ലണ്ടൻ: ഇനി സൂര്യനാണ് രക്ഷ. ''ഒരൊറ്റ സൂര്യൻ, ഒരൊറ്റ ലോകം, ഒരൊറ്റ ഇന്ധന വിതരണ ശൃംഖല'' എന്ന് ഇന്ത്യയും ബ്രിട്ടനും ഒന്നിച്ചു ലോകത്തോട് പ്രഖ്യാപിച്ചതാണ് ഇപ്പോൾ എവിടെയും ചർച്ച. കഴിഞ്ഞ 25 വർഷമായി നടക്കുന്ന കാലാവസ്ഥ ഉച്ചകോടി ഇത്തവണ ചരിത്രം തിരുത്തുന്നതാവണം എന്ന ബോറിസ് ജോൺസന്റെ ഇച്ഛാശക്തിയാണ് മോദിയെ ഗ്ലാസ്‌ഗോയിൽ എത്തിച്ചത്. വിദ്യാർത്ഥി വിസയും വാക്‌സിൻ തർക്കവും ഒക്കെ നയതന്ത്ര പരിധിയും കടന്നുള്ള തർക്കമായി വിലസുന്ന സമയത്താണ് ബോറോസിന്റെ ഫോൺകോൾ മോദിയെ തേടി എത്തുന്നത് . ആ ഒരൊറ്റ ഫോൺ കോളിൽ വാക്‌സിൻ സംബന്ധിച്ച തർക്കം തീർന്നു . ഇന്ത്യയിൽ നിന്നെത്തുന്നവർക്കു ഹോം ക്വറന്റിൻ ആവശ്യമില്ല എന്ന് ബ്രിട്ടൺ പ്രഖ്യാപിച്ചു . താൻ കാലാവസ്ഥ ഉച്ചകോടിക്ക് എത്തുമെന്ന് മോദിയും പ്രഖ്യാപിച്ചു . ഇത് സമീപകാല ചരിത്രം.

ഇനിയാണ് വർത്തമാനം, ഭാവിയും

കാലാവസ്ഥയിൽ ഉണ്ടായ മാറ്റങ്ങൾ ഇപ്പോൾ ലോകത്തെ മറ്റേതു ജനവിഭാഗത്തേക്കാൾ നന്നായി മനസിലാക്കുകയാണ് മലയാളികൾ . നാലു വര്ഷം മുൻപുണ്ടായ മഹാപ്രളയം നൂറ്റാണ്ടിൽ ഒന്ന് എന്ന് കരുതി മറക്കാൻ ശ്രമിക്കുമ്പോൾ ഓരോ വർഷവും കൂടുതൽ ശക്തവും രൂക്ഷവുമായ തരത്തിൽ പ്രകൃതി തിരിച്ചടിക്കുകയാണ് . ഇതിനു ഒറ്റക്കാരണമായി കേരളത്തിൽ ആഗോള താപനം ആണ് കാരണം എന്ന് വരുത്തിത്തീർക്കാൻ കൂട്ടായ ശ്രമം നടക്കുമ്പോഴും മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന കയ്യേറ്റങ്ങൾ കണ്ടതില്ലെന്നു നടിക്കാൻ ഉള്ള വ്യഗ്രതയും മലയാളികൾക്കിടയിൽ വ്യാപകമാണ്. പക്ഷെ ആഗോള താപനാ വ്യതിയാനവും ഒരു കാരണമാണ് എന്ന് മാത്രമല്ല, വിഴിഞ്ഞവും ശംഖുമുഖവും നീണ്ടകരയും കൊച്ചിയും ചെല്ലാനവും പൊന്നാനിയും കോഴിക്കോടും ബേപ്പൂരും കണ്ണൂരും അടക്കമുള്ള സകല കേരള ബീച്ചുകളും തിര വിഴുങ്ങി ഇല്ലാതാവുകയാണ്. ആഗോള താപന ഫലമായി കടൽ ജലനിരപ്പ് ഉയർന്നാൽ കൊച്ചി അടക്കം മുങ്ങും എന്ന് 20 വര്ഷം മുൻപ് തന്നെ വന്ന റിപോർട്ടുകൾ പോലും ഭരണാധികാരികൾ കണ്ടില്ലെന്നു നടിച്ചാണ് കൂടുതൽ തീവ്രമായി പ്രകൃതിയെ ദ്രോഹിക്കുന്നത് . ഇതിനു പകരമായി തിരിച്ചും പ്രകൃതിയും തന്റെ ജോലി തുടങ്ങിയിരിക്കുന്നു.

ഇതോടെയാണ് പ്രകൃതി ചൂഷണം അവസാനിപ്പിക്കണം എന്ന് ലോക നേതാക്കൾ തീരുമാനിക്കുന്നത് . ഇക്കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി വക്തിപരമായി താൽപ്പര്യം എടുത്തതോടെ ലോകമെങ്ങും നേതാക്കൾക്കിടയിൽ കൂടുതൽ ആവേശമായി . കാരണം ലോകത്തു തന്നെ ഏറ്റവും അധികം പ്രകൃതി ദത്ത ഇന്ധനം ഉപയോഗിക്കുന്ന ഇന്ത്യയെ എങ്ങനെ കൂടെ നിർത്തും എന്ന ആശങ്കകയായിരുന്നു ലോക നേതാക്കൾക്കിടയിൽ . എന്നാൽ ലോകം ഗൗരവം ഉള്ള ഒരു കാര്യം സംസാരിക്കുമ്പോൾ തിരിഞ്ഞു നടക്കുന്നതല്ല ഇന്ത്യൻ പാരമ്പര്യം എന്ന് തെളിയിച്ചാണ് ഏതാനും വർഷമായി ഇന്ത്യ കാലാവസ്ഥ ഉച്ചകോടിയിൽ അടക്കം നിർണായക പ്രഖ്യാപനവുമായി എത്തുന്നതും .

ലോകത്തിനു വേണ്ടത് ഇന്ത്യയടക്കം ഏഷ്യയുടെ പ്രകാശം

ലോകത്തെ രണ്ടു മുൻനിര രാജ്യങ്ങൾ എന്ന നിലയിലാണ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ സൗരോർജ്ജം അടിസ്ഥാനമാക്കി ലോകത്തെ ആദ്യ ഇന്ധന വിതരണ ഗ്രിഡ് കരാറിൽ എത്തിച്ചേർന്നിരിക്കുന്നത്. സാധാരണ രണ്ടു രാജ്യങ്ങൾ തമ്മൽ ഉള്ള സഹകരണം എന്നതിനേക്കാൾ ഉപരിയായി ഭാവിയിലെക്കുള്ള സഹകരണം എന്നാണ് ഇതിനെ വിലയിരുത്തുന്നത്. മോദിയും ബോറീസും അധികാരം വിട്ടാലും ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള സഹകരണം ഈ മേഖലയിൽ തുടർന്നും ശക്തിപ്രാപിക്കാൻ കരാർ കാരണമാകും , അത് തന്നെയാണ് ഇതിനെ പ്രസ്തക്തമാകുന്നതും. പദ്ധതി പ്രകാരം ലോകത്തെ 140 രാജ്യങ്ങളെ ഈ പവർ ഗ്രിഡിൽ കൂട്ടിയിണക്കുമ്പോൾ അതിലെ ആദ്യ പങ്കാളികൾ ഇന്ത്യയും ബ്രിട്ടനും ആണെന്നതാണ് ചരിത്ര പ്രാധാന്യം നേടുന്നത്. സൂര്യപ്രകാശം അടിസ്ഥാനമാക്കി ലോകത്തെ മുഴുവൻ പ്രകാശപൂരിതം ആക്കാൻ ഉള്ള പദ്ധതിയിൽ 365 ദിവസവും നല്ല വെയിൽ ലഭിക്കുന്ന ഇന്ത്യയുടെ പൂർണ സഹകരണം ലോകത്തിനാവശ്യമാണ്. യൂറോപ് അടക്കമുള്ള മെഡിറ്ററേനിയൻ രാജ്യങ്ങളിൽ പലതിനും ഈ സൗഭാഗ്യം ഇല്ലാത്തതിനാൽ ആണ് ട്രോപ്പിക്കൽ രാജ്യങ്ങളായ ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളുടെ സഹകരണം അനിവാര്യമാകുന്നത് .

ആറു വര്ഷം മുൻപ് മോദി ഏറ്റെടുത്ത ഒരു കരാറിൽ നിന്നുമാണ് ലോകം പ്രകാശപൂരിതമാകുന്ന നാളെയിലേക്കു പ്രതീക്ഷയോടെ നോക്കുന്നത് . അന്ന് ഫ്രാന്‌സുമായി ചേർന്ന് ഇന്ത്യ രൂപം നൽകിയ ഇന്റർനാഷ്ണൽ സോളാർ അലയൻസ്- കടഅ എന്ന 99 രാജ്യങ്ങളുടെ സഖ്യതുള്ളലിൽ നിന്നും 80 രാജ്യങ്ങളാണ് ഇപ്പോൾ ഇന്ത്യയുടേയും ബ്രിട്ടന്റെയും മേൽനോട്ടത്തിൽ സോളാർ പ്രകാശം ലോകമെങ്ങും എത്തിക്കാൻ കാരണക്കാരായി മാറുന്നതും. കാലാവസ്ഥ ഉച്ചകോടിയുടെ അവസാന നാളിൽ ബോറീസും മോദിയും സമ്മേളന ഇടവേളയിൽ നിന്നുമാണ് കരാറിൽ ഒപ്പിടാൻ സമയം കണ്ടെത്തിയത്. ഗ്രീൻ ഗ്രിഡ് എന്ന് പേരിട്ട സോളാർ പ്രകാശത്തിൽ നിന്നുള്ള ഊർജ വിതരണം ഇനി ലോകമെങ്ങും എത്തിക്കാനുള്ള നേതൃത്വ പദവിയും ഇന്ത്യയും ബ്രിട്ടനും ഏറ്റെടുക്കും. ഊർജ്ജം സംഭരിച്ചു വയ്ക്കുക എന്ന വലിയ വെല്ലുവിളിയാണ് ഈ പദ്ധതിയിലൂടെ ലോകം മറികടക്കാൻ പോകുന്നതെന്നും മോദി വക്തമാക്കി .

ഈ പദ്ധതി വഴി കാർബൺ വികിരണം കഴിവതും കുറയ്ക്കാനും ചെലവ് കുറഞ്ഞ ഇന്ധനം സാധ്യമാക്കാം എന്നതുമാണ് പ്രദാന ആകർഷണം . രാജ്യങ്ങൾ തമ്മിൽ പരസ്പരം ബന്ധപ്പെട്ടുനിൽക്കാനും സഹകരണം സാധ്യമാക്കാനും പദ്ധതി കാരണമാകും. വേണ്ടി വന്നാൽ ഭാവിയിൽ ഒരു യുദ്ധം എന്ന സങ്കൽപം പോലും ലോകം മറന്നേക്കാം. കാരണം പദ്ധതിയിൽ സമ്പൂർണ സഹകരണം സാധ്യമായിക്കഴിഞ്ഞാൽ വെല്ലുവിളികളും കേമത്തം കാട്ടലും ഒരു രാജ്യത്തിനും സാധ്യമാകില്ല . പരസ്പരം സഹകരിച്ചേ വെളിച്ചം സാധ്യമാക്കാനാകൂ എന്നത് തന്നെ കാരണം. സാധിക്കുന്നതും ഈ പതിറ്റാണ്ടൽ തന്നെ പദ്ധതി പൂർത്തിയാകാൻ കഴിയും എന്ന പ്രതീക്ഷയും ബോറിസ് ജോൺസൺ പങ്കിടുമ്പോൾ ഇരു രാജ്യങ്ങളും എത്ര വേഗതയിലാണ് പദ്ധതിയുടെ പൂർത്തീകരണത്തിനായി പ്ലാൻ തയ്യാറാക്കിയിരിക്കുനത് എന്നതും വക്തമാകുകയാണ് .

മൂന്നു ഘട്ടമായി പൂർത്തിയാകുന്ന ഗ്രീൻ ഗ്രിഡിന്റെ പൊതു സ്വഭാവം അല്ലാതെ വിശദംശങ്ങൾ ഇന്ത്യയും ബ്രിട്ടനും ഇപ്പോൾ വെളിപ്പെടുത്തുന്നില്ല . എന്തായാലും നിലവിലെ ഊർജ വിതരണ സമ്പ്രദായത്തെ അപ്പാടെ പൊളിച്ചടുക്കാൻ ഗ്രീൻ ഗ്രിഡ് എത്തുമ്പോൾ ലോകത്തിന്റെ ഊർജ്ജം തേടിയുള്ള പരക്കം പാച്ചിലിനും അറുതിയായേക്കും. ഇന്ധന വിതരണ രംഗത്തെ നിലവിലെ കുത്തക സ്ഥാപനങ്ങൾ മറ്റു വഴി തേടി പോകേണ്ടി വരും എന്നതും ഈ പദ്ധതിയെ ലോകത്തിന്റെ പ്രതീക്ഷയാക്കി മാറ്റുകയാണ്.

ഇത്രയും വലിയ പദ്ധതിക്ക് കാരണക്കാരനായി മാറി എന്നത് മോദിക്ക് ലോക ജനതയ്ക്കിടയിൽ തന്നെ പുതിയൊരു പരിവേഷ്യത്തിനും കാരണമായേക്കാം. കഴിഞ ദിവസം അമേരിക്കൻ ഗവേഷണ സ്ഥാപനം പുറത്തുവിട്ട ലോക നേതാക്കളുടെ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ്ങിൽ 70 ശതമാനം സ്‌കോർ നേടി മോദി ഒന്നാമതായതിൽ വലിയ അതിശയം തോന്നിപ്പിക്കാൻ ഗ്രീൻ ഗ്രിഡ് പോലെയുള്ള ആശയം ഉള്ളപ്പോൾ മറ്റു കാരണം തേടി പോകേണ്ടതുമില്ല.