ന്യൂഡൽഹി: ഇന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലെ താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇത്തരമൊരു നയതന്ത്ര നീക്കം ആരും പ്രതീക്ഷിച്ചില്ല. ആരോടും പറയാതെ സുരക്ഷ പോലും കണക്കിലെടുക്കാതെ പാക്കിസ്ഥാനിലെത്തുക. അപാര ചങ്കൂറ്റമായി ഇതിനെ വിലയിരുത്തുന്നുണ്ട്. അതിലുപരി പാക്കിസ്ഥാൻ വിശ്വസിക്കാൻ കൊള്ളാവുന്ന രാജ്യമാണെന്ന സന്ദേശവും മോദി നൽകുന്നു. ദേശീയ സുരക്ഷാ ഗാർഡുകളുടെ മുൻകൂട്ടിയുള്ള പരിശോധനയോ ഒരുക്കമോ ഇല്ലാതെ ഇന്ത്യൻ പ്രധാനമന്ത്രി പാക്കിസ്ഥാനിലെത്തുകയെന്നത് ആർക്കും ഇതിന് മുമ്പ് ചിന്തിക്കാൻ പോലും കരുതുമായിരുന്നില്ല. പാക്കിസ്ഥാനിൽ മിന്നൽ സന്ദർശനം നടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ തിരിച്ചെത്തി മോദി താരമാവുകയാണ്. 12 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പാക്കിസ്ഥാനിൽ എത്തുന്നുന്നത്. അതും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ അപ്രതീക്ഷിത പാക്കിസ്ഥാൻ സന്ദർശനം.

ലാഹോറിൽ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളും കാണുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെയായിരുന്നു മോദിയുടെ അപ്രതീക്ഷിത പാക്കിസ്ഥാൻ സന്ദർശനം. ഇത് ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം ഊട്ടിയുറപ്പിക്കും. നയതന്ത്ര ചർച്ചകൾക്ക് പുതിയ ദിശാ രൂപവും നൽകും. അതിനിടെ നരേന്ദ്ര മോദിയുടെ സന്ദർശനം ശുഭസൂചനയെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ചർച്ചകൾ ശരിയായ ദിശയിലാണ് പോകുന്നതെന്ന് മോദി-ഷെരീഫ് കൂടിക്കാഴ്ചയ്ക്ക് ശേഷം പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി അജിസ് ചൗധരി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്നത്. ചർച്ചകളുമായി മുന്നോട്ടു പോകാൻ ഇരു നേതാക്കളും തീരുമാനിച്ചു. നല്ല അയൽക്കാരായി മുന്നോട്ടു പോകാനും തീരുമാനിച്ചതായി പാക്ക് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

പാക്കിസ്ഥാൻ ഹെലികോപ്ടറിൽ ഒന്നും ആലോചിക്കാതെ മോദി യാത്ര ചെയ്തു. ഷെരീഫിന്റെ കാറിലും ഇരുവരും ആശയ വിനിമയം നടത്തി. ഇതെല്ലാം ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളായിരുന്നു. എന്നാൽ സൗഹൃദത്തിൽ വിശ്വാസമാണ് വലുതെന്ന് മോദി പറയാതെ പറയുകയാണ് ഇവിടെ. ഷെരീഫുമായുള്ള വ്യക്തിപരമായ സൗഹൃദത്തിലൂടെ കാശ്മീർ പ്രശ്‌ന പരിഹാരം ആണ് മോദിയുടെ ലക്ഷ്യം. ബംഗ്ലാദേശുമായുള്ള പ്രശ്‌ന പരിഹാരം സാധ്യമാക്കിയ മോദി അപ്രതീക്ഷിത നയതന്ത്ര നീക്കത്തിലൂടെ പാക്കിസ്ഥാനേയും നല്ല അയൽക്കാരനാക്കി. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തിയ അന്നുമുതൽ ഷെരീഫുമായി മോദിക്ക് പ്രത്യേക ബന്ധവും താൽപ്പര്യവുമുണ്ടായിരുന്നു. അത് പുതിയ തലത്തിലെത്തുകയാണ് ഇന്നലത്തെ യാത്രയിലൂടെ. അതിനിടെ എല്ലാം മുൻകൂട്ടി നിശ്ചയിച്ചതാണെന്ന ആക്ഷേപവും ശക്തമാണ്. ഷെരീഫിന്റെ കൊച്ചുമകളുടെ കല്ല്യാണവും മനസ്സിലാക്കിയാണ് മോദിയെത്തിയത് എന്നും കരുതുന്നവരുണ്ട്. എന്തായാലും പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം ഒന്നാകെ മോദിയുടെ നീക്കത്തിൽ ഞെട്ടി. അവരെല്ലാം കൈയടിച്ച് തന്നെയാണ് മോദിയുടെ വരവിനെ വരവേറ്റത്.

പാക്കിസ്ഥാൻ സന്ദർശനത്തിനുശേഷം പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തി. നവാസ് ഷെരീഫിനും കുടുംബത്തിനുമൊപ്പം ഊഷ്മളമായ ഒരു വൈകുന്നേരം ചെലവഴിച്ചുവെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. നവാസ് സാഹിബിന്റെ പിറന്നാളും പേരക്കുട്ടിയുടെ വിവാഹവും ആഘോഷം ഇരട്ടിയാക്കി. അടൽ ബിഹാരി വാജ്‌പേയുമായുള്ള ഷെരീഫിന്റെ അടുപ്പം എന്നെ വല്ലാതെ സ്പർശിച്ചു. വാജ്‌പേയോട് തന്റെ അന്വേഷണം അറിയിക്കാനും ഷെരീഫ് പറഞ്ഞതായി മോദി ട്വിറ്ററിൽ കുറിച്ചു. തന്നെ സ്വീകരിക്കാനും തിരികെ വിടാനും നവാസ് ഷെരീഫ് വിമാനത്താവളത്തിൽ വന്നത് വ്യക്തിപരമായി തന്നെ വല്ലാതെ സ്പർശിച്ചുവെന്നും ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം മോദി ട്വിറ്ററിൽ കുറിച്ചു. അങ്ങനെ എല്ലാം കൊണ്ടും താരമായെന്ന് പ്രധാനമന്ത്രിയും സമ്മതിക്കുന്നു.

അപ്രതീക്ഷിതവും അസാധാരണവുമായാണ് മോദി പാക്കിസ്ഥാനിലെത്തിയത്. ഇന്നു വൈകുന്നേരമാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മോദി അപ്രതീക്ഷിതമായി പാക്കിസ്ഥാൻ സന്ദർശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പാക്ക് സന്ദർശനം മോദി അറിയിച്ചത്. കാബൂളിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മോദി, ഷെരീഫിനെ വിളിച്ചു. പിറന്നാൾ ആശംസ അറിയിച്ചു. പാക്കിസ്ഥാൻ വഴി വരുന്നതായും പറഞ്ഞു. സ്വാഗതമെന്ന് ഷെരീഫും വ്യക്തമാക്കി. ഇതോടെ വിമാനം ലാഹോറിലെത്തി. ലാഹോറിലെ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മോദിയെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വീകരിച്ചു. തുടർന്ന് ഇരുവരും ഹെലികോപ്റ്ററിൽ ഷെരീഫിന്റെ വസതിയിലേക്ക് പോയി. ഇവിടെ വച്ച് ഒരു മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഷെരീഫിന്റെ കുടുംബാംഗങ്ങളും മോദിക്കൊപ്പമുള്ള ഉദ്യോഗസ്ഥരും സ്വീകരണത്തിൽ പങ്കെടുത്തിരുന്നു.

തുടക്കം ഒരു ഫോൺ കോളിലായിരുന്നു. മോദി, ഷെരീഫിനെ ഫോണിൽ വിളിച്ചു. താൻ അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നും മടക്കയാത്രക്കിടെ പാക്കിസ്ഥാനിൽ ഇറങ്ങട്ടെ എന്നും ചോദിച്ചു. ദയവായി വന്നാലും, നിങ്ങൾ ഞങ്ങളുടെ അതിഥിയാണെന്നായിരുന്നു ഷെരീഫിന്റെ മറുപടി. മോദിയോടൊപ്പം ഒരു കപ്പ് ചായ കുടിക്കാൻ അതീവ താത്പര്യമുണ്ടെന്നും ഷെരീഫ് മോദിയെ അറിയിച്ചു. പ്രധാനമന്ത്രി ലാഹോർ വിമാനത്താവളത്തിൽ പറന്നിറങ്ങിയപ്പോൾ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ സർവ്വസന്നാഹങ്ങളുമായി ഷെരീഫ് വിമാനത്താവളത്തിൽ കാത്തു നിന്നു. ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിയും ഇതുവരെ നടത്തിയിട്ടില്ലാത്ത അസാധാരണ നീക്കത്തിലൂടെ മോദി ലാഹോർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ അദ്ദേഹത്തെ ഷെരീഫ് ആലിംഗനം ചെയ്ത് സ്വീകരിച്ചു. ഒടുവിൽ നിങ്ങൾ ഞങ്ങളുടെ നാട്ടിലേക്ക് വന്നു അല്ലേ? എന്നാണ് ഷെരീഫ് മോദിയെ സ്വാഗതം ചെയ്തുകൊണ്ട് ചോദിച്ചത്. തീർച്ചയായും, ഞാനിവിടെയുണ്ടെന്ന് മോദി മറുപടിയും നൽകി-ഈ ദൃശ്യങ്ങൾ ലോക നയതന്ത്ര ചരിത്രത്തിലാണ് ഇടം നേടിയത്.

പിന്നീട് ഇരുനേതാക്കളും ഹെലികോപ്റ്ററിൽ ഷെരീഫിന്റെ വീട്ടിലേക്ക് പോയി. 66ാം പിറന്നാൾ ആഘോഷിക്കുന്ന നവാസ് ഷെരീഫിന്റെ വീട്ടിലെത്തിയ മോദി 90 മിനുട്ടുകളോളം അദ്ദേഹവുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. ശനിയാഴ്‌ച്ച വിവാഹിതയാവുന്ന പാക് പ്രധാനമന്ത്രിയുടെ കൊച്ചുമകൾക്ക് ആശംസകളും നേർന്നു. പിന്നീട് ഷെരീഫിന്റെ വീട്ടിൽ നിന്ന് അത്താഴം കഴിച്ച ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി. ഇതൊരു ഉഭയകക്ഷി ചർച്ചയല്ലെന്നും തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നുമാണ് സൂചനയാണ് ഇരു നേതാക്കളും നൽകിയത്. ഇന്ത്യ-പാക്ക് ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി വിവിധ മേഖലകളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് മോദിയുടെ സന്ദർശനം. സെക്രട്ടറി തല ചർച്ചയിലും മറ്റും കൂടുതൽ സൗഹൃദവും വിശ്വാസവും ഇതിലൂടെ കൈവരും. ക്രിക്കറ്റ് നയതന്ത്രത്തിന്റെ സാധ്യതയും തുറക്കും. എല്ലാത്തിനുമുപരി അടുത്ത സാർക്ക് സമ്മേളനത്തെ ആഗോള ശ്രദ്ധാകേന്ദ്രവുമാക്കും. സാർക്ക് രാജ്യങ്ങൾക്കിടയിൽ സമാധാനവും സഹകരണവും ഊട്ടിയുറപ്പിക്കാൻ ഒതകുന്ന നീക്കമാണ് മോദി നടത്തിയത്. അതുകൊണ്ട് തന്നെയാണ് കൈയടിയും.

എന്നാൽ മോദിയുടെ പാക്ക് സന്ദർശനത്തെ എതിർത്ത് ശിവസേനയും കോൺഗ്രസും രംഗത്തെത്തി. രാജ്യത്തെ വിശ്വാസത്തിലെടുക്കാത്ത സന്ദർശനമാണ്. മോദിയുടെ സാഹസികത രാജ്യത്തിന് ദോഷം ചെയ്യുമെന്നും കോൺഗ്രസ് വ്യക്തമാക്കി. സാമൂഹിക മാദ്ധ്യമങ്ങളിൽ ചിത്രം വരാൻ വേണ്ടിയാണ് മോദിയുടെ പാക്കിസ്ഥാൻ സന്ദർശനമെന്ന് ശിവസേന പരിഹസിച്ചു.