- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിൽ അടിതെറ്റിയ മോദി പ്രഭാവം ഗുജറാത്തിലും മായുന്നുവോ? ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് മുന്നേറ്റം; കോർപ്പറേഷനുകളിൽ ബിജെപിയോട് ഇഞ്ചോടിഞ്ച് പൊരുതിയപ്പോൾ ജില്ലാ പഞ്ചായത്തുകളിൽ ഭരണം പിടിച്ചു; ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ കോൺഗ്രസ്
അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യമാകെ അലയടിച്ച മോദിതരംഗത്തിന് ഗുജറാത്തിലും അന്ത്യമാകുകയാണോ? മുനിസിപ്പൽ കോർപറേഷനുകളിൽ വിജയത്തിലേക്കു കുതിക്കുകയാണെങ്കിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും താലൂക്കുകളിലും പിന്നോട്ടു പോയിരിക്കുകയാണ് ബിജെപി. ബിഹാറിലെ തിരിച്ചടിക്കു പിന്നാലെ ഗുജറാത്തിലും തദ്ദേശ തെരഞ്ഞെടുപ്പിൽ
അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യമാകെ അലയടിച്ച മോദിതരംഗത്തിന് ഗുജറാത്തിലും അന്ത്യമാകുകയാണോ? മുനിസിപ്പൽ കോർപറേഷനുകളിൽ വിജയത്തിലേക്കു കുതിക്കുകയാണെങ്കിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും താലൂക്കുകളിലും പിന്നോട്ടു പോയിരിക്കുകയാണ് ബിജെപി.
ബിഹാറിലെ തിരിച്ചടിക്കു പിന്നാലെ ഗുജറാത്തിലും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ ബിജെപിക്കു സാധിച്ചില്ല എന്ന് ആദ്യ ഫലസൂചനകൾ തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരു ഘട്ടത്തിൽ കോർപ്പറേഷനുകളും നഷ്ടമാകുമോ എന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും ഭരണത്തിലേക്ക് അടുക്കുന്നു എന്ന വാർത്തകൾ പിന്നീട് ബിജെപിക്ക് ആശ്വാസമായി.
ബിജെപിക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചാണ് കോൺഗ്രസ് ഗുജറാത്തിൽ മുന്നേറ്റം നടത്തുന്നത്. നിലവിൽ സംസ്ഥാനത്തെ ആറ് മുനിസിപ്പൽ കോർപ്പറേഷനിലും ഭരണം ബിജെപിക്കായിരുന്നു. എന്നാൽ, ഇവിടങ്ങളിലെല്ലാം കോൺഗ്രസ് ശക്തമായ മത്സരമാണ് ഇക്കുറി കാഴ്ചവച്ചത്.
രണ്ടെണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് ആദ്യഘട്ടത്തിൽ വ്യക്തമായ മുൻതൂക്കം നേടാനായത്. സൂറത്തിലും ഭാവ്‌നഗറിലും ഭരണം പിടിക്കാൻ ബിജെപിയും കോൺഗ്രസും ആദ്യഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു നടത്തിയത്. കഴിഞ്ഞ തവണ ആറ് മുനിസിപ്പൽ കോർപ്പറേഷനിലും മികച്ച മാർജിനിൽ തന്നെ ഭരണം പിടിക്കാൻ ബിജെപിക്കു കഴിഞ്ഞിരുന്നു. എന്നാൽ, ഇക്കുറി മത്സരം ശക്തമായി.
അഹമദാബാദ്, ജാംനഗർ മുനിസിപ്പൽ കോർപറേഷനുകളിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തി. സൂറത്ത്, ഭാവ്‌നഗർ, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളിൽ കോൺഗ്രസും ബിജെപിയും കടുത്ത മത്സരമാണ് കാഴ്ചവച്ചത്. ഭാവ്‌നഗർ മേയറും ബിജെപി നേതാവുമായ ബാബു സോളങ്കി തോൽക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ പിന്നിൽ നിന്നിരുന്നുവെങ്കിലും സൂറത്തിലും വഡോദരയിലും ജാംനഗറിലും ഭാവ് നഗറിലും ബിജെപി തിരിച്ചുവന്നു. എന്നാൽ, രാജ്‌കോട്ടിൽ നേരിയ ഭൂരിപക്ഷമാണ് ബിജെപിക്കുള്ളത്. അഹമ്മദാബാദ്, വഡോദര, രാജ്‌കോട്, ജാംനഗർ, ഭാവ്‌നഗർ കോർപ്പറേഷനുകൾ ഒടുവിൽ ബിജെപിയോടൊപ്പം നിന്നപ്പോൾ സൂറത്തിൽ അപ്രതീക്ഷിതമായി കോൺഗ്രസ് മുന്നിലെത്തുകയായിരുന്നു. ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ പട്ടേൽ സമുദായ സംവരണ പ്രക്ഷോഭം ആരംഭിച്ചതും സൂറത്തിൽ നിന്നാണ്. അതേ സമയം ഹാർദിക് പട്ടേലിന്റെ വീടുൾപ്പെടുന്ന പ്രദേശത്ത് ബിജെപി വിജയിച്ചു.
ജില്ലാപഞ്ചായത്തുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടി തന്നെയാണ് കോൺഗ്രസ് നൽകിയത്. രാജ്‌കോട്ട് ജില്ലാ പഞ്ചായത്തിന്റെ ഭരണം ബിജെപിയിൽ നിന്നും കോൺഗ്രസ് പിടിച്ചെടുത്തു. ആകെയുള്ള 31 ജില്ലാ പഞ്ചായത്തുകളിലെ 988 വാർഡുകളിൽ മേൽക്കെ കോൺഗ്രസിനാണ്. താലൂക്ക്-ബ്ലോക്ക് പഞ്ചായത്തുകളിലും മുന്നിൽ കോൺഗ്രസാണ്.
31 ജില്ലാ പഞ്ചായത്തിനു പുറമേ 230 താലൂക്ക് പഞ്ചായത്തും 56 മുനിസിപ്പാലിറ്റികളുമാണ് സംസ്ഥാനത്തുള്ളത്. കോർപ്പറേഷനുകളിൽ 45 ശതമാനം മാത്രമായിരുന്നു പോളിങ്. ജില്ലാ പഞ്ചായത്തുകളിൽ ഫലം വന്നുകൊണ്ടിരിക്കുമ്പോൾ കോൺഗ്രസ് 21ലും ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ ഒരു ജില്ലാ പഞ്ചായത്തിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞിരുന്നത്. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും മുൻതൂക്കം നിലനിർത്താൻ കഴിഞ്ഞെങ്കിലും ജില്ലാ പഞ്ചായത്തുകളിലും താലൂക്ക് പഞ്ചായത്തുകളിലും കോൺഗ്രസ് മുന്നേറി എന്നത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്.
ഗുജറാത്തിൽ 50 ശതമാനം വനിതാ സംവരണം നിലവിൽ വന്ന ആദ്യ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. കഴിഞ്ഞ മാസം 26നാണ് ഗുജറാത്തിലെ 572 മുനിസിപ്പൽ വാർഡിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. സംവരണ വിരുദ്ധ പ്രക്ഷോഭവുമായി പട്ടേൽ സമുദായം ബിജെപിയ്‌ക്കെതിരെ രംഗത്തുള്ളതിനാൽ തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാർജ്ജിച്ചിരുന്നു. ഗുജറാത്തിന്റെ രാഷ്ട്രീയ ഭാവിയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന തെരഞ്ഞെടുപ്പാണിതെന്നാണ് വിലയിരുത്തൽ. ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംവരണ വിരുദ്ധ പ്രക്ഷോഭം പട്ടേൽ വിഭാഗത്തെ ബിജെപിയിൽ നിന്നും അകറ്റിയിരുന്നു.
മുനിസിപ്പൽ വാർഡുകളിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ അത് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കനത്ത തിരിച്ചടിയാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
രണ്ടുവർഷത്തിനകം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രതിഫലനമാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തൽ. മോദിക്കുശേഷമുള്ള മുഖ്യമന്ത്രി എന്ന നിലയിൽ ആനന്ദിബെൻ പട്ടേലിന്റെ ഭരണത്തിന്റെ വിലയിരുത്തൽകൂടിയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം.
ശക്തമായ പ്രചാരണമാണ് ബിജെപിക്കെതിരെ പട്ടേൽ സമുദായം നടത്തിയിരുന്നത്. പട്ടേൽ വിഭാഗത്തിന്റെ ശക്തി കേന്ദ്രങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച് വിവിധയിടങ്ങളിൽ പോസ്റ്ററുകൾവരെ പതിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലടക്കമുള്ള ബിജെപി സംസ്ഥാന നേതാക്കൾക്ക് കടുത്ത പ്രതിഷേധവും നേരിടേണ്ടി വന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജില്ലയായ മെഹ്‌സനയിലും പട്ടേൽ പ്രക്ഷോഭം ബിജെപിയെ വലച്ചിരുന്നു. മോദിയുടെ ജന്മദേശമായ വാഡ്‌നഗറിന് 35 കിലോമീറ്റർ അകലെയുള്ള ബിജെപി ശക്തികേന്ദ്രമായ ഉഞ്ച നഗരപാലികയിൽ ബിജെപിക്ക് ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താനായിട്ടില്ല. കഴിഞ്ഞ തവണ 36ൽ 26 സീറ്റിലും ബിജെപി താമര ചിഹ്നത്തിൽ മത്സരിച്ച പ്രദേശമാണിത്.