ചൂലെടുത്ത് രാജ്യമാകമാനം അടിച്ചുവാരി വൃത്തിയാക്കി ശുചിത്വവിപ്ലവം സൃഷ്ടിക്കുക മാത്രമല്ല തന്റെ ഭരണലക്ഷ്യമെന്ന് തെളിയിച്ചു കൊണ്ട് രാജ്യത്ത് ഇതു വരെ കാണാത്ത ഡിജിറ്റൽ വിപ്ലവത്തിനും പ്രധാനമന്ത്രി മോദി തിരിതെളിച്ചിരിക്കുകയാണ്. ഈ ലക്ഷ്യത്തിനായി 1,13,000 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് വിദ്യാഭ്യാസം, പൊതുസേവനം, ബ്യൂറോക്രസി തുടങ്ങിയ എല്ലാ കാര്യങ്ങളും ഓൺലൈനിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

നരേന്ദ്ര മോദി സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ഇനീഷ്യേറ്റീവിന്റെ കീഴിലാണ് ഇക്രാന്തി എന്ന പേരിലുള്ള ഡിജിറ്റൽ വിപ്ലവത്തിന് കളമൊരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ബ്രോഡ്ബാന്റ് പ്രൊജക്ടായിരിക്കുമിതെന്നും സൂചനയുണ്ട്. ധനികനും ദരിദ്രനുമെന്ന ഭേദമില്ലാതെ നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ സേവനങ്ങൾ അനായാസം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതോടനുബന്ധിച്ച് പെൻഷൻ, പാസ്‌പോർട്ട് പോലുള്ള പൊതുസേവനങ്ങൾ എന്നിവ ക്ലൗഡിലേക്ക് മാറ്റാനുള്ള പദ്ധതിയുണ്ട്.ഓൺലൈൻ സ്‌റ്റോറേജ് സ്‌പേസിനെയാണ് ക്ലൗഡ് എന്നു പറയുന്നത്. പൊതു വിതരണ സമ്പ്രദായത്തെ ആധാറുമായി കൂട്ടിയോജിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കർണാടകയിലും ആന്ധ്രയിലും ചത്തീസ് ഗഡിലും പൊതുവിതരണ സമ്പ്രദായം ഇപ്പോൾത്തന്നെ ഓൺലൈനായിരിക്കുകയാണ്.

ഇത്തരം കാര്യങ്ങൾ നടപ്പിലാക്കണമെങ്കിൽ ഡിജിറ്റൽ ആക്‌സസ് വികസിപ്പിച്ചേ മതിയാകൂ എന്നാണ് സർക്കാർ നിലപാട്. ഇപ്പോൾ 1,30,000 ഗ്രാമങ്ങളിൽ മാത്രമെ ഇൻർനെറ്റ് കവറേജുള്ളൂ. 2017 ഓടെ അത് 2,50,000 ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ 1,50,000 പോസ്റ്റ് ഓഫീസുകളെ മൾട്ടി യൂട്ടിലിറ്റി സെന്ററുകളാക്കി മാറ്റും. ഇതിലൂടെ ബാങ്കിങ് പോലുള്ള പലവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. 2,50,000 സ്‌കൂളുകൾക്ക് ബ്രോഡ്ബാന്റും സൗജന്യ വൈഫൈ സേവനവും ലഭ്യമാക്കും. സ്‌കൂൾ പാഠപുസ്തകങ്ങൾക്ക് ഇ വേർഷനും ലഭ്യമാക്കും.

ഡിജിറ്റലാകാത്തതിന്റെ ബുദ്ധിമുട്ടുകൾ മുമ്പത്തേതിനേക്കാൾ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തുന്നത്. പൊതുസേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഭീമമായ ചെലവ് കുറയ്ക്കാൻ ഈ രംഗത്തെ ഡിജിറ്റലൈസേഷനിലൂടെ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. ഹൈ സ്പീഡ് ബ്രോഡ് ബാന്റിന് സാമ്പത്തിക രംഗത്തിന് ഗുണപ്രദമായ സംഭാവനയേകുമെന്നാണ് പുതിയ പ്രവണത. ഇന്ത്യ പോലുള്ള വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ ബ്രോഡ്ബാൻഡിലുള്ള പത്ത് ശതമാനം വർധനവ് ജിഡിപിയിൽ 1.4 ശതമാനം പോയിന്റുകളെ ഉയർത്തുമെന്നാണ് 2009ലെ ലോകബാങ്ക് റിപ്പോർട്ട് പറയുന്നത്.

ഇതിന്റെ ഭാഗമായി രാജ്യമാകമാനം 100 സ്മാർട്ട് സിറ്റികൾ രൂപപ്പെടുത്താനും സർക്കാരിന് പദ്ധതിയുണ്ട്. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇത്തരം നഗരങ്ങളിൽ പബ്ലിക് വൈഫൈ സ്‌പോട്ടുകൾ ലഭ്യമായിരിക്കും. സർക്കാർ നടത്തുന്ന എല്ലാ ആശയവിനിമയങ്ങളും ഒരു യൂണിവേഴ്‌സൽ സെക്യൂർ ഇമെയിൽ ക്ലൈന്റിലേക്ക് മാറ്റപ്പെടുകയും ചെയ്യും. ബ്രോഡ് ബാന്റ് ഹൈവേ, ഇഗവേണൻസ്, ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ്, യൂണിവേഴ്‌സൽ ഫോൺ ആക്‌സസ്, ഇലക്ട്രോണിക് ഡെലിവറി സർവീസസ്, ജോബ്‌സ്, റൂറൽ ഇന്റർനെററ് എന്നീ ഏഴ് കാര്യങ്ങളിൽ അധിഷ്ഠിതമായിരിക്കും സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതി.

ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്ത് ഇത്തരം പ്രവർത്തനങ്ങൾ വിജയിപ്പിക്കുകയെന്നത് അത്രയെളുപ്പമല്ലെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ഉദാഹരണമായി ഇന്ത്യൻ റെയിൽവേ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പദ്ധതി പൂർണമായും വിജയിച്ചില്ലെന്നാണ് 2012ലെ ഒരു റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇത്തരം പരിഷ്‌കാരങ്ങൾക്ക് വേണ്ടിയുള്ള മുതൽമുടക്കും പലപ്പോഴും പ്രശ്‌നമാകാറുണ്ട്. സാസ്‌കാരികമായ മനോഭാവങ്ങളും ഇന്ത്യയിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന് തടസ്സമാകാറുണ്ട്. സ്മാർട്ട് ഫോണിലൂടെ ട്രാൻസാക്ഷനുകൾ നടത്തുന്നത് വിശ്വാസയോഗ്യമല്ലെന്നാണ് അഞ്ചിലൊരു ഇന്ത്യക്കാരനും ഇന്നും വിശ്വസിക്കുന്നത്.