്ടിഷ് എംപി അടക്കമുള്ളവർ രംഗത്തുണ്ടെങ്കിലും ഇന്ത്യ നിയമ വ്യവസ്ഥ പാലിക്കപ്പെടുന്ന രാജ്യം ആണെന്ന നിലപാട് എടുത്തതോടെ പ്രശനം വഷളാക്കി യുകെയിലെ 200 ഗുരുദ്ധ്വാരകളിൽ പിടിമുറുക്കിയ ഖാലിസ്ഥാൻ വാദക്കാർ ഇന്ത്യക്കെതിരെയുള്ള വിഷയമാക്കി യുവാവിന്റെ അറസ്റ്റ് മാറ്റുകയാണ് . തികച്ചും വൈകാരികമായി എടുത്ത നിലപാട് മോദിക്കെതിരെ എന്ന വ്യാജേനെ ഇന്ത്യൻ അഖണ്ഡതയ്ക്കു എതിരായി ഉപയോഗിക്കുകയാണ് ബ്രിട്ടീഷ് സിഖ് സമുദായം .

അതിനിടെ പ്രതിഷേധക്കാർ ഊർജ്വസ്വലരായി രംഗത്ത് എത്തിയപ്പോൾ ഒട്ടും മോശമല്ലാത്ത ശക്തി പ്രകടനവുമായി ബിജെപി ഓവർസീസ് ഘടകവും എൻ ആർ ഐ സെല്ലും രംഗത്തെത്തി . വനിതകൾ അടക്കമുള്ള സംഘങ്ങൾ തപ്പും ചെണ്ടയുമായി പാട്ടുകൾ പാടി മോദിക്ക് സ്വാഗതമോതി . തെരുവുകൾ തോറും സ്ത്രീകളുടെ സംഘങ്ങൾ ആടിപ്പാടി ഉത്സവ മേളം സൃഷ്ട്ടിക്കുന്ന കാഴ്ചയാണ് ഇന്നലെ കാണാനായത് . ഉച്ചയോടെ കത്തിജ്വലിച്ച സൂര്യൻ 27 ഡിഗ്രി താപനില സമ്മാനിച്ചതോടെ ഈ സീസണിലെ ആദ്യ ഇന്ത്യൻ സമ്മർ ദിനം കൂടി ആഘോഷിക്കാൻ മോദിയെ കാണാൻ എത്തിയവർക്കായി .

ജയ് ഹോ , വന്ദേമാതരം മുദ്രാവാക്യങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലാണ് മോദി പാർലിമെന്റ് സ്‌ക്വായറിൽ പ്രസംഗിക്കാൻ എത്തിയത് . ന്യുകാസിൽ നിന്നും ബിജെപി എൻആർഐ കേരള സെൽ കോ ഓഡിനേറ്റർ ജിബി ഗോപാലൻ , ലണ്ടൻ ഹിന്ദു സമാജം പ്രധിനിധി സുഭാഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി മലയാളികളും മോദിക്ക് വരവേൽപ്പ് നല്കാൻ ലണ്ടനിൽ എത്തിയിരുന്നു . മോദിയുടെ വലിയ ചിത്രങ്ങളും ത്രിവർണ കൊടികളും ഏന്തിയാണ് പ്രവർത്തകർ കൂടുതലും എത്തിയത് . എന്നാൽ ബിജെപി യുടെ കൊടികളോ ഹിന്ദു പ്രതീകമായി കാവി കൊടികളും കാര്യമായി കാണാൻ ഉണ്ടായില്ല എന്നതും ശ്രദ്ധ നേടി .

ഭാരതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ലോകം അസൂയയോടെ നോക്കുമ്പോൾ ഭാരതീയർ മാത്രമാണ് അല്പം സംശയത്തോടെ കാര്യങ്ങൾ നോക്കുന്നത് എന്നായിരുന്നു വെസ്റ്റ് മിനിസ്റ്റർ സെൻട്രൽ ഹാളിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട ഇന്ത്യൻ സംഘത്തിന് മുന്നിൽ മോദി സൂചിപ്പിച്ച പ്രധാന കാര്യം. ഇന്ത്യൻ ജനത ഒരു കുടുംബമാണെന്നും ഒരു ശക്തിക്കും അതിൽ വിള്ളൽ വീഴ്താൻ കഴിയില്ലെന്നും മോദി പറഞ്ഞപ്പോൾ നീണ്ട കരഘോഷമാണ് ഉയർന്നത് .

ചോദ്യകർത്താവ് ഉന്നയിച്ച കാര്യങ്ങൾക്കു കുറിക്കു കൊള്ളുന്ന മറുപടിയുമായി കത്തിക്കയറുന്ന രീതിയിൽ മോദി കാര്യങ്ങൾ വിശദമാക്കിയപ്പോൾ സദസ്സിനും ആവേശമായി . പ്രസംഗം ഒഴിവാക്കി ചോദ്യോത്തര രൂപത്തിലാണ് മോദി സദസുമായി സംവദിച്ചത് .