വാഷിങ്ടൺ: വെല്ലുവിളികൾക്കിടെ, ഇന്ത്യ-അമേരിക്ക ബന്ധത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും പുതിയ ഒരു അദ്ധ്യായം തുറക്കാനും പ്രതിജ്ഞാബദ്ധരെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും. വളരെ ഊഷ്മളമായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച. മൂന്നാമതൊരു രാജ്യത്തെ പരാമർശിക്കാതെയാണ് കേവിഡ് പ്രതിരോധം, കാലാവസ്ഥാ മാറ്റം, ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരത തുടങ്ങിയ വെല്ലുവിളികൾ ചർച്ചയായത്.

കൗതുകം ഉണർത്തി ബൈഡൻ തന്റെ പൂർവികരുടെ ഇന്ത്യാബന്ധം ഉന്നയിച്ച് ചർച്ചാവേളയെ രസകരമാക്കി. അഞ്ച് ബൈഡന്മാർ ഉണ്ടായിരുന്നുവെന്നാണ് താൻ കേട്ടിരിക്കുന്നതെന്ന് ജോ ബൈഡൻ പറഞ്ഞു. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി ജോലി ചെയ്ത തന്റെ പൂർവികനായ ജോർജ് ബൈഡനെ കുറിച്ചായിരുന്നു പ്രസിഡന്റെ പരാമർശിച്ചത്. ഒരു ഇന്ത്യൻ വനിതയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ബൈഡന് ഇന്ത്യയുമായുള്ള വ്യക്തിബന്ധത്തെ കുറിച്ച് തനിക്ക് അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.

തനിക്ക് ഇന്ത്യയിൽ ബന്ധുക്കളുണ്ടെന്ന് 2013ലെ ഇന്ത്യാ സന്ദർശന വേളയിൽ ബൈഡൻ പഞ്ഞിരുന്നു. മുംബൈയിലാണ് ബന്ധുക്കൾ ഉള്ളതെന്നും ബൈഡൻ പറഞ്ഞിരുന്നു. തനിക്ക് ഇന്ത്യയിൽ നിന്ന് ഇക്കാര്യം സൂചിപ്പിച്ച് ഒരു കത്ത് വന്നിരുന്നുവെന്നും ബൈഡൻ പറഞ്ഞിരുന്നു. 1972ലാണ് ആ കത്ത് തന്നെ തേടിയെത്തിയതെന്നും ബൈഡൻ പറഞ്ഞിരുന്നു.

മുംബൈ നിവാസിയാണ് തനിക്ക് കത്തയച്ചതെന്നും ബൈഡൻ പറഞ്ഞു. ആ കത്തിൽ ബൈഡൻ എന്ന കുടുംബപേരും ഉണ്ടായിരുന്നു. അഞ്ച് ബൈഡന്മാരാണ് മുംബൈയിലുള്ളത്. അതേസമയം തന്റെ പൂർവികർ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ബൈഡൻ പറഞ്ഞു. കത്ത് ലഭിക്കുമ്പോൾ വെറും 29 വയസ്സ് മാത്രമാണ് ബൈഡന്റെ പ്രായം. ആ സമയത്ത് യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടേയുള്ളൂ ബൈഡൻ. ആരാണ് ഇന്ത്യയിലെ തന്റെ ബന്ധുക്കളെന്ന് അറിയാനുള്ള താൽപര്യം എനിക്കുണ്ടായിരുന്നു. പക്ഷേ അതിന് സാധിച്ചില്ലെന്നും ബൈഡൻ പറഞ്ഞിരുന്നു, ബൈഡന്റെ മുതു മുത്തച്ഛനായ ജോർജൻ ബൈഡനാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ക്യാപ്റ്റനായിരുന്നത്.

ഗൗരവ വിഷയങ്ങളിലേക്ക് കടന്നതോടെ, ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുന്നതിന് വ്യാപാരബന്ധം സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഉന്നയിച്ചു. വൈറ്റ്ഹൗസിൽ വച്ചാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ- മോദി കൂടിക്കാഴ്ച നടന്നത്.

ബൈഡന്റെ നേതൃത്വത്തിൽ ഇന്ത്യ യുഎസ് സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിനുള്ള വിത്തുകൾ പാകി. ഈ ദശകം രൂപപ്പെടുത്തുന്നതിൽ ബൈഡന്റെ നേതൃത്വം പ്രധാനമാണെന്നും മോദി പറഞ്ഞു. അന്താഷ്ട്രതലത്തിൽ പല വെല്ലുവിളികളും നേരിടാൻ ഇന്ത്യ.യുഎസ് സഹകരണത്തിന് ആകുമെന്ന് ജോ ബൈഡൻ പറഞ്ഞു നാലു ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ അമേരിക്കൻ ജനതയാണ് യുഎസിനെ ഒരോ ദിവസവും ശക്തിപ്പെടുത്തുന്നത്. ഞാൻ വൈസ് പ്രസിഡന്റ് ആയിരുന്ന 2006ൽ തന്നെ ഇന്ത്യയും യുഎസും 2020ഓടെ ഏറ്റവും അടുത്ത രാജ്യങ്ങളായി മാറുമെന്ന് പറഞ്ഞിരുന്നതായും ബൈഡൻ ചൂണ്ടിക്കാട്ടി.

ഇന്റോ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ- അമേരിക്ക സഹകരണം സുപ്രധാനമാണ്. ആഗോളതലത്തിലെ പല വെല്ലുവിളികളും നേരിടാൻ ഇന്ത്യ- യുഎസ് സഹകരണം അനിവാര്യമാണെന്നും ജോ ബൈഡൻ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കൽ, വൈവിധ്യങ്ങളോടുള്ള കൂട്ടായ പ്രതിബദ്ധത, അഹിംസയെയും സഹിഷ്ണുതയെയും ബഹുമാനിക്കൽ എന്നിവ എക്കാലത്തേക്കാളും ഇന്ന് പ്രസക്തമാണ്. അക്രമരാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണെന്നും ജോ ബൈഡൻ വ്യക്തമാക്കി.

ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് ഉച്ചകോടിയും ഇന്നു രാത്രി നടക്കും. അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും അടുത്തിടെ രൂപീകരിച്ച സൈനിക സഖ്യം, ക്വാഡ് ഉച്ചകോടിയെ ബാധിക്കില്ലെന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഇന്നലെ നരേന്ദ്ര മോദിയെ അറിയിച്ചത്.