ബംഗളൂരു: കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. കേന്ദ്രത്തിലും തനിക്കുമെതിരായ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി മോദി രംഗത്തെത്തി. സംസ്ഥാനത്ത് കോൺഗ്രസിന് വിജയം നേടിക്കൊടുക്കാൻ രാഹുലിന് സാധിക്കില്ലെന്ന് മോദി പറഞ്ഞു. അത് തിരിച്ചറിഞ്ഞതു കൊണ്ടാണ് കോൺഗ്രസ് സോണിയ ഗാന്ധിയെ പ്രചരണത്തിനെത്തിക്കുന്നതെന്നു മോദി പരിഹസിച്ചു.

കോൺഗ്രസ് പരാജയപ്പെട്ടാൽ പഴിമുഴുവൻ ഇലക്ട്രോണിക് വോട്ടിങ് മെഷീനായിരിക്കുമെന്നും സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോൾ പോലും ഡൽഹിയിൽ പോയി രാഷ്ട്രീയം കളിച്ചയാളുകളാണ് കോൺഗ്രസിനൊപ്പമുള്ളതെന്നും മോദി കുറ്റപ്പെടുത്തി. അഴിമതിയുടെ കറപുരളാത്ത ഒരു മന്ത്രിയെങ്കിലും സിദ്ധരാമയ്യ മന്ത്രിസഭയിലുണ്ടോയെന്നു ചോദിച്ച പ്രധാനമന്ത്രി അടിസ്ഥാന തത്ത്വങ്ങൾ നഷ്ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസെന്നും കൂട്ടിച്ചേർത്തു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രാഹുൽ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എയർപ്ലെയ്ൻ മോദിലിടുന്ന മൊബൈൽ ഫോൺപോലെയാണ് മോദിയെന്ന് രാഹുൽ പരിഹസിച്ചു. രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായേയും ബി.എസ്.യദ്യൂരപ്പയേയും കടന്നാക്രമിക്കാനും രാഹുൽ മറന്നില്ല.

കൊലക്കേസിൽ ആരോപണവിധേയനായ അമിത് ഷായാണ് ദേശീയ പാർട്ടിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ നയിക്കുന്നത്. ബിജെപി സത്യസന്ധതയും ഔചിത്യവുമെല്ലാം പ്രസംഗിക്കുമ്പോഴും പാർട്ടിയെ നയിക്കുന്നതുകൊലകേസിൽ കുറ്റാരോപിതനായ അമിത് ഷാ ആണ്. ജസ്റ്റിസ് ലോയ കേസിൽ സുപ്രീംകോടതി പരാമർശിച്ച അമിത് ഷായുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു.

അമിത് ഷായുടെ പശ്ചാത്തലവും അദ്ദേഹം രാഷ്ട്രീയത്തിലൂടെ എന്താണ് ചെയ്തതെന്നും നോക്കൂ. കൊലപാതക കേസിൽ ആരോപണ വിധേയനാണെന്നതും മറക്കരുതെന്നും രാഹുൽ ആഞ്ഞടിച്ചു. കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദ്ദേശം ചെയ്തിരിക്കുന്നത് അഴിമതിക്ക് ജയിലിൽ കഴിഞ്ഞ ബി.എസ് യെദ്യൂരപ്പയെ ആണ്. തട്ടിപ്പുകാരായ എട്ടു റെഢ്ഡി സഹോദരന്മാർക്കാണ് ബിജെപി ടിക്കറ്റ് നൽകിയിരിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.