വാരാണസി : വാരാണസിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു പ്രചാരണം. ക്ഷേത്രദർശനം നടത്തിയും മദന്മോഹൻ മാളവ്യയ്ക്ക് ആദരം അർപ്പിച്ചും പടുകൂറ്റൻ റാലിയെ അഭിസംബോധന ചെയ്തായിരുന്നു ജനങ്ങളെ കൈയിലെടുക്കാൻ മോദി സജീവമായത്.

ലോക്‌സഭയിൽ വാരാണസിയുടെ എംപിയാണ് മോദി. കിഴക്കൻ ഉത്തർപ്രദേശിലെ 49 മണ്ഡലങ്ങളിൽ ഇന്നലെ വോട്ടെടുപ്പായിരുന്നു. ബാക്കിയുള്ള 40 മണ്ഡലങ്ങളിൽ എട്ടിന് വോട്ടെടുപ്പു നടക്കും. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ളതാണ് ഈ മേഖല. ഈ സാഹചര്യത്തിലാണ് മോദി ഇളക്കി മറിക്കാൻ എത്തിയത്. മോദിയുടെ റോഡ്‌ഷോ ടെലിവിഷൻ ചാനലുകൾ ലൈവ് ആയി കാണിച്ചതു ഗുണംചെയ്യുമെന്നാണു ബിജെപി കേന്ദ്രങ്ങളുടെ പ്രതീക്ഷ. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വളപ്പിലുള്ള മദന്മോഹൻ മാളവ്യയുടെ പ്രതിമയിൽ മോദി പുഷ്പാർച്ചന നടത്തി. യൂണിവേഴ്‌സിറ്റി വളപ്പിൽ നിന്നാണു റാലി ആരംഭിച്ചതും.

കാശി വിശ്വനാഥക്ഷേത്രം, കാൽ ഭൈരവക്ഷേത്രം എന്നിവിടങ്ങളിലാണു പ്രധാനമന്ത്രി ദർശനത്തിനെത്തിയത്. മോദിയുടെ റോഡ്‌ഷോ വൻജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. അതേസമയം യൂണിവേഴ്‌സിറ്റി വളപ്പിൽ നിന്നു റാലി ആരംഭിച്ചതിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. വേണ്ട അനുമതികൾ വാങ്ങാതെയാണു റാലി നടത്തിയതെന്നു തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ പരാതിയിൽ കോൺഗ്രസ് ആരോപിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായും വാരാണസിയിൽ മോദി റോഡ്‌ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും വാരാണസിയിൽ റോഡ്‌ഷോ ആസൂത്രണം ചെയ്യുന്നുണ്ട്.